നിലയ്ക്കല്‍: ശബരിമലയില്‍ ദര്‍ശനം നടത്തുന്നതിനായി വീണ്ടുമെത്തിയ കണ്ണൂര്‍ സ്വദേശിനികളായ രേഷ്മയെയും ഷാനിലെയെയും പോലീസ് തിരിച്ചയച്ചു. നിലയ്ക്കലെത്തിയ ഇരുവരെയും ചര്‍ച്ചയ്‌ക്കൊടുവില്‍ പോലീസ് തിരിച്ചയക്കുകയായിരുന്നു. യുവതികളെ മടക്കിയയച്ചതായി പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം യുവതികളെത്തിയാല്‍ തടയാനായി സന്നിധാനത്ത് സംഘ്പരിവാര്‍ പ്രവര്‍ത്തകര്‍ കൂട്ടമായെത്തിയതാണ് പോലീസ് ഇവരെ തിരികെ അയക്കാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ട്.

പുലര്‍ച്ചയോടെയാണ് ഇരുവരും മലയകയറാന്‍ നിലയ്ക്കല്‍ വരെ എത്തിയത്. ദര്‍ശനത്തിന് അവസരമൊരുക്കണമെന്ന് യുവതികള്‍ പോലീസിനോട് ആവശ്യപ്പെട്ടു. തുടര്‍ന്ന് പോലീസ് ഇവരെ കണ്‍ട്രോള്‍ റൂമിലേയ്ക്ക് മാറ്റുകയും അരമണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തു. പിന്നീട് പോലീസ് വാഹനത്തില്‍ ഇവരെ അവിടെ നിന്ന് മാറ്റിയതായിട്ടാണ് വിവരം. നേരത്തെ ഇരുവരും ദര്‍ശനത്തിനെത്തിയപ്പോള്‍ പ്രതിഷേധത്തെ തുടര്‍ന്ന് തിരികെ പോരേണ്ടി വന്നിരുന്നു.

ഷാനിലയ്ക്കും രേഷ്മയ്ക്കുമൊപ്പം എട്ട് പേരുമുണ്ടായിരുന്നു. സന്നിധാനത്തും പരിസര പ്രദേശങ്ങളിലും പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ സാധ്യതയുള്ളതിനാല്‍ സന്നിധാനത്തും പോലീസ് സന്നാഹം ശക്തമാക്കിയിരിക്കുകയാണ്. 41 ദിവസം വ്രതവുമായി ശബരിമല കയറുമെന്ന് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചതിനു പിന്നാലെ രേഷ്മയ്‌ക്കെതിരെ ഭീഷണി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് നല്‍കിയ പരാതി പരിഗണിച്ച് രേഷ്മയുടെ വീട്ടുപരിസരത്ത് പൊലീസ് ഏര്‍പ്പെടുത്തിയ സുരക്ഷ തുടരുകയാണ്.