ദുബായ്: ഭിക്ഷാടനം നിരോധിച്ച ദുബായിൽ റംസാൻ മാസം മുതലെടുത്ത് യാചക സംഘങ്ങൾ പെരുകുന്നുവെന്ന് റിപ്പോർട്ട്. ഇത്തരക്കാരെ സൂക്ഷിക്കണം എന്ന് പൊലീസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. നിരോധനം ലംഘിച്ച് ഭിക്ഷാടനം നടത്തുകയായിരുന്ന മുന്നൂറോളം പേരെ ഇതുവരെ അറസ്റ്റിലായതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം ഒരാൾ കാറിൽ കറങ്ങി പെട്രോൾ അടിക്കാൻ പണം യാചിക്കുന്നതിനിടെ പൊലീസ് പിടിയിലായിരുന്നു. സ്വന്തം രാജ്യത്തേക്ക് മടങ്ങാനെന്ന വ്യാജേന പണം പിരിച്ച ഇയാൾക്ക് മിക്ക സ്ഥലങ്ങളിൽ നിന്നും ധാരാളം പണം ലഭിച്ചതായി ദുബായ് പൊലീസ് ഡയറക്ടർ അലി സലീം പറഞ്ഞു.
സമാനമായ മറ്റൊരു കേസിൽ ആശുപത്രിക്ക് സമീപം ഭിക്ഷാടനത്തിലേർപ്പെട്ട കുടുംബത്തേയും പൊലീസ് അറസ്റ്റ് ചെയ്തു. അസുഖമുള്ള കുട്ടിക്ക് 800 ദിർഹം വേണം എന്നതായിരുന്നു ഇവരുടെ ആവശ്യം. മരുന്ന് വാങ്ങി നൽ കിയെങ്കിലും, മരുന്ന് ഫാർമസിയിൽ തിരിച്ച് നൽകി പണം വാങ്ങുകയായിരുന്നു ഇവരെന്ന് പൊലീസ് പറയുന്നു.
ഇത്തരക്കാർ കാരണം യഥാർത്ഥ്യത്തിൽ പണം ആവശ്യമുള്ളവർ ബുദ്ധിമുട്ടുകയാണ്. കഴിഞ്ഞ ദിവസം പേഴ്സ് കളഞ്ഞ് പോയ പാക്കിസ്ഥാനി സ്വദേശിയെ സഹായിച്ചതായി പൊലീസ് കേണൽ അറിയിച്ചു. സംഭവം സത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് പൊലീസ് ഇയാളെ സഹായിച്ചത്.
Leave a Reply