ലോകകപ്പ് ക്രിക്കറ്റിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്കു ഏഴു വിക്കറ്റിന്റെ തകർപ്പൻ ജയം. സെഞ്ചുറികൾ നേടിയ രോഹിത് ശർമയും (103) കെ.എൽ. രാഹുലുമാണ് (111) ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ശ്രീലങ്ക നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 264 റൺസാണ് നേടിയത്. ഓപ്പണിങ് വിക്കറ്റിൽ 189 റൺസ് കൂട്ടുകെട്ടുമായി രോഹിത് ശർമ – ലോകേഷ് രാഹുൽ രാഹുൽ സഖ്യം മുന്നിൽനിന്നു നയിച്ചതോടെ ഇന്ത്യ 39 പന്തും ഏഴു വിക്കറ്റും ബാക്കിനിൽക്കെ വിജയത്തിലെത്തി. ഏകദിനത്തിലെ 27–ാം സെഞ്ചുറി കുറിച്ച രോഹിത് ശർമ 94 പന്തിൽ 103 റൺസെടുത്തും ലോകേഷ് രാഹുൽ 118 പന്തിൽ 111 റൺസെടുത്തും പുറത്തായി.

ലോകകപ്പിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ഓപ്പണിങ് വിക്കറ്റ് കൂട്ടുകെട്ടെന്ന സ്വന്തം റെക്കോർഡ് ‘പരിഷ്കരിച്ച’ രോഹിത് – രാഹുൽ സഖ്യം, 189 റൺസാണ് അടിച്ചെടുത്തത്. ഈ ലോകകപ്പിലെ ഉയർന്ന രണ്ടാമത്തെ കൂട്ടുകെട്ടാണിത്. കഴിഞ്ഞ മൽസരത്തിൽ ബംഗ്ലദേശിനെതിരെ ഇരുവരും ഓപ്പണിങ് വിക്കറ്റിൽ 180 റൺസ് കൂട്ടിച്ചേർത്തിരുന്നു. ആവേശത്തള്ളിച്ചയിൽ ഋഷഭ് പന്ത് (നാലു പന്തിൽ നാല്) വന്നപോലെ പോയെങ്കിലും ക്യാപ്റ്റൻ വിരാട് കോലിയും (41 പന്തിൽ 34), ഹാർദിക് പാണ്ഡ്യയും (നാലു പന്തിൽ ഏഴ്) ചേർന്ന് ഇന്ത്യയെ വിജയത്തിലെത്തിച്ചു.

2019 ലോകകപ്പില്‍ രോഹിത് ശര്‍മയ്ക്ക് അഞ്ചാം സെഞ്ചുറിയാണിത്(103). ഒരുലോകകപ്പില്‍ ഏറ്റവുമധികം സെഞ്ചുറിയെന്ന റെക്കോർഡ് രോഹിത് ശര്‍മ സ്വന്തമാക്കി. നാലുസെഞ്ചുറി നേടിയ കുമാര്‍ സംഗക്കാരയുടെ റെക്കോ‍ഡാണ് രോഹിത് മറികടന്നത് . 2015 ലോകകപ്പിലായിരുന്നു സംഗക്കാരുയുടെ നേട്ടം. ലോകകപ്പിലെ സെഞ്ചുറിനേട്ടത്തില്‍ രോഹിത് സച്ചിനൊപ്പമെത്തി. സച്ചിന്‍ ആറുസെഞ്ചുറികള്‍ നേടിയത് ആറുലോകകപ്പില്‍ നിന്നാണ്. രോഹിത് ശര്‍മയുടെ നേട്ടം രണ്ടാം ലോകകപ്പിലാണ്.

ജയത്തോടെ പോയന്റ് പട്ടികയില്‍ ഒന്നാമതെത്തിയ ഇന്ത്യ, ആദ്യസെമിയില്‍ ന്യൂസീലന്‍ഡിനെ നേരിടും. രണ്ടാം സെമിയില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് നിലവിലെ ചാംപ്യന്‍മാരായ ഓസ്ട്രേലിയയാണ് എതിരാളികള്‍. വിജയത്തോടെ ഒൻപതു മൽസരങ്ങളിൽനിന്ന് 15 പോയിന്റുമായി ഇന്ത്യ പട്ടികയിൽ ഒന്നാമതെത്തി. 14 പോയിന്റുള്ള ഓസ്ട്രേലിയ രണ്ടാമതായി.

