നിവിൻ പോളിയുടെ കരിയർ ബെസ്റ്റ് സിനിമകളിൽ ഒന്നായി കണക്കാക്കാവുന്ന സിനിമകളിൽ ഒന്നായിരുന്നു 2014ൽ പുറത്തിറങ്ങിയ 1983 എന്ന സിനിമ. മറ്റെന്തിനേക്കാളും ക്രിക്കറ്റിനെ സ്നേഹിക്കുന്ന യുവത്വത്തിൻറെ പ്രതീകമായ രമേശൻ എന്ന യുവാവായിട്ടാണ് നിവിൻ പോളി ചിത്രത്തിൽ അഭിനയിച്ചത്. എബ്രിഡ് ഷൈൻ ആയിരുന്നു സിനിമ സംവിധാനം ചെയ്തത്. യുവാവായും അച്ഛനായുമെല്ലാം നിവിൻ പോളി തിളങ്ങി നിന്ന സിനിമയിൽ നിക്കി ​ഗൽറാണി, ശ്രിദ്ധ എന്നിവരായിരുന്നു മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

നിവിനൊപ്പം അദ്ദേഹത്തിന്റെ മകൻ കണ്ണനായി സിനിമയിൽ അഭിനയിച്ചത് സംവിധായകൻ എബ്രിഡ് ഷൈനിന്റെ മകൻ ഭ​ഗത് എബ്രിഡ് ഷൈൻ തന്നെയായിരുന്നു. നിഷ്കളങ്കമായ ചിരിയുമായി ക്രിക്കറ്റ് ബാറ്റുമേന്തി ​ഗ്രൗണ്ടിലേക്ക് നടന്ന് വരുന്ന കണ്ണൻ 1983 കണ്ടവരുടെയെല്ലാം മനസിലേക്കാണ് കയറി കൂടിയത്. ഭ​ഗതിന്റെ ആദ്യ സിനിമ കൂടിയായിരുന്നു 1983. അതിന് ശേഷം മാവ്യൂവെന്ന ലാൽ ജോസ് സിനിമയിലാണ് ഭ​ഗത് അഭിനയിച്ചത്. സൗബിന്റെ മകന്റെ വേഷമായിരുന്നു ചിത്രത്തിൽ ഭ​ഗതിന്.

അഭിമുഖത്തിൽ സിനിമയിലേക്ക് എത്തിയതിനെ കുറിച്ചും ഷൂട്ടിങ് അനുഭവങ്ങളും പങ്കുവെച്ചിരിക്കുകയാണ് ഭ​ഗത് എബ്രിഡ് ഷൈൻ‌. ‘അച്ഛൻ 1983 ചെയ്യുന്ന സമയത്ത് കുട്ടികളെ അന്വേഷിച്ചിരുന്നു പക്ഷെ ഒന്നും ശരിയായില്ല. അങ്ങനെയാണ് എനിക്ക് അതിലേക്ക് അവസരം ലഭിക്കുന്നത്. അന്ന് നിവിൻ പോളിക്കൊപ്പമാണ് അഭിനയിക്കുന്നത്, വലിയ സിനിമയാണ് എന്നൊന്നുമുള്ള ബോധമുണ്ടായിരുന്നില്ല. എല്ലാവരും പറഞ്ഞ് തരും ഞാൻ ചെയ്യും. അന്നും അടങ്ങിയിരിക്കില്ലായിരുന്നു. ഷൂട്ടിങിനിടെ അടങ്ങിയിരിക്കണമെന്ന് എല്ലാവരും പറഞ്ഞിട്ട് പോകും. പക്ഷെ ഞാൻ എവിടെയെങ്കിലും പോയി കളിച്ച് ദേഹത്ത് പരിക്കൊക്കെയായി വരും.’

