കൊച്ചി സ്വദേശി വിനോദ് സക്കറിയ നൊമ്പരമാകുന്നു. സാമൂഹിക പ്രവര്‍ത്തകന്‍ അഷറഫ് താമരശ്ശേരിയാണ് ഉള്ളുംപൊള്ളിക്കുന്ന മരണവാര്‍ത്ത പങ്കുവെച്ചത്.

വിനോദ് സക്കറിയയുടെ മൃതദേഹം എംബാമിംഗ് കഴിഞ്ഞ് പെട്ടിയിലെടുത്ത് വെക്കുമ്പോള്‍, അയാളുടെ ഒരു കൂട്ടുകാരന്‍ പറഞ്ഞത് ഓര്‍ത്ത് പോയി, ഒരു ജോലി അവന് വളരെ അത്യാവശ്യമായിരുന്നു. അത് അന്വേഷിക്കുവാന്‍ വേണ്ടിയാണ് അയാള്‍ ഈ രാജ്യത്ത് വന്നത്. മരിച്ച് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് വിനോദിന്റെ മൃതദേഹം മാറ്റുമ്പോള്‍, ജോലിക്കുളള ഓഫര്‍ ലെറ്റര്‍ വന്നു. ഇനി ഒരു അനുമതിക്കും കാത്ത് നില്‍ക്കാതെ വിനോദ് മടങ്ങി. ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്ത ലോകത്തേയ്‌ക്കെന്ന് അദ്ദേഹം വേദനയോടെ കുറിച്ചു.

കൊച്ചി സ്വദേശിയായ വിനോദ് ഒരു ജോലി സ്വപ്ന കണ്ടാണ് അറബ് നാട്ടിലെത്തിയത്. സന്ദര്‍ശക വിസയിലായിരുന്നു എത്തിയത്. വിസായുടെ കാലാവധി തീരാറായപ്പോള്‍ നാട്ടിലേക്ക് പോകുവാനുളള തയ്യാറെടുപ്പിലിരിക്കുമ്പോഴാണ് മരണം അതിഥിയായി വന്ന് വിനോദിനെ കൊണ്ട്‌പോയത്. ബാത്ത് റൂമിലേക്ക് കുളിക്കാന്‍ പോയ സമയം, തലചുറ്റി താഴെ വീണു, ആ വീഴ്ച മരണത്തിലേയ്ക്കായിരുന്നുവെന്ന് അഷ്‌റഫ് ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം;

