പുതിയ പ്രധാനമന്ത്രിയായി സ്ഥാനമേറ്റതിനു പിന്നാലെ പഴയ മന്ത്രിസഭയിൽ പൊളിച്ചുപണി നടത്തി ബോറിസ് ജോൺസൺ. തെരഞ്ഞെടുപ്പിൽ 66% വോട്ടുകളും നേടി ബ്രിട്ടനെ ഭരിക്കാൻ തുടങ്ങിയ ജോൺസൺ, തന്നോടൊത്ത് പ്രവർത്തിക്കുവാൻ മികച്ച ടീമിനെ തന്നെയാണ് ഒരുക്കിയിരിക്കുന്നത്. ബോറിസ് ജോൺസൺ പ്രധാനമന്ത്രി ആയതിനുപിന്നാലെ പുതിയ സർക്കാരിലേക്കില്ലെന്നറിയിച്ച് പല മന്ത്രിമാരും രാജിവെച്ചിരുന്നു. ഫിലിപ്പ് ഹാമ്മൻഡ് ( ധനകാര്യം ), അലൻ ഡങ്കൻ ( വിദേശകാര്യം ), പെന്നി മോർഡോണ്ട് ( പ്രതിരോധം ), ഗെഗ് ക്ലാർക് (ബിസിനസ് ), ലിയാം ഫോക്സ് ( വാണിജ്യം ) തുടങ്ങിയവർ പുതിയ സർക്കാരിലേക്ക് ഇല്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇതോടെയാണ് ജോൺസൺ പുതിയ മന്ത്രിസഭ രൂപീകരിച്ചത്.
ജോൺസന്റെ നേതൃത്വത്തിലുള്ള ബ്രിട്ടന്റെ പുതിയ സർക്കാരിൽ മൂന്ന് ഇന്ത്യക്കാരും ഇടം നേടി. ഇന്ത്യൻ വംശജ പ്രീതി പട്ടേലിനെ പുതിയ ആഭ്യന്തര സെക്രട്ടറിയായി നിയമിച്ചു. കൺസേർവേറ്റിവ് പാർട്ടി അംഗമായ ഈ 47 കാരി ബ്രിട്ടീഷ് സർക്കാരുകളിൽ പല സുപ്രധാന പദവികളും വഹിച്ചിട്ടുണ്ട്. തെരേസ മേ മന്ത്രിസഭയിൽ രാജ്യാന്തര മന്ത്രിയായിരുന്ന പ്രീതി പട്ടേൽ ഇസ്രായേൽ ഉദ്യോഗസ്ഥരുമായി രഹസ്യ കൂടിക്കാഴ്ച നടത്തിയെന്ന വിവാദത്തെ തുടർന്ന് 2017 നവംബറിൽ രാജി വെച്ചിരുന്നു. ജോൺസന്റെ അനുയായിയും കടുത്ത ബ്രെക്സിറ്റ് വാദിയുമായ പ്രീതി പട്ടേൽ ബ്രിട്ടനിലെ ആദ്യ ഇന്ത്യൻ വംശജയായ ആഭ്യന്തര സെക്രട്ടറിയാണ്. ഇൻഫോസിസ് സ്ഥാപകനായ എൻ. ആർ. നാരായണ മൂർത്തിയുടെ മരുമകൻ ഋഷി സുനാകിയെ ചീഫ് സെക്രട്ടറി സ്ഥാനത്ത് നിയമിച്ചു. റിച്ച്മണ്ടിലെ എംപിയായ ഋഷി സുനാക് ഇനി ട്രഷറിയുടെ ചുമതലയുള്ള ചീഫ് സെക്രട്ടറി കൂടിയാണ്. മന്ത്രിസഭാ യോഗങ്ങളിൽ അദ്ദേഹത്തിന് ഇനി പങ്കെടുക്കാൻ സാധിക്കും. ജൂനിയർ മിനിസ്റ്ററായ ഇന്ത്യൻ വംശജൻ അലോക് ശർമയെ ഇന്റർനാഷണൽ ഡെവലപ്പ്മെന്റിന്റെ ചുമതലയുള്ള ചീഫ് സെക്രട്ടറിയായും നിയമിച്ചിട്ടുണ്ട്.
പുതിയ മന്ത്രിസഭയിൽ 13 പുതുമുഖങ്ങൾ ഉണ്ട്. പഴയ മന്ത്രിസഭയിൽ നിന്ന് 9 പേരും. ബോറിസ് ജോൺസനൊപ്പം മത്സരിച്ച സാജിദ് ജാവീദ് ആണ് പുതിയ ധനകാര്യ മന്ത്രി. രാജിവെച്ച ഫിലിപ്പ് ഹാമ്മണ്ടിന് പകരമായാണ് ജാവീദ് എത്തുന്നത്. 2010 മുതൽ രാഷ്ട്രീയത്തിൽ സജീവമായ ജാവീദ്, തെരേസ മേയുടെ മന്ത്രിസഭയിൽ ആഭ്യന്തരമന്ത്രി ആയിരുന്നു. മേയുടെ കാലത്ത് ബ്രെക്സിറ്റ് മന്ത്രി ആയിരിക്കുകയും തുടർന്ന് 2018 നവംബറിൽ രാജി വെക്കുകയും ചെയ്ത ഡൊമിനിക് റാബ് പുതിയ മന്ത്രിസഭയിൽ വിദേശകാര്യ സെക്രട്ടറി ആണ്. ബ്രെക്സിറ്റ് സെക്രട്ടറിയായി സ്റ്റീഫൻ ബാർക്ലെ തുടരും. ബെൻ വല്ലാസ് ആണ് പ്രതിരോധ സെക്രട്ടറി. മുൻ മന്ത്രിയും മിലിട്ടറിയിൽ സേവനം അനുഷ്ഠിച്ചിട്ടുമുള്ള ആളാണ് വല്ലാസ്. ലിസ് ട്രസ് ( വാണിജ്യം ), ഗവിൻ വില്യംസൺ ( വിദ്യാഭ്യാസം ), തെരേസ വില്ലേഴ്‌സ് ( പരിസ്ഥിതി ), ഗ്രാന്റ് ഷാപ്പ്സ് ( ഗതാഗതം ), മാറ്റ് ഹാൻകോക് ( ആരോഗ്യം ), ആൻഡ്രിയ ലീഡ്‌സം ( ബിസിനസ് ), റോബർട്ട് ബക്ക്ലാൻഡ് ( നീതിന്യായം ) എന്നിവരാണ് പുതിയ മന്ത്രിസഭയിൽ ഇടം നേടിയ പ്രമുഖർ. പാർട്ടി നേതൃത്വസ്ഥാനത്തേക്ക് ബോറിസ് ജോൺസന്റെ എതിരാളി ആയിരുന്ന ജെറമി ഹണ്ട് പുതിയ മന്ത്രിസഭയിൽ ഇല്ല.
Leave a Reply