ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- വാൾസൽ ഹെൽത്ത് കെയർ ട്രസ്റ്റ് ആശുപത്രിയിലെ ഓർത്തോപീഡിക് സർജൻ മിയാൻ മുനാവർ ഷാ നടത്തിയ ഭൂരിഭാഗം സർജറികളിലും രോഗികൾക്ക് തോൾഭാഗം അനക്കുവാൻ പോലും സാധിക്കാത്ത അവസ്ഥയിലാണെന്ന് പുതിയ റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുകയാണ്. ഇതേ തുടർന്ന് ഇദ്ദേഹത്തിന്റെ ചികിത്സ സ്വീകരിച്ച 600 ഓളം പേരെ ആശുപത്രി അധികൃതർ തിരിച്ചുവിളിച്ചിരിക്കുകയാണ്. ഇതോടൊപ്പം തന്നെ ഇയാളെ ജോലിയിൽ നിന്നും പിരിച്ചുവിട്ടതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിശദീകരണം. ഇയാൾ സർജറി നടത്തിയ നിരവധി പേർക്ക് പിന്നീട് കൈ ഉപയോഗശൂന്യമായി തന്നെ മാറിയതായാണ് രോഗികൾ പരാതിപ്പെട്ടിരിക്കുന്നത്. നിരവധി വർഷങ്ങളായി ഇയാൾ സർജറികൾ നടത്തുന്നതിനാൽ നൂറുകണക്കിന് ആളുകൾക്ക് പ്രശ്നങ്ങൾ ഉണ്ടാകാമെന്നും അതിനാൽ തന്നെ ഇതിനായി ഒരു ഹെൽപ്പ് ലൈൻ ആശുപത്രിയിൽ തുടങ്ങിയിട്ടുണ്ടെന്നും അധികൃതർ വ്യക്തമാക്കി. 2010 മുതൽ 2018 വരെയുള്ള സമയങ്ങളിൽ ഇയാൾക്കെതിരെ ചികിത്സ പിഴവ് സംബന്ധിച്ച 21 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞവർഷം തന്നെ മേൽനോട്ടം ഇല്ലാതെ ഷോൾഡർ ജോയിന്റ് റീപ്ലേസ്മെന്റ് സർജറികൾ ചെയ്യാൻ പാടില്ലയെന്ന് ഷായ്ക്ക് മെഡിക്കൽ പ്രാക്ടീഷ്നേഴ്‌സ് ട്രിബ്യൂണൽ സർവീസ് ഓർഡർ നൽകിയിരുന്നു.

ഷായുടെ കീഴിൽ രണ്ട് ഓപ്പറേഷനുകൾക്ക് വിധേയയായ ഏഞ്ചല ഗ്ലോവർ എന്ന രോഗി അദ്ദേഹത്തിന്റെ നടപടിക്രമങ്ങളുടെ ഫലമായി സ്ഥിരമായ വേദനയിൽ ജീവിക്കുകയാണെന്ന് വ്യക്തമാക്കിയിട്ടുണ്ട്. തന്റെ കൈ ഉയർത്താനോ വലതു കൈയിൽ പിടിക്കാനോ സാധിക്കാത്ത അവസ്ഥയിലാണെന്ന് താനെന്ന് അവർ പറഞ്ഞു. എയ്ഞ്ചലാ ഗ്ലോവർ ഇയാളുടെ കീഴിൽ രണ്ട് ഓപ്പറേഷനുകൾക്കാണ് വിധേയയായത്. അതിലൊന്ന് പിന്നീട് അനാവശ്യമായി കണക്കാക്കപ്പെട്ടു. ഈ സമയത്ത് ഷാ അനുചിതമായി ഒരു സ്ക്രൂ ഇട്ടതായും അവർ പറഞ്ഞു. ഇതുപോലെ നിരവധി രോഗികൾക്കാണ് ഷായുടെ ചികിത്സയുടെ ഭാഗമായി ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വന്നത്. അതിനാൽ തന്നെ ആശുപത്രി അധികൃതർ അവരെയെല്ലാം തന്നെ തിരിച്ചു വിളിച്ചിരിക്കുകയാണ്.