ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണി മേഖലയിലെ ഫ്‌ളറിഷ് സ്റ്റേ ബി ആൻഡ് ബി ഹോട്ടലിലുണ്ടായ വൻ തീപിടിത്തം സുരക്ഷാ മാനദണ്ഡങ്ങളിലെ ഗുരുതര വീഴ്ചകൾ പുറത്തുകൊണ്ടുവന്നു. പാർപ്പിടങ്ങൾ കൂടുതലുള്ള പ്രദേശത്ത് പ്രവർത്തിച്ചിരുന്ന അഞ്ചുനില കെട്ടിടത്തിന്റെ നിലവറയുൾപ്പെടെ വിവിധ ഭാഗങ്ങളിൽ ആളുകളെ താമസിപ്പിച്ചിരുന്നതായി കണ്ടെത്തി. തീയും പുകയും ഉയർന്നതോടെ നാട്ടുകാരാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഇടുങ്ങിയ വഴികൾ കാരണം അഗ്‌നിരക്ഷാസേനയ്ക്കും മറ്റ് അടിയന്തിര സേവന വിഭാഗങ്ങൾക്കും സ്ഥലത്തെത്താൻ ബുദ്ധിമുട്ട് നേരിട്ടു.

പ്രദേശത്തെ പ്രധാന ആശുപത്രികളായ മാക്‌സ്, എയിംസ്, സഫ്ദർജങ് എന്നിവിടങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ ബന്ധുക്കളും വിദേശികളുമാണ് ഇവിടെ കൂടുതലായി താമസിച്ചിരുന്നത്. കുറഞ്ഞ നിരക്കിൽ മുറികൾ ലഭിച്ചതിനാൽ ഹോട്ടലിന് ആവശ്യക്കാരേറെയായിരുന്നു. എന്നാൽ ആറു മുറികൾക്ക് മാത്രമാണ് ഔദ്യോഗിക അനുമതിയുണ്ടായിരുന്നതെങ്കിലും 25 മുറികൾ പ്രവർത്തിച്ചിരുന്നതായി പോലീസ് വ്യക്തമാക്കി. അഗ്‌നിരക്ഷാസേനയുടെ അനുമതിപത്രമോ ആവശ്യമായ സുരക്ഷാ സർട്ടിഫിക്കറ്റുകളോ കെട്ടിടത്തിന് ലഭിച്ചിരുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഡൽഹി സർക്കാരിന്റെ ബെഡ് ആൻഡ് ബ്രേക്ക്ഫാസ്റ്റ് പദ്ധതിയുടെ കീഴിലായിരുന്നു ഹോട്ടലിന്റെ പ്രവർത്തനം. താഴത്തെ നിലയിലെ ഭക്ഷണശാലയ്ക്കും ആവശ്യമായ അനുമതികൾ ഇല്ലായിരുന്നുവെന്നാണ് വിവരം. സംഭവത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ, കോൺഗ്രസ് നേതാക്കളായ മല്ലികാർജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും അനുശോചനം രേഖപ്പെടുത്തി. അനധികൃത പ്രവർത്തനങ്ങളും സുരക്ഷാ വീഴ്ചകളും സംബന്ധിച്ച് കൂടുതൽ അന്വേഷണം തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.