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

‘അന്ന് ജൂനിയർ ആർട്ടിസ്റ്റുകൾക്ക് ദിവസക്കൂലി കൊടുക്കുമല്ലോ… അവർ അത് വാങ്ങാൻ വരി നിൽക്കുമ്പോൾ ഞാനും പോയി നിന്ന് വാങ്ങും. അന്ന് വലിയ ബോധമില്ലല്ലോ… അപ്പോൾ‌ അച്ഛൻ വന്ന് കൂട്ടികൊണ്ട് പോകും. 1983ക്ക് പ്രതിഫലം ഒന്നും കിട്ടിയിരുന്നില്ല. ആ സിനിമയ്ക്ക് ശേഷമാണ് ക്രിക്കറ്റിനോട് ഇഷ്ടം കൂടിയാത്. സംവിധാനമൊന്നും എനിക്ക് പറ്റില്ല. ഛായാ​ഗ്രഹണം ആണ് ഇഷ്ടം. അതിന് വേണ്ടിയുള്ള കോഴ്സ് പൂനൈയിൽ പഠിക്കുകയാണ് ഇപ്പോൾ. മ്യാവുവിലെ കഥാപാത്രം ചെയ്യാൻ പറ്റുമോയെന്ന് ലാൽ ജോസ് സാർ ഇങ്ങോട്ട് വിളിച്ച് ചോദിച്ചതാണ്. ചില സ്ക്രീൻ ടെസ്റ്റൊക്കെ ഉണ്ടായിരുന്നു. ദുബായിലാണ് ഷൂട്ടിങ് എന്ന് പറഞ്ഞപ്പോഴെ ഞാൻ ഡബിൾ ഓക്കെയായിരുന്നു. എന്റെ ആദ്യത്തെ വിദേശ യാത്രയായിരുന്നു. മാവ്യുവിൽ അഭിനയിച്ചതിന് എനിക്ക് പ്രതിഫലം കിട്ടി.’

‘ഞാൻ കളിയും തമാശയുമാണ് അതിനാൽ ഇമോഷണൽ സീൻസ് എടുക്കുന്നതിന് മുമ്പ് ഞാൻ റെ‍ഡിയാകാൻ വേണ്ടി സഹസംവിധായകരൊക്കെ വന്ന് ചീത്ത പറഞ്ഞിട്ട് പോകും. പിന്നീട് സീൻ എടുത്ത് കഴിയുമ്പോൾ അവർ വന്ന് സത്യാവസ്ഥ പറയും. പല്ല് ക്ലിപ്പിട്ട് താഴ്ത്തിയതിനാൽ പലരും തിരിച്ചറിയാറില്ല. ആ പല്ല് വെച്ചാണ് എല്ലാവരും കണ്ടുപിടിച്ചുകൊണ്ടിരുന്നത്. പിന്നെ കുറേ നേരം സൂക്ഷിച്ച് നോക്കി എവിടയോ കണ്ടിട്ടുണ്ടല്ലോ എന്നൊക്കെ പറയും’ ഭ​ഗത് എബ്രിഡ് ഷൈൻ പറയുന്നു. ആക്ഷൻ ഹീറോ ബിജു, പൂമരം തുടങ്ങി ഹിറ്റായ നിരവധി സിനിമകളുടെ സംവിധായകനാണ് എബ്രിഡ് ഷൈൻ. അദ്ദേഹത്തിന്റെ ഏറ്റവും പുതിയ ചിത്രം മഹാവീര്യർ ആണ്.

നിവിൻ പോളിയും ആസിഫ് അലിയും നായകന്മാരാവുന്ന മഹാവീര്യറിന്റെ ടീസർ കഴിഞ്ഞ ​ദിവസം പുറത്തിറങ്ങിയിരുന്നു. എം. മുകുന്ദന്റെ കഥയ്ക്ക് എബ്രിഡ് ഷൈ തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നതാണ് മഹാവീര്യർ. പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ് ഷംനാസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പദ്മരാജൻ രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി അമ്പു തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം നർമ്മ-വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു.