കൊച്ചി: നടിയെ ആക്രമിച്ച സംഭവം ദിലീപ് നല്‍കിയ ക്വട്ടേഷനാണെന്ന് മൊഴി. കേസില്‍ ഏഴാം പ്രതിയായ ചാര്‍ളി നല്‍കിയ മൊഴിയിലാണ് ദിലീപിനെതിരെ വ്യക്തമായ പരാമര്‍ശമുള്ളത്. ദിലീപാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് പള്‍സര്‍ സുനി പറഞ്ഞുവെന്നാണ് മൊഴി. ആക്രമണം നടന്ന് മൂന്നാമത്തെ ദിവസമാണ് സുനി ഇക്കാര്യം പറഞ്ഞതെന്നും ചാര്‍ളി മൊഴി നല്‍കി.

കോയമ്പത്തൂരില്‍ ചാര്‍ളിയുടെ വീട്ടിലാണ് ആക്രമണത്തിനു ശേഷം പള്‍സര്‍ സുനി ഒളിവില്‍ കഴിഞ്ഞത്. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ സുനി തന്നെ കാണിച്ചതായും ചാര്‍ളി പറഞ്ഞു. കേസില്‍ ഏഴാം പ്രതിയായ ചാര്‍ളിയെ മാപ്പുസാക്ഷിയാക്കാനാണ് അന്വേഷണ സംഘം തീരുമാനിച്ചിരിക്കുന്നത്.

നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡിലായിരുന്ന ദിലീപ് കഴിഞ്ഞ ദിവസമാണ് ജാമ്യം ലഭിച്ച് ജയില്‍ മോചിതനായത്. 85 ദിവസം ജയിലില്‍ കഴിഞ്ഞ ശേഷമാണ് ദിലീപിന് ജാമ്യം ലഭിച്ചത്. കേസില്‍ പോലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.