ഓസീസിന് തോൽവി

ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തിലെ അവസാനമല്‍സരത്തില്‍ ഓസ്ട്രേലിയയെ 10 റണ്‍സിന് തോല്‍പ്പിച്ച് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയുടെ 326 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ഓസ്ട്രേലിയ 315ന് പുറത്തായി. ഡേവിഡ് വാര്‍ണര്‍ ലോകകപ്പിലെ തന്‍റെ മൂന്നാം സെഞ്ചുറി പൂര്‍ത്തിയാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ദക്ഷിണാഫ്രിക്കയുടെ 326 റണ്‍സ് വിജയലക്ഷ്യം തേടിയിറങ്ങുമ്പോള്‍ രണ്ട് പോയിന്‍റ് നേടി പോയിന്‍റ് പട്ടികയില്‍ ഒന്നാമതെത്തുകയെന്നത് മാത്രമായിരുന്നു ഓസ്ട്രേലിയയുടെ ലക്ഷ്യം. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. ഇമ്രാന്‍ താഹിറിന്‍റെ പന്തില്‍ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് പുറത്ത്.

തൊട്ടുപിറകെ തന്നെ ഏഴുറണ്‍സെടുത്ത സ്റ്റീവ് സ്മിത്തിനെ കഗീസോ റബാഡ പവലിയനിലേക്ക് മടക്കി.

ഇതിനിടെ പേശിവലിവ് കാരണം ഉസ്മാന്‍ ഖവാജയ്ക്ക് ക്രീസ് വിടേണ്ടി വന്നു. ഗ്ലെന്‍ മാക്സവല്ലിനെ ഉജ്വലമായ ക്യാച്ചിലൂടെ ഡിക്കോക്ക് പുറത്തായിയതോടെ ഓസ്ട്രേലിയയുടെ നിലപരുങ്ങലിലായി.

തോല്‍വിയിലേക്ക് എന്ന് തോന്നിച്ച സന്ദര്‍ഭത്തില്‍ അഞ്ചാം വിക്കറ്റില്‍ ചേര്‍ന്ന ഡേവിഡ് വാര്‍ണറും വിക്കറ്റ് കീപ്പര്‍ അലക്സ് കാരിയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു. ഇതിനിടയില‍്‍ 100 പന്തില്‍ നിന്ന് 101 റണ്‍സ് എടുത്ത് ഡേവിഡ് വാര്‍ണര്‍ തന്‍റെ ലോകകപ്പിലെ മൂന്നാം സെഞ്ചുറി പൂര്‍ത്തിയാക്കി. സെഞ്ചുറി കഴിഞ്ഞതോടെ വാര്‍ണറും കാരിയും ഗിയര്‍മാറ്റി. ഇരുവരും ടീമിനെ വിജയത്തിലേക്ക് എത്തിക്കാനുള്ള ശ്രമത്തിനിടെ വാര്‍ണറെ പുറത്താക്കി പ്രിട്രോറിയസ് തിരിച്ചടിച്ചു. ക്രിസ് മോറിസിന്‍റെ ഉജ്ജ്വല ക്യാച്ച്.

മിച്ചല്‍ സ്റ്റാര്‍ക്കിനൊപ്പം അലക്സ് കാരി സ്കോര്‍ മുന്നോട്ട് കൊണ്ടുപോയെങ്കിലും 46-ാം ഓവറില്‍ കാരിയെ ക്രിസ് മോറിസ് പുറത്താക്കിയത് മത്സരത്തില്‍ വഴിത്തിരിവായി. 69 പന്തില്‍ 85 റണ്‍സെടുത്താണ് കാരി മടങ്ങിയത്. തിരിച്ച് ക്രീസിലെത്തിയ ഖവാജയും സ്റ്റാര്‍ക്കും ടീമിനെ വിജയത്തിലെത്തിക്കുമെന്ന് തോന്നിപ്പിച്ചെങ്കിലും റബാഡ വില്ലനായി. ആദ്യം ഖവാജയുടെ വിക്കറ്റ്, പിന്നാലെ സ്റ്റാര്‍ക്കിനെയും ക്ളീന്‍ ബൗള്‍ഡാക്കി.

അവസാന ഓവറില്‍ ഓസ്ട്രേലിയ 315 റണ്‍സിന് ഓള്‍ഔട്ടായി. റബാഡ മൂന്ന് വിക്കറ്റ് വീഴ്ത്തി.

നേരത്തെ ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച തുടക്കമാണ് ഓപണര്‍മാർ നൽകിയത്. ഓപണിങ് കൂട്ടുകെട്ടിൽ ഏയ്ഡൻ മാക്രമും ക്വിന്റൻ ഡി കോക്കും ചേർന്നു നേടിയത് 79 റൺസ്.