5ജി കാരണമാണ് കൊവിഡ് വൈറസുകള്‍ ഉണ്ടായതെന്ന് വാര്‍ത്ത പടര്‍ന്നതിനെ തുടര്‍ന്ന് ലണ്ടനില്‍ ടവറുകള്‍ തീയിട്ടു. ബെര്‍മിങ്ഹാം, മെല്ലിങ്, ലിവര്‍പൂള്‍, മെര്‍സിസൈഡ് എന്നിവിടങ്ങളിലെ ടവറുകളാണ് വ്യാജവാര്‍ത്തയെ തുടര്‍ന്ന് തീയിട്ടു നശിപ്പിച്ചത്.

ഫേസ്ബുക്കിലും യൂടൂബിലും പ്രചരിച്ച വ്യാജ വീഡിയോയെ തുടര്‍ന്നാണ് ടവറുകള്‍ക്ക് തീയിട്ടത്. എന്നാല്‍ ഈ പ്രചരാണം വ്യാജമാണെന്ന് യു.കെ മന്ത്രി മൈക്കിള്‍ ഗോവ് പറഞ്ഞു.

5ജി ടെലികമ്മ്യൂണിക്കേഷന്‍ ടവറുകളാണ് കൊവിഡ് പടരുന്നതിന് കാരണമാവുമെന്ന് പ്രചരിച്ചത്. ഇത് വളരെ അപകടം പിടിച്ച വിഢിത്തമാണെന്നാണ് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചത്.

ഇത്തരമൊരു വാര്‍ത്തയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്ന് യു.കെയിലെ ഡിപാര്‍ട്ട്‌മെന്റ് ഓഫ് ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ, സ്‌പോട്ട് ട്വിറ്ററിലൂടെ പ്രതികരിച്ചു.

രാജ്യത്തെ അടിയന്തിര സേവനങ്ങളെ താറുമാറാക്കുന്ന സ്ഥിതിയാണ് ഈ വ്യാജവാര്‍ത്ത മൂലം സൃഷ്ടിക്കപ്പെട്ടതെന്നും ഇതിന് യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലെന്നും ദേശീയ മെഡിക്കല്‍ ഡയറക്ടര്‍ സ്റ്റീഫന്‍ പോവിസ് പറഞ്ഞു.

‘ഇത് അത്യന്തം ഗൗരവമേറിയതാണ്. മൊബൈല്‍ ഫോണ്‍ സേവനം ഏറ്റവും കൂടുതല്‍ ആവശ്യമുള്ള ഒരു ഘട്ടമാണിത്. ആളുകള്‍ മുഴുവന്‍ അത്യാവശ്യമായി ഇത്തരം സേവനങ്ങള്‍ നടത്തുമ്പോള്‍ ഇത്തരം സാമൂഹിക പ്രവൃത്തി ചെയ്യുന്നത് അന്യായമാണ്,’പോവിസ് പറഞ്ഞു.