തിരുവനന്തപുരം: തെക്കുപടിഞ്ഞാറൻ മണ്‍സൂണിനെ തുടർന്നു സംസ്ഥാനത്ത് ബുധനാഴ്ച വരെ ശക്തമായ മഴ തുടരുമെന്ന് കാലവാസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാകാൻ സാധ്യതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും കാലവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കേരള-ലക്ഷദ്വീപ് തീരത്ത് 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്.
അതേസമയം ഇന്നും ശനിയാഴ്ചയും പെയ്ത മഴ സംസ്ഥനത്ത് കനത്ത നാശമാണ് വിതച്ചത്. പലയിടങ്ങളിലും ശക്തമായ മഴയിൽ മരം കടപുഴകി വീഴുകയും റോഡുകളും വീടുകളും തകരുകയും ചെയ്തു. കനത്ത മഴയെ തുടർന്ന് ഇടുക്കി വെള്ളത്തൂവൽ ശല്യാംപാറ ഭാഗത്ത് മണ്ണിടിഞ്ഞുവീണ് വാഹനഗതാഗതം തടസപ്പെട്ടു. കട്ടപ്പന കുട്ടിക്കാനം റോഡിൽ ആലടിക്ക് സമീപവും മണ്ണിടിച്ചിൽ ഉണ്ടായി.
മഴയെ തുടർന്നുണ്ടായ അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 11 ആയി. പത്തനംതിട്ട മല്ലപ്പള്ളിയിൽ മരംവീണ് പരിക്കേറ്റ കുട്ടി ഇന്ന് ഉച്ചയോടെ മരിച്ചു. അറന്മുള പാറപ്പാട്ട് അജീഷിന്റെ മകൻ അക്ഷയ്(8) ആണ് മരിച്ചത്. തിരുവനന്തപുരം കാട്ടായിക്കോണം ശാസ്തവട്ടത്ത് വൈദ്യുതി ലൈൻ തട്ടി ഇന്ന് രാവിലെ ഒരാൾ മരിച്ചിരുന്നു. ശാസ്തവട്ടം സ്വദേശി ശശിധരൻ (75) ആണ് മരിച്ചത്.
Leave a Reply