സംഗീതത്തെ ഏറെ ഇഷ്ടപ്പെടുന്ന യുകെയിലെ മലയാളികള്‍ക്കായി നാളെ പോര്‍ട്സ്മൗത്തില്‍ സംഗീത വിസ്മയം വിരിയുന്നു. യുകെയിലും കേരളത്തിലും ഉള്ള പ്രഗത്ഭ ഗായകരും സംഗീതജ്ഞരും അണിനിരക്കുന്ന സംഗീത മല്‍ഹാര്‍ എന്ന സംഗീത പരിപാടി നാളെ അഞ്ച് മണി മുതല്‍ ആണ് അരങ്ങേറുന്നത്. എട്ടാം വര്‍ഷത്തിലേക്ക് കടക്കുന്ന ഗ്രേസ് മെലഡിയോസ് മ്യൂസിക്കല്‍ ബാന്‍ഡിന്‍റെ വാര്‍ഷികാഘോഷത്തോട് അനുബന്ധിച്ചാണ് സംഗീത മല്‍ഹാര്‍ അണിയിച്ചൊരുക്കുന്നത്. സ്വര രാഗ ലയങ്ങള്‍ സമ്മേളിക്കുന്ന മൂന്നാമത് സംഗീത മല്‍ഹാറിനാണ് നാളെ പോര്‍ട്ട്‌ചെസ്റ്റര്‍ കമ്മ്യൂണിറ്റി സ്കൂളില്‍ തിരശ്ശീല ഉയരുന്നത്.

കേരളത്തില്‍ നിന്നും പ്രശസ്ത ഗായകരായ ജൂനിയര്‍ എ. ആര്‍. റഹ്മാന്‍ , കപ്പ ടിവിയിലൂടെ പ്രശസ്തനായ യതീന്ദ്ര ദാസ് തുടങ്ങിയവര്‍ എത്തിച്ചേരുമ്പോള്‍ യുകെയില്‍ നിന്നും അറിയപ്പെടുന്ന യുവ ഗായകരും ഗായികമാരും ഒപ്പം പങ്കു ചേരുന്നു. ലൈവ് ഓര്‍ക്കസ്ട്രയ്ക്കൊപ്പം മികച്ച ഗായകരെ അണി നിരത്തിക്കൊണ്ടുള്ള ഈ പ്രോഗ്രാം തികച്ചും സൗജന്യമായാണ് ഒരുക്കിയിട്ടുള്ളത്.

ഗ്രേസ് മെലഡിയോസിന്റെ ബാനറില്‍ യുകെയിലും വിദേശത്തും അറിയപ്പെടുന്ന പോര്‍ട്സ് മൗത്തിലെ  നോബിള്‍ മാത്യുവിനും കൂട്ടുകാര്‍ക്കുമൊപ്പം സാലിസ്ബറിയിലെ ഹെവന്‍ലി വോയ്സില്‍ നിന്നും രാജേഷ്‌ ടോംസും ടീമും മേഘ വോയ്സ് സൌത്താം പ്ടനിലെ മാല്‍ക്കോമും സംഘവും, കേരള ബീറ്റ്സ്, സിംഫണി ചിചെസ്റ്റര്‍, സ്ട്രിംഗ് ഓര്‍ക്കസ്ട്ര ലൂട്ടന്‍ എന്നിവരും ചേരുമ്പോള്‍ യുകെ മലയാളികള്‍ ഇത് വരെ കേള്‍ക്കാത്ത സംഗീത വിരുന്ന് ആണ് നാളെ നടക്കുക. വൈകിട്ട് നാല് മണിക്ക് ആരംഭിച്ച് രാത്രി പത്ത് മണിയോടെ അവസാനിക്കുന്ന ഈ പ്രോഗ്രാമില്‍ സംഗീതത്തിന് പുറമേ മറ്റ് മനോഹര പരിപാടികളും അരങ്ങേറും. പ്രോഗ്രാം കാണാന്‍ വരുന്നവര്‍ക്ക് രുചികരമായ നാടന്‍ ഭക്ഷണം ലഭിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഇവിടെ ഏര്‍പ്പെടുത്തിയിട്ടുണ്ട്. മലയാളം യുകെ മീഡിയ പാര്‍ട്ണര്‍ ആയിട്ടുള്ള സംഗീത മല്‍ഹാര്‍ പ്രോഗ്രാമിലേക്ക് എല്ലാ യുകെ മലയാളികളെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതായി സംഘാടകര്‍ അറിയിക്കുന്നു.