ന്യൂസ് ഡെസ്ക്

ബോംബ് സ്ഫോടനത്തിൽ 10 ഡൗണിംഗ് സ്ട്രീറ്റിന്റെ ഗേറ്റുകൾ തകർത്ത് അകത്ത് കടന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയെ വെടിവച്ചിടാൻ പദ്ധതി തയ്യാറാക്കിയ ഐസിസ് ഭീകരന് 30 വർഷം തടവ് ശിക്ഷ. പോലീസിന്റെ പിടിയിലായ 21 കാരനെയാണ് കോടതി ജയിലിലടച്ചത്. സ്ഫോടനത്തിലൂടെ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയുടെ സെക്യൂരിറ്റി ഗാർഡുകളെ അപായപ്പെടുത്തി അകത്ത് കടക്കാനാണ് നയ് മൂർ സക്കരിയാ റഹ് മാൻ പ്ലാൻ ഒരുക്കിയത്. ഭീകര സംഘടനയായ ഐസിലുമായി ബന്ധമുള്ള നയ്മൂർ എക്സ്പ്ലോസീവ് നിറച്ചതെന്നു കരുതിയ ഒരു ജാക്കറ്റും റക്ക്സാക്കും കൈവശപ്പെടുത്തുന്നതിനിടെ കഴിഞ്ഞ നവംബറിലാണ് പിടിയിലാകുന്നത്. മെട്രോപോലീറ്റൺ പോലീസും എഫ്ബിഐയും എം.ഐ5 ഉം സംയുക്തമായാണ് ഈ ബർമ്മിങ്ങാം സ്വദേശിയ്ക്കായി വല വിരിച്ചത്.

ഐസിലുമായാണ് താൻ ഇടപാടുകൾ നടത്തുന്നതെന്ന് കരുതിയ നയ്മൂർ യഥാർത്ഥത്തിൽ ബ്രിട്ടീഷ് ഇന്റലിജൻസ് സർവീസിന്റെ അണ്ടർ കവർ ഓഫീസർമാരെയാണ് ബന്ധപ്പെട്ടിരുന്നത്. തന്റെ ഒരു സുഹൃത്തിനെ ലിബിയയിലെ ഐസിൽ ഗ്രൂപ്പിൽ ഇയാൾ ചേർത്തിരുന്നു. അവസരം ലഭിച്ചിരുന്നുവെങ്കിൽ തീർച്ചയായും ആക്രമണം നടത്തുമായിരുന്നുവെന്ന് നയ്മൂർ ശിക്ഷാവിധിക്കു ശേഷം പുറത്തു വന്നപ്പോൾ പ്രൊബേഷൻ ഓഫീസറോട് വെളിപ്പെടുത്തി.

സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ചു നല്കാനായി നയ്മൂർ ആർഗോസിൽ നിന്ന് ഒരു റക്ക്സാക്ക് വാങ്ങി ഐസിൽ അനുഭാവിയെന്ന് കരുതി അണ്ടർ കവർ ഓഫീസർക്ക് നല്കി. ഡമ്മി സ്ഫോടകവസ്തുക്കൾ നിറച്ച ബാഗ് ഓഫീസർ നയ് മൂറിന് തിരികെ നല്കി. ഇതുമായാണ് നയ് മൂർ അറസ്റ്റിലായത്. വളരെ അപകടകാരിയായ വ്യക്തിയാണ് നയ്മൂർ എന്നും തീവ്രവാദം തലയ്ക്കു പിടിച്ച അവസ്ഥയിൽ നിന്ന് ഇയാൾ വിമുക്തമാകുമോ എന്ന് സംശമാണെന്നും വിധി പ്രഖ്യാപിച്ച ജഡ്ജ് ഹാഡിൻ കേവ് പറഞ്ഞു.