നൈജീരിയയിലെ സംഫാറ സംസ്ഥാനത്ത് ആയുധധാരികൾ സ്കൂൾ ഡോർമിറ്ററി ആക്രമിച്ച് 317 വിദ്യാർഥിനികളെ തട്ടിക്കൊണ്ടുപോയി. നൈജീരിയൻ സർക്കാർ സംഭവം സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിശദാംശങ്ങൾ പുറത്തുവിട്ടിട്ടില്ല.
തട്ടിക്കൊണ്ടുപോകലിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. പാശ്ചാത്യ വിദ്യാഭ്യാസത്തെ എതിർക്കുന്ന ബോക്കോ ഹറാം ഇസ്ലാമിക ഭീകര സംഘടനയാണ് സാധാരണ ഇത്തരം ആക്രമണങ്ങൾ നടത്താറുള്ളത്.
ജാംഗ്ബെ പട്ടണത്തിലെ ഗവൺമെന്റ് ഗേൾസ് സെക്കൻഡറി സ്കൂളിൽ വെള്ളിയാഴ്ച അർധരാത്രി ഒരു മണിക്കാണ് നൂറിലധികം ആയുധധാരികൾ എത്തിയതെന്ന് അധ്യാപകർ പറഞ്ഞു.
ചില അക്രമികൾ സ്കൂളിലെ സെക്യൂരിറ്റി ഗാർഡുകളുടെ വേഷമാണു ധരിച്ചിരുന്നത്.
അക്രമികൾ എത്തിയത് പിക്അപ് വാഹനങ്ങളിലാണെന്നും അതല്ല, കാൽനട ആയിട്ടാണെന്നും വ്യത്യസ്ത റിപ്പോർട്ടുകളുണ്ട്.
ഇന്നലെ രാവിലെ സംഭവമറിഞ്ഞ് സ്കൂളിലെത്തിയ രക്ഷിതാക്കൾ സമീപത്തെ വനങ്ങളിൽ തെരച്ചിൽ തുടങ്ങി.
മോചനദ്രവ്യത്തിനായി വിദ്യാർഥികളെ തട്ടിക്കൊണ്ടുപോകുന്നതു നൈജീരിയയിൽ പതിവു സംഭവമാണ്. 2017ൽ ബോക്കോ ഹറാം തീവ്രവാദികൾ ചിബോക്കിലെ സ്കൂളിൽനിന്ന് 276 പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയത് വലിയ വാർത്താപ്രാധാന്യം നേടിയ സംഭവമായിരുന്നു.
കഴിഞ്ഞ ഡിസംബറിൽ കങ്കാറയിൽനിന്നു മുന്നൂറിലധികം ആൺകുട്ടികളെ ആയുധധാരികൾ തട്ടിക്കൊണ്ടുപോയെങ്കിലും ചർച്ചകൾക്കൊടുവിൽ വിട്ടയച്ചു.
കഴിഞ്ഞയാഴ്ച നൈജർ സംസ്ഥാനത്തെ ബോർഡിംഗ് സ്കൂളിൽനിന്നു തട്ടിക്കൊണ്ടുപോകപ്പെട്ട 27 വിദ്യാർഥികൾ അടക്കം 42 പേരുടെ മോചനം സാധ്യമായിട്ടില്ല.
Leave a Reply