ഇന്ന് രണ്ട് മയ്യത്തുകളാണ് നാട്ടിലേക്ക് അയച്ചത്. അതില്‍ ഒരു മയ്യത്ത് കൊച്ചി സ്വദേശിയായ വിനോദ് സക്കറിയുടെതായിരുന്നു.രണ്ട് മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് സന്ദര്‍ശക വിസയില്‍ വന്ന് ജോലി അന്വേഷിച്ച് വിസായുടെ കാലാവധി തീരാറായപ്പോള്‍ നാട്ടിലേക്ക് പോകുവാനുളള തയ്യാറെടുപ്പിലിരിക്കുമ്പോഴാണ് മരണം അതിഥിയായി വന്ന് വിനോദിനെ കൊണ്ട്‌പോയത്.ബാത്ത് റൂമിലേക്ക് കുളിക്കാന്‍ പോയതാണ്,തലചുറ്റി താഴെ വീണു,പിന്നെ എഴുന്നേറ്റിട്ടില്ല.മരണം അങ്ങനെയാണ്.എപ്പോള്‍ എവിടെ വെച്ച് ആര്‍ക്കും പ്രവചിക്കുവാന്‍ കഴിയില്ല.
24 തീയതി( അതായത് ഇന്നലെ)നാട്ടിലേക്ക് പോകുവാന്‍ Air India (IX 434) Ticket എടുത്തിരുന്നു. വിധി മറിച്ചായിരുന്നു.മനുഷ്യന്‍ ഒന്ന് ചിന്തിക്കുന്നു.ദൈവം മറ്റൊന്ന് ചിന്തിക്കുന്നു. ആരോടും ഒന്നും പറയാതെ ടിക്കറ്റ് ഒന്നും വേണ്ടാത്ത മറ്റൊരു ലോകത്തേക്ക് വിനോദ് സക്കറിയ യാത്രയായി.
ഈ അടുത്ത കാലത്തായി ഒട്ടനവധി പ്രവാസികളാണ് ഈ ഗള്‍ഫ് രാജ്യത്ത് മരിച്ച് വീഴുന്നത്.വിസയുളളവരും,അല്ലാത്ത വരുമായി ഒട്ടനവധി പേര്‍, ഈ അടുത്ത കാലത്തായി ഫോണ്‍ ശബ്ദിക്കുമ്പോള്‍ വല്ലാത്ത ഒരു ഭയം,മരണ വാര്‍ത്ത കേള്‍ക്കുമ്പോള്‍ നെഞ്ച് പിടഞ്ഞു പോകും ആ മരിച്ചവരില്‍ ഇന്നലെ തമാശ പറഞ്ഞ് ചിരിച്ച പരിചയക്കാര്‍ ഉണ്ടാകും,അല്ലെങ്കില്‍ ആരോരും സഹായിക്കുവാന്‍ ഇല്ലാത്ത അപരിചിതരുടെ മരണ വാര്‍ത്തയാകും കേള്‍ക്കുവാന്‍ കഴിയുക.
മരണത്തെ കുറിച്ച് നമ്മള്‍ എപ്പോഴും ചിന്തിക്കുക. ഇന്ന് നമ്മള്‍ അനുഭവിക്കുന്ന സാഹചര്യങ്ങള്‍ വെച്ച് നോക്കുമ്പോള്‍,കണ്ണെത്താദൂരത്ത് നമ്മളുടെ റൂഹിനെ പിടിക്കുവാനുളള അനുമതിക്കായി അവന്‍ കാത്ത് നില്‍പ്പുണ്ട്,ഇന്നലെങ്കില്‍ നാളെ അത് സംഭവിച്ചെ മതിയാകു.ആയതിനാല്‍ മനുഷ്യന്‍ വിദ്വേഷവും, വെറുപ്പും ഒക്കെ വെടിഞ്ഞ് സന്തോഷത്തോടെയും സ്‌നേഹത്തോടെയും കഴിയുക.അടുത്ത ഊഴം നമ്മുക്കുളളതാണെന്ന് കരുതിയാല്‍ തീരാവുന്നതെയുളളു,മനുഷ്യന്റെ മനസ്സിന്റെയുളളില്‍ കുമിഞ്ഞ് കിടക്കുന്ന വിദ്വേഷം.
ഞാന്‍ ഇങ്ങനെയൊക്കെ എഴുതുവാന്‍ കാരണം, ഈ കാലഘട്ടത്തില്‍ നമ്മുക്ക് അറിയാവുന്ന, അല്ലെങ്കില്‍ ഒട്ടനവധി പേരാണ് നമ്മെ വിട്ട് പടച്ചവന്റെ സന്നിതിലേക്ക് പോയത്.ഒരിക്കലും നമ്മള്‍ ചിന്തിച്ചിട്ട് പോലും ഉണ്ടാകില്ല,എത്രകാലം ഈ ലോകത്ത് ജീവിക്കേണ്ടവര്‍,അവരുടെയൊക്കെ സ്വപ്നങ്ങള്‍ ആഗ്രഹങ്ങള്‍ ഒന്നും പൂര്‍ത്തിയാക്കുവാന്‍ പോലും ആര്‍ക്കും കഴിഞ്ഞിട്ടില്ല.ഈ സത്യം മനസ്സിലാക്കി കൊണ്ട് നമ്മള്‍ ജീവിക്കുക.
വിനോദ് സക്കറിയയുടെ മൃതദേഹം എംബാമിംഗ് കഴിഞ്ഞ് പെട്ടിയിലെടുത്ത് വെക്കുമ്പോള്‍, അയാളുടെ ഒരു കൂട്ടുകാരന്‍ പറഞ്ഞത് ഓര്‍ത്ത് പോയി,ഒരു ജോലി അവന് വളരെ അത്യാവശ്യമായിരുന്നു.അത് അന്വേഷിക്കുവാന്‍ വേണ്ടിയാണ് അയാള്‍ ഈ രാജ്യത്ത് വന്നത്.മരിച്ച് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് വിനോദിന്റെ മൃതദേഹം മാറ്റുമ്പോള്‍,ജോലിക്കുളള ഓഫര്‍ ലെറ്റര്‍ വന്നു.ഇനി ഒരു അനുമതിക്കും കാത്ത് നില്‍ക്കാതെ വിനോദ് മടങ്ങി.ഒരിക്കലും തിരിച്ച് വരാന്‍ കഴിയാത്ത മറ്റൊരു ലോകത്തേക്ക്
വിനോദ് സക്കറിയുടെ ആത്മാവിന് നിത്യശാന്തി നേരുന്നു.
അഷ്‌റഫ് താമരശ്ശേരി