യുവ ഡോക്ടറടക്കം 47 പേർ കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ കുടുക്കാൻ സംസ്ഥാന വ്യാപകമായി പൊലീസ് ഇന്നലെ നടത്തിയ തിരച്ചിലിൽ അറസ്റ്റിലായി. കാമാക്ഷി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ തിരുവല്ല സ്വദേശിയായ ഡോക്ടർ വിജിത്ത് ജൂൺ (31) ആണ് അറസ്റ്റിലായത്. അതേസമയം, ഈ 47 പേരിൽനിന്നു പിടിച്ചെടുത്ത 143 ഇലക്ട്രോണിക് ഉപകരണങ്ങളിൽ ഏറെയും സൂക്ഷിച്ചിരുന്നത് 6 മുതൽ 15 വയസ്സുവരെയുള്ള കുട്ടികളുടെ ദൃശ്യങ്ങളാണ്.
കോട്ടയം മാനത്തൂർ സ്വദേശി ടിനു തോമസ് (23) ആണ് ഇടുക്കി ജില്ലയിൽ പിടിയിലായ മറ്റൊരാൾ. കുട്ടികളുടെ അശ്ലീലദൃശ്യങ്ങൾ പ്രചരിപ്പിക്കുന്നവരെ പൊലീസിന്റെ കൗണ്ടർ ചൈൽഡ് സെക്‌ഷ്വൽ എക്സ്പ്ലോയിറ്റേഷൻ യൂണിറ്റ് കുടുക്കിയത് അവരുടെ ഐപി വിലാസം പ്രത്യേക സംവിധാനം ഉപയോഗിച്ചു കണ്ടെത്തിയാണ്. സമൂഹമാധ്യമങ്ങളിലും ഇത്തരം ദൃശ്യങ്ങൾ പ്രചരിപ്പിച്ചവരെ നിരീക്ഷിച്ചു. ഓരോ ഗ്രൂപ്പിലും ഇരുനൂറിലധികം അംഗങ്ങളുണ്ടായിരുന്നു.
ഐപി വിലാസങ്ങളിലൂടെ കണ്ടെത്തി കേരളത്തിലെ 117 ഇടങ്ങളിൽ ഇന്നലെ രാവിലെ ഒരേ സമയത്തായിരുന്നു പി ഹണ്ട് എന്ന പേരിൽ റെയ്ഡ്. ചിലർക്ക് കുട്ടികളെ കടത്തുന്ന സംഘങ്ങളുമായി ബന്ധമുണ്ടെന്നും സംശയമുണ്ട്. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയോ സൂക്ഷിക്കുകയോ കാണുകയോ ചെയ്താൽ 5 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയുമാണ് ശിക്ഷ.
3 പേരെയാണ് കോട്ടയം ജില്ലയിൽ അറസ്റ്റ് ചെയ്തത്. 5 പേർക്കെതിരെ കേസെടുത്തു. പെരുന്ന സ്വദേശി നിതിൻ (21), മോനിപ്പള്ളി സ്വദേശി സജി (45), വൈക്കം സ്വദേശി അഖിൽ (21) എന്നിവരാണ് അറസ്റ്റിൽ. മുണ്ടക്കയം സ്വദേശി, കോട്ടയത്തു താമസിക്കുന്ന തൃശൂർ സ്വദേശി എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്.
കുട്ടികളുടെ അശ്ലീല ദൃശ്യങ്ങൾ സൂക്ഷിക്കുന്നതും കാണുന്നതും മാത്രമല്ല, തിരയുന്നതും കുറ്റകരം. ഇത്തരം വിഡിയോ കാണുന്നവരുടെ വിവരങ്ങൾ കേരള പൊലീസിന്റെ സൈബർ ഡോം കണ്ടെത്തി അതതു പൊലീസ് സ്റ്റേഷനിലേക്ക് അയയ്ക്കുന്നുണ്ട്. രാജ്യാന്തര, ദേശീയ അന്വേഷണ ഏജൻസികളും ഇവ കണ്ടെത്തി പൊലീസിനു കൈമാറുന്നുണ്ട്.
ഇന്നലെ പൊലീസ് നടത്തിയ പരിശോധനയിൽ കുടുങ്ങിയവരിൽ ഏറെയും കൗമാരക്കാരാണ്. കുട്ടികളുടെ അശ്ലീല ചിത്രമാണെന്ന് അറിയാതെ കണ്ടതാണെന്നു പിടിയിലായവർ പറയുന്നുണ്ടെങ്കിലും കേസിൽനിന്ന് ഒഴിവാക്കപ്പെടില്ല. സംസ്ഥാനത്തെ 2 ലക്ഷത്തിലേറെ വാട്സാപ് ഗ്രൂപ്പുകളും മുപ്പതിനായിരത്തിലേറെ ടെലിഗ്രാം ഗ്രൂപ്പുകളും പൊലീസ് നിരീക്ഷണത്തിലാണ്. ഫെയ്സ്ബുക്, വാട്സാപ്, ടിക് ടോക്, ടെലിഗ്രാം തുടങ്ങി 11 സമൂഹമാധ്യമങ്ങളും നിരീക്ഷിക്കുന്നുണ്ട്.
Leave a Reply