ഈ വർഷം തുടക്കത്തിലാണ് ശിൽപ ഷെട്ടിയും ഭർത്താവ് രാജ്‍ കുന്ദ്രയും വാടക ഗർഭധാരണത്തിലൂടെ രണ്ടാമത്തെ കുഞ്ഞിനെ സ്വാഗതം ചെയ്തത്. എന്തുകൊണ്ടാണ് കുഞ്ഞിനായി ഈ മാർഗം സ്വീകരിച്ചതെന്നതിൽ മറുപടി പറയുകയാണ് താരം. ഒരു ദേശീയ മാധ്യമത്തിനു നൽകിയ അഭിമുഖത്തിലായിരുന്നു ശിൽപയുടെ പ്രതികരണം.

മകൻ വിയാന് ഒരു സഹോദരനോ സഹോദരിയോ വേണമെന്ന ചിന്തയായിരുന്നു ഈ മാർഗത്തിലേക്ക് എത്തിച്ചത്. ‘വിയാനു ശേഷം വർഷങ്ങൾ കഴിഞ്ഞാണ് ഒരു കുഞ്ഞിനെ കുറിച്ച് ഞാൻ ചിന്തിക്കുന്നത്. എന്നാൽ, ആ സമയത്ത് പ്രതിരോധ ശേഷി കുറയ്ക്കുന്ന രീതിയിലുള്ള അസുഖം ബാധിച്ചു. പലതവണ ഞാൻ ഗർഭം ധരിച്ചു. പക്ഷേ, അതെല്ലാം തന്നെ അബോർഷനാകുകയായിരുന്നു. അതൊരു വലിയ പ്രശ്നമായിരുന്നു.’

ഒരിക്കൽ ഒരു കുഞ്ഞിനെ ദത്തെടുത്താലോ എന്നു ചിന്തിച്ചിരുന്നതായും ശിൽപ പറഞ്ഞു. ‘ വിയാനെ ഒറ്റമകനായി വളര്‍ത്താൻ ഞാൻ ആഗ്രഹിച്ചിരുന്നില്ല. കാരണം എനിക്ക് ഒരു സഹോദരിയുണ്ട്. നമുക്കൊപ്പം അങ്ങനെ ഒരാൾ ഉള്ളതിന്റെ പ്രാധാന്യം എനിക്ക് നന്നായി അറിയാം. ഈ ചിന്തയില്‍ നിന്നുമാണ് മറ്റ് ആശയങ്ങള്‍ ഉദിച്ചത്. പക്ഷേ, അതിൽ വേറെയും ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. അതുകൊണ്ട് വിചാരിച്ചതു പോലെ നടന്നില്ല. അങ്ങനെ ദത്തെടുക്കാൻ തീരുമാനിച്ചു. പക്ഷേ, ചില പ്രായോഗിക ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. നാലുവർഷം ഞങ്ങൾ കാത്തു. ഒന്നും നടക്കില്ലെന്ന് ഉറപ്പായപ്പോഴാണ് ഈ മാർഗം സ്വീകരിച്ചത്.’

മൂന്നുതവണ ശ്രമിച്ചതിനു ശേഷമാണ് സമീക്ഷയെ കിട്ടിയതെന്നും ശിൽപ വ്യക്തമാക്കി. ‘അഞ്ച് വർഷമായി രണ്ടാമത്തെ കുഞ്ഞിനായി ഞങ്ങൾ കാത്തിരിക്കുകയായിരുന്നു. പുതിയ സിനിമകൾക്കുള്ള കരാറിൽ ഒപ്പു വച്ചിരുന്നു. പക്ഷേ, കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ഒരിക്കൽ കൂടി മാതാപിതാക്കളാകുന്നു എന്ന സന്തോഷ വാർത്ത ഞങ്ങളെ തേടി എത്തിയത്.’– ശിൽപ ഷെട്ടി പറഞ്ഞു.