ന്യൂസ് ഡെസ്ക് മലയാളം യുകെ

ലക്ഷങ്ങൾ മുടക്കി യുകെയിൽ എത്തിയ 32 മലയാളി ജീവനക്കാർക്ക് ജോലി നഷ്ടപ്പെട്ട ഞെട്ടിക്കുന്ന വാർത്തയാണ് ഇന്ന് മലയാളം യുകെ പുറത്തുവിടുന്നത് . മലയാളികളായ രണ്ട് ജീവനക്കാർ അനുവാദമില്ലാതെ സമയ ക്രമീകരണം നടത്തിയതിനെ തുടർന്ന് മാനേജരുടെ ഭാഗത്തുനിന്നും അച്ചടക്ക നടപടി നേരിട്ടതിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം. ജോലി സ്ഥലത്ത് സ്വൈപ് ചെയ്യേണ്ട കാർഡ് പരസ്പരം കൈമാറി ഉപയോഗിച്ചായിരുന്നു ഇവർ തങ്ങളുടെ ഇഷ്ടപ്രകാരം ജോലി സമയം ക്രമീകരിച്ചത്. അച്ചടക്ക നടപടി നേരിട്ടവർ ഇതേ തുടർന്ന് തങ്ങൾ വൻതുക വിസയ്ക്കായി നൽകി എന്ന വിവരം രഹസ്യമായി ഹോം ഓഫീസിനെ അറിയിച്ചതിനെ തുടർന്നാണ് പ്രശ്നങ്ങൾ ഗുരുതരമായത്. ഇവരുടെ പരാതി ലഭിച്ചതിനെ തുടർന്ന് ഹോം ഓഫീസിൽ നിന്ന് രഹസ്യമായി അന്വേഷണം നടത്തി പണം മേടിച്ചാണ് കെയർ വിസ നൽകിയതെന്ന് ബോധ്യപ്പെട്ടതിനെ തുടർന്ന് നടപടി സ്വീകരിക്കുകയായിരുന്നു.

വേഷം മാറിയെത്തിയ അന്വേഷണ ഉദ്യോഗസ്ഥർ ഹോം ജീവനക്കാരായ ചിലരോട് മുടക്കിയ പണം കുറച്ച് തിരിച്ചു കിട്ടി എന്നാണല്ലോ കേട്ടത് എന്ന് ചോദിച്ചപ്പോൾ ഞങ്ങൾക്ക് ഒന്നും തിരിച്ചു തന്നിട്ടില്ലെന്ന് ഒരു ജീവനക്കാരി മറുപടി പറഞ്ഞതായാണ് അറിയാൻ സാധിച്ചത്. തുടർന്ന് കൂടുതൽ വിവരങ്ങൾ അന്വേഷിച്ച് ബോധ്യപ്പെട്ട ഉദ്യോഗസ്ഥർ പിറ്റേദിവസം തന്നെ ഹോം ഓഫീസിൽ നിന്ന് എത്തി കെയർ ഹോമിൽ റെയിഡ് നടത്തുകയും ഒരു വർഷത്തേക്ക് സ്ഥാപനത്തിന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്യുകയുമാണ് ഉണ്ടായത്.

കെയർ ഹോമിന്റെ ലൈസൻസ് നഷ്ടമായതിനെ തുടർന്ന് തുടർന്ന് അടുത്ത 60 ദിവസത്തിനുള്ളിൽ പുതിയ ജോലി കണ്ടെത്തേണ്ട അവസ്ഥയാണ് ഇവിടെ ജോലി ചെയ്തിരുന്ന 32 മലയാളികൾക്ക് നേരിട്ടിരിക്കുന്നത്. ഈ കാലാവധിക്കുള്ളിൽ മറ്റൊരു സ്ഥലത്ത് ജോലി കണ്ടെത്താൻ സാധിച്ചില്ലെങ്കിൽ തിരികെ പോകേണ്ടി വരുമെന്ന അവസ്ഥയിലാണ് ഇവർ. പലരും 15 ലക്ഷം മുതൽ 20 ലക്ഷം വരെയാണ് കെയർ വിസയ്ക്കു വേണ്ടി മുടക്കിയാണ് യുകെയിൽ എത്തിയിരിക്കുന്നത്. മറ്റൊരു ജോലിയ്ക്കായി ശ്രമിച്ചുകൊണ്ടിരിക്കുന്ന ഇവരുടെ അഭ്യർത്ഥന മൂലം തത്ക്കാലം കെയർ ഹോമിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നില്ലെന്നാണ് മലയാളം യുകെ എഡിറ്റോറിയൽ ബോർഡ് തീരുമാനം. കെയർ ഹോം അധികൃതരും ഹോം ഓഫീസിൽ അപ്പീൽ സമർപ്പിക്കുന്നത് ഉൾപ്പെടെയുള്ള നടപടികളുമായി മുന്നോട്ട് പോവുകയാണ്