കോട്ടയം: വൈകിട്ട് ഏഴരക്കുള്ളില്‍ ഹോസ്റ്റലില്‍ കയറിയിരിക്കണമെന്ന നിബന്ധന സമരം ചെയ്ത് ഇല്ലാതാക്കി വിദ്യാര്‍ത്ഥിനികള്‍. കോട്ടയം മെഡിക്കല്‍ കോളേജ് ഹോസ്റ്റലിലാണ് സംഭവം. വനിതാ ഹോസ്റ്റലിലെ ഈ നിബന്ധനക്കെതിരെ രക്ഷിതാക്കള്‍ പലതവണ പരാതിപ്പെട്ടിരുന്നു. എന്നിട്ടും വൈകിയെത്തുന്ന കുട്ടികളെ അധികൃതര്‍ ശാസിച്ചുകൊണ്ടിരുന്നു.
ഇതിനെതിരെയാണ് വിദ്യാര്‍ത്ഥിനികള്‍ സമരമിരുന്നത്. കോട്ടയം മെഡിക്കല്‍ കോളേജിന് മുന്നിലാണ് വെള്ളിയാഴ്ച രാത്രി നാലു മണിക്കൂര്‍ സമരം നടന്നത്. ഇതോടെ ചര്‍ച്ച നടക്കുകയും സമയക്രമം പരിഷ്ക്കരിക്കാമെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പു നല്‍കുകയും ചെയ്തു. എന്നാല്‍ ഇക്കാര്യം താല്‍ക്കാലികമായി എഴുതി നല്‍കിയത് മതിയാവില്ല, പിടിഎ എക്സിക്യുട്ടീവ് വിളിച്ച് നിയമം മാറ്റിയെഴുതണമെന്നാണ് വിദ്യാര്‍ഥിനികളുടെ ആവശ്യം.
പഠനത്തിന്റെ ഭാഗമായി ലേബര്‍ റൂമിലും അത്യാഹിത വിഭാഗത്തിലും സേവനമനുഷ്ഠിച്ച ശേഷം ഹോസ്റ്റലില്‍ എത്തുമ്പോള്‍ മിക്കവാറും ഏഴര കഴിയാറുണ്ട്. അത്തരം സാഹചര്യത്തില്‍ അധികൃതര്‍ക്ക് സദാചാരപ്പോലീസിന്റെ സ്വഭാവമാണെന്ന് വിദ്യാര്‍ത്ഥിനികള്‍ പറയുന്നു.
Leave a Reply