സീ ന്യൂസിലെ 28 ജീവനക്കാര്‍ക്ക് കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതേ തുടര്‍ന്ന് സീ ന്യൂസിന്റെ ന്യൂസ് റൂമും സ്റ്റുഡിയോയും അടച്ചുപൂട്ടി. എഡിറ്റര്‍ ഇന്‍ ചീഫ് സുധീര്‍ ചൗധരിയാണ് ഈ കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. അതേസമയം രോഗം സ്ഥിരീകരിച്ച ജീവനക്കാരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
‘ആഗോള മഹാമാരി സീ മീഡിയയെ വ്യക്തിപരമായി ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ വെള്ളിയാഴ്ച ഒരു സഹപ്രവര്‍ത്തകന് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ഉത്തരവാദപ്പെട്ട സ്ഥാപനം എന്ന നിലയില്‍ രോഗം സ്ഥിരീകരിച്ച വ്യക്തിയുമായി നേരിട്ടോ അല്ലാതെയോ ഇടപഴകിയ എല്ലാവരുടെയും സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. പരിശോധനാ ഫലം വന്നപ്പോഴാണ് 28 പേര്‍ക്ക് രോഗം ബാധിച്ചെന്ന് വ്യക്തമായത്. ഭൂരിഭാഗം പേര്‍ക്കും രോഗ ലക്ഷണങ്ങളില്ലായിരുന്നു. കാര്യമായ അസ്വസ്ഥതകളുമില്ല. രോഗനിര്‍ണയം പെട്ടെന്ന് നടത്തിയതുകൊണ്ടാണ് ഇത് സാധ്യമായത്’ എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം സര്‍ക്കാര്‍ നിര്‍ദേശങ്ങളും കൊവിഡ് പ്രോട്ടോക്കോളും പാലിച്ചാണ് സീ ന്യൂസ് പ്രവര്‍ത്തിക്കുന്നതെന്നും ഓഫീസും ന്യൂസ് റൂമും സ്റ്റുഡിയോകളും അണുവിമുക്തമാക്കാന്‍ അടച്ചിരിക്കുകയാണെന്നും തല്‍ക്കാലത്തേക്ക് സീ ന്യൂസ് സംഘം മറ്റൊരിടത്തേക്ക് മാറിയിരിക്കുകയാണെന്നും അദ്ദേഹം ട്വിറ്ററില്‍ വ്യക്തമാക്കി.
Leave a Reply