ജൂവലറി ജീവനക്കാരൻ രണ്ടുകോടിയോളം രൂപയുമായി മുങ്ങിയതായി പരാതി. കണ്ണൂർ ഫോർട്ട്‌ റോഡിലെ സി.കെ.ഗോൾഡ് മാർക്കറ്റിങ് വിഭാഗം ജീവനക്കാരനായിരുന്ന അത്താഴക്കുന്ന് കോരമ്പേത്ത് ഹൗസിൽ കെ.പി.നൗഷാദ്(47) ആണ് സ്ഥാപനത്തെയും ഇടപാടുകാരെയും കബളിപ്പിച്ച് ഒരാഴ്ചമുമ്പ് മുങ്ങിയത്. സി.കെ.ഗോൾഡ് എം.ഡി. സി.കെ.റജീഫും കബളിപ്പിക്കലിനിരയായ ഇടപാടുകാരും പോലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ നൗഷാദിനെതിരേ കണ്ണൂർ ടൗൺ പോലീസ് കേസെടുത്തു. മുസ്‌ലിം ലീഗ്‌ പുഴാതി മേഖലാ പ്രസിഡന്റായിരുന്നു നൗഷാദ്. ഭർത്താവിനെ കാണാനില്ലെന്ന് നൗഷാദിന്റെ ഭാര്യ സമീറയും പോലീസിനോട് പറഞ്ഞു.

സ്ഥാപനത്തെ കബളിപ്പിച്ച് 30 ലക്ഷത്തോളം രൂപ നൗഷാദ് തട്ടിയെടുത്തെന്ന് സി.കെ.ഗോൾഡ് എം.ഡി. സി.കെ.റജീഫ് കണ്ണൂർ സിറ്റി എ.സി.പി. പി.പി.സദാനന്ദന് നൽകിയ പരാതിയിൽ ആരോപിക്കുന്നു. നൗഷാദിന്റെ മകളുടെ വിവാഹത്തിന് സ്വർണം വാങ്ങിയ വകയിലും സ്ഥാപനത്തിൽനിന്ന് ഇയാൾ മുഖേന വായ്പയായി സ്വർണം വാങ്ങിയവർ നല്കിയ പണം അടയ്ക്കാത്ത ഇനത്തിലുമാണിത്. ആവശ്യപ്പെടുന്ന സമയത്ത് പണിക്കൂലി ഈടാക്കാതെ അതേ തൂക്കത്തിൽ ആഭരണം തിരിച്ചുനൽകാമെന്ന വ്യവസ്ഥയിൽ സ്വർണവും നിക്ഷേപമെന്ന നിലയിൽ പണവും നൽകിയ അൻപതോളം പേരാണ്‌ തട്ടിപ്പിനിരയായത്‌.

ജൂവലറിയുടെ മാർക്കറ്റിങ് ജനറൽ മാനേജരെന്ന് പരിചയപ്പെടുത്തിയാണ് ഇയാൾ നിക്ഷേപകരെ വലയിലാക്കിയത്‌. കണ്ണൂർ സിറ്റി, അത്താഴക്കുന്ന്‌, കുന്നുംകൈ, പാപ്പിനിശ്ശേരി, വാരം, കാട്ടാമ്പള്ളി, കുന്നാവ്‌, കുഞ്ഞിപ്പള്ളി, ശാദുലിപ്പള്ളി തുടങ്ങിയ പ്രദേശത്തുകാരാണ്‌ തട്ടിപ്പിനിരയായത്‌. ഒരുലക്ഷം മുതൽ 20 ലക്ഷം രൂപവരെ നിക്ഷേപിച്ചവരുണ്ട്‌. ഒരുലക്ഷത്തിന്‌ പ്രതിമാസം 3000 മുതൽ 6000 രൂപവരെ വാഗ്ദാനം ചെയ്തു. കൂടുതൽ തുക നിക്ഷേപിക്കുന്നവർക്ക്‌ കൂടുതൽ പലിശയും. മുദ്രപ്പത്രത്തിൽ കരാറാക്കിയാണ്‌ നിക്ഷേപം സ്വീകരിച്ചത്‌. സ്വന്തം ചെക്കും ഭാര്യയുടെ ചെക്കും ഇയാൾ ഈടായി നൽകി.

പഴയ സ്വർണം നൽകുന്നവർക്ക്‌ 11 മാസത്തിനുശേഷം പണിക്കൂലിയില്ലാതെ തുല്യ അളവിൽ ആഭരണം നൽകുന്ന പദ്ധതിയും സി.കെ. ഗോൾഡിലുണ്ടായിരുന്നു. ഇങ്ങനെയും പലരിൽനിന്നും സ്വർണം സ്വീകരിച്ചിട്ടുണ്ട്‌. ഈ പേരിൽ ഇയാൾ കൈപ്പറ്റിയ സ്വർണം ജൂവലറിയിൽ എത്തിയിരുന്നില്ലെന്ന്‌ ഉടമകൾ ആരോപിക്കുന്നു. ചെറിയ തുക പ്രതിമാസം നിക്ഷേപിച്ച്‌ സ്വർണം വാങ്ങുന്നതിനുള്ള പദ്ധതിയും ജൂവലറി നടപ്പാക്കിയിരുന്നു. ഇങ്ങനെ പണം നിക്ഷേപിച്ചവരും വഞ്ചിതരായി. മൂന്നുവർഷത്തോളം ജൂവലറിയുടെ മാർക്കറ്റിങ് വിഭാഗത്തിൽ ജോലിചെയ്ത നൗഷാദിനെ എട്ടുമാസംമുമ്പ്‌ ഒഴിവാക്കിയതായി സി.കെ. ഗോൾഡ്‌ ഉടമകൾ പറഞ്ഞു.