പുല്ലൂറ്റ് കോഴിക്കടയില്‍ നാലു പേരെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നു. മക്കളായ പ്ലസ് വണ്‍ വിദ്യാര്‍ഥിനി നയന, നാലാം ക്ലാസ് വിദ്യാര്‍ഥി നീരജ് ഭര്‍ത്താവ് വിനോദ് എന്നിവര്‍ മരിച്ച് 24 മണിക്കൂര്‍ പിന്നിട്ട ശേഷമാണ് ഭാര്യ രമ മരിച്ചതെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. നേരത്തെ, ഭര്‍ത്താവ് മൂവരെയും കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതായിരിക്കുമെന്നാണ് പൊലീസ് സംശയിച്ചിരുന്നത്. എന്നാല്‍, റിപ്പോര്‍ട്ടിലെ ഉള്ളടക്കം പൊലീസിനെയും ഞെട്ടിച്ചിരിക്കുകയാണ്.

രമയുടെ തലയില്‍ അടിയേറ്റ ഒരു പാടുണ്ട്. സംഭവ ദിവസം മര്‍ദ്ദനമേറ്റ് രമയുടെ ബോധം നഷ്ടപ്പെടുകയും ഇതിന് ശേഷം വിനോദ് മക്കളെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തിരിക്കാം. മണിക്കൂറുകള്‍ക്ക് ശേഷം രമയ്ക്ക് ബോധം തിരിച്ച് കിട്ടുകയും ഈ സമയം ഭര്‍ത്താവിന്റെയും മക്കളുടെയും മൃതദേഹം കാണുകയും ഇവരും ആത്മഹത്യ ചെയ്തിട്ടുണ്ടാകുമെന്നാണ് പൊലീസ് നിഗനമം. കേസില്‍, ഇവരുടെ മുറിയില്‍ നിന്നും കണ്ടെത്തിയ ആത്മഹത്യക്കുറിപ്പ് കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുകയാണ്.

ഞായറാഴ്ച വൈകീട്ടാണ് അഴുകിത്തുടങ്ങിയ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ജനല്‍ക്കമ്പിയില്‍ തൂങ്ങിനിന്നിരുന്ന മകള്‍ നയനയുടെ കാലുകള്‍ പ്ലാസ്റ്റിക് കയറുകൊണ്ട് കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. വ്യാഴാഴ്ച രാത്രി എല്ലാവരും ഭക്ഷണം കഴിച്ചതായി പൊലീസ് കരുതുന്നുണ്ട്. പാത്രങ്ങളെല്ലാം കഴുകി വെച്ച നിലയിലായിരുന്നു. ഇവര്‍ക്കു സാമ്പത്തിക ബാധ്യതയുണ്ടായതായി ബന്ധുക്കളും പറയുന്നില്ല. ഈയിടെ സ്വര്‍ണാഭരണം വാങ്ങിയതും ചിട്ടി ലഭിച്ച തുക ഡിപ്പോസിറ്റ് ചെയ്തതായും ബന്ധുക്കള്‍ പറയുന്നു. എന്താണു സംഭവിച്ചതെന്നു പോലും ചിന്തിക്കാനാകാതെ ബന്ധുക്കളും മരണ വീട്ടിലെത്തി പകച്ചു നില്‍ക്കുന്ന കാഴ്ചയാണു കണ്ടത്.