കോപ അമേരിക്ക ഫുട്ബോളില്‍ അര്‍ജന്റീനയ്ക്ക് ഞെട്ടിക്കുന്ന തോല്‍വി . ആദ്യമല്‍സരത്തില്‍ കൊളംബിയ എതിരില്ലാത്ത രണ്ടുഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പിച്ചു. രണ്ടാം പകുതിയിലായിരുന്നു കൊളംബിയയുടെ ഗോളുകള്‍.
പതിവുതെറ്റിയില്ല. അര്‍ജന്റീന ജേഴ്സിയില്‍ കളിമറന്ന മെസിയും കൂട്ടരും കോപ്പയിലെ ആദ്യമല്‍സരത്തില്‍ തോറ്റുമടങ്ങി. ആദ്യ പകുതിയില്‍ മെസി കാഴ്ച്ചക്കാരനായപ്പോള്‍ കൊളംബിയന്‍ പ്രതിരോധത്തിലേയ്ക്ക് പന്തെത്തിക്കാന്‍ പോലും അര്‍ജന്റീനയ്ക്കായില്ല . രണ്ടാം പകുതിയില്‍ അര്‍ജന്റീന താളംകണ്ടെത്തിയപ്പോഴേയ്ക്കും കൊളംബിയയുടെ ആദ്യഗോളെത്തി. പരുക്കേറ്റ ലൂയിസ് മ്യൂരിയലിന് പകരമെത്തിയ റോജര്‍ മാര്‍ട്ടീനസ് കരുത്തുറ്റഷോട്ട് ഗോളാകുന്നത് അര്‍ജന്റീന പ്രതിരോധം നോക്കിനിന്നു
മെസിയിലൂടെ ഒരു മടങ്ങിവരവ് സ്വപ്നം കണ്ടുതുടങ്ങിയപ്പോഴേയ്ക്കും കൊളംബിയയുടെ രണ്ടാം പ്രഹരം. കളിയവസാനിക്കാന്‍ നാലുമിനിറ്റ് ശേഷിക്കെ ഡുവാന്‍ സപാറ്റയുടെ ഗോള്‍. താരതമ്യേന ദുര്‍ബലരായ പരാഗ്വയും ഖത്തറുമാണ് അര്‍ജന്റീനയുടെ അടുത്ത എതിരാളികള്‍ എന്നതിനാല്‍ നോക്കൗട്ട് പ്രതീക്ഷ അവസാനിച്ചിട്ടില്ല.
Leave a Reply