വിശുദ്ധവാരത്തിന് തുടക്കം കുറിച്ച് ക്രൈസ്തവർ ഇന്ന് ഓശാന ഞായർ ആചരിക്കുന്നു. ഈസ്റ്ററിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായര്‍. കേരളത്തില്‍ കുരുത്തോല പെരുന്നാള്‍ എന്നറിയപ്പെടുന്ന ഈ ദിനത്തോടെയാണ് ക്രൈസ്തവ സമൂഹം വിശുദ്ധ വാരാചരണത്തിന് തുടക്കം കുറിക്കുന്നത്.
ഈസ്റ്ററിനു മുൻപുള്ള ഞായറാഴ്ച, ക്രിസ്തീയ വിശ്വാസികൾ ഓശാന ഞായർ(Palm Sunday) അഥവാ കുരുത്തോലപ്പെരുന്നാൾ ആചരിക്കുന്നു. കുരിശിലേറ്റപ്പെടുന്നതിനു മുൻപ് ജറുസലേമിലേക്കു കഴുതപ്പുറത്തേറി വന്ന യേശുവിനെ, സൈത്തിന്‍ കൊമ്പ് വീശി, ‘ദാവീദിന്‍ സുതന് ഓശാന’ എന്ന് ജയ് വിളിച്ചുകൊണ്ടാണ് ജനക്കൂട്ടം എതിരേറ്റത്. ഈശോ നടന്ന് വരുന്ന വഴിയില്‍ ഒലിവ് മരച്ചില്ലകളും, ഈന്തപ്പനയോലകളും വിരിച്ചിരുന്നു. ഈ സംഭവം പുതിയ നിയമത്തിലെ നാല് സുവിശേഷകരും ഒരുപോലെ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവത്തിന്‍റെ പുത്രന്‍റെ രാജകീയ പ്രവേശനത്തിന് തിരഞ്ഞെടുത്തത്, പൊതുവെ പരിഹാസ പാത്രമായ കഴുതക്കുട്ടിയെയാണ്.
ഓശാന ഞായറാഴ്ച പ്രത്യേക പ്രാര്‍ഥനകളാണ് ക്രൈസ്തവ ദേവാലയങ്ങളില്‍. വെഞ്ചിരിച്ച കുരുത്തോലകള്‍ വിശ്വാസികള്‍ക്ക് നല്‍കുന്നു. ഈ കുരുത്തോലയുമേന്തിയുളള പ്രദക്ഷിണമാണ് പ്രധാന ചടങ്ങ്.ഓരോ വര്‍ഷത്തെ കുരുത്തോലയും ക്രൈസ്തവ ഭവനങ്ങളില്‍ ഭക്തിയോടെ സൂക്ഷിക്കും. വലിയ നോമ്പിന് തുടക്കും കുറിക്കുന്ന വിഭൂതി ബുധനാഴ്ച (കുരിശുവരപ്പെരുന്നാള്‍) ഈ കുരുത്തോലകള്‍ കത്തിച്ചുള്ള ചാരം കൊണ്ടാണ് വൈദികന്‍ വിശ്വാസികളുടെ നെറ്റിയില്‍ കുരിശുവരച്ച് നല്‍കുന്നത്. വീടുകളില്‍ സൂക്ഷിച്ചിരിക്കുന്ന കുരുത്തോലകള്‍ വിഭൂതി ബുധന് മുന്‍പായി ദേവാലയങ്ങളിലെത്തിക്കാന്‍ വൈദികര്‍ ആവശ്യപ്പെടും. തീര്‍ന്നില്ല, ഈ കുരുത്തോല മുറിച്ച് ചെറിയ കഷ്ണങ്ങള്‍ പെസഹാ വ്യാഴാഴ്ച ഉണ്ടാക്കുന്ന പെസഹാ അപ്പത്തിന്‍റെ (ഇന്‍ട്രിയപ്പം) നടുക്ക് കുരിശാകൃതിയിലും അപ്പത്തോടൊപ്പം കാച്ചുന്ന പാലിലും ഇടും.
കുരുത്തോലയ്ക്ക് പകരം റഷ്യൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ ഓർത്തഡോക്സ് സഭ, യുക്രേനിയൻ കത്തോലിക്കാ സഭ തുടങ്ങിയ വിഭാഗങ്ങൾ പുസി വില്ലോ എന്ന ചെടിയാണ് ഓശാന ദിവസം ഉപയോഗിക്കുന്നത്. മറ്റു ചില ഓർത്തഡോക്സ് സഭകളിലാകട്ടെ ഒലിവുമരച്ചില്ലകളും. നിശ്ചിത തീയതിയിലല്ല ഓശാന ഞായര്‍ ആചരിക്കുന്നത്. ഈസ്റ്റര്‍ കണക്കാക്കി അതിന് മുന്‍പുള്ള ഞായറാഴ്ചയാണ് ഓശാന ഞായറായി ആചരിക്കുന്നത്. അതുകൊണ്ട് മാറ്റപ്പെരുന്നാള്‍ എന്ന വിഭാഗത്തില്‍പ്പെടുന്നതാണ് ഓശാന ഞായര്‍.
മിക്ക രാജ്യങ്ങളും ഓശാന ഞായര്‍ ആചരിക്കാറുണ്ട്. ഇംഗ്ലണ്ടിലെ കുട്ടികള്‍ പരസ്പരം പാം ചെടിയുടെ ഇലകള്‍ കൈമാറിയാണ് ഈ ദിവസത്തെ വരവേല്‍ക്കുന്നത്. പാരിസിലാകട്ടെ പാം ചെടിയുടെ ഇലകള്‍ വീശി പാട്ട് പാടുകയാണ് പതിവ്.
ലാസറിന്‍റെ ശനിയാഴ്ച എന്ന് വിളിക്കുന്ന, കേരളത്തില്‍ ‘കൊഴുക്കട്ട ശനിയാഴ്ച’യെന്ന് അറിയപ്പെടുന്ന ശനിയാഴ്ചയുടെ പിറ്റേന്നാണ് ഓശാന ഞായര്‍.ശനിയാഴ്ച വൈകുന്നേരം ക്രൈസ്തവ ഭവനങ്ങളില്‍ കൊഴുക്കട്ട ഉണ്ടാക്കും. കൊഴുക്കട്ട പെരുന്നാളിന് പിന്നിലൊരു കഥയുണ്ട്. പെസഹായ്ക്ക് ആറു ദിവസം മുൻപ്, ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ഈശോ ലാസറിന്‍റെ(ഈ ലാസറിനെയാണ് മരിച്ച് മൂന്നാം ദിവസം ഈശോ ഉയര്‍പ്പിച്ചത്) ഭവനത്തിലെത്തുമ്പോൾ ലാസറിന്‍റെ സഹോദരിമാരായ മര്‍ത്തായും മറിയവും തിടുക്കത്തില്‍ മാവുകുഴച്ചുണ്ടാക്കിയ വിഭവം കൊണ്ട് ഈശോയ്ക്ക് വിരുന്നു നൽകി. വലിയ വിരുന്നായ പെസഹായ്ക്കു മുൻപ് ഈശോ ഭക്ഷിച്ച അവസാനത്തെ വിരുന്നായിരുന്നു അത്. ആ വിരുന്നിന്‍റെ ഓര്‍മയാണ് കൊഴുക്കട്ട ശനിയാഴ്ചകളില്‍ അനുസ്മരിക്കുന്നത്.
Leave a Reply