ആദില ഹുസൈൻ, മലയാളം യുകെ ന്യൂസ് ടീം

ഓരോ രണ്ടു മിനിറ്റിലും പുതിയ കൊറോണ വൈറസ് രോഗികൾ എത്തുന്നുവെന്ന ഞെട്ടിക്കുന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ ബുദ്ധിമുട്ടുകയാണ് ആരോഗ്യ മേഖലയിലെ മുൻനിര പ്രവർത്തകർ. ഒരു ദിവസം വൈകുന്നേരം നാലുമണിക്ക് ചുരുങ്ങിയത് ഏഴ് ആംബുലൻസുകൾ എങ്കിലും രോഗികളുമായി ആശുപത്രിയിൽ എത്തും. ആശുപത്രിയിലെ ഡൊമസ്റ്റിക് ക്ലീനർ ലാരിസ അറ്റനസോവ സഹപ്രവർത്തകരുടെ ഭാഷയിൽ ‘ പയറുമണി പോലെ’ ഓടി നടന്ന് ജോലി ചെയ്തു കൊണ്ടിരുന്നതാണ്. ഇത്തവണ അവർ ഒച്ചിനെ പോലെ ഇഴയുന്നത് പോലെ തോന്നി. ശരിയാണ് ഓരോ രണ്ടു മിനിറ്റിലും പുതിയ രോഗി വരും, അവർക്കുവേണ്ടി ഒരു മുറിയിലെ കട്ടിൽ, ഫ്രെയിമുകൾ, പ്രതലങ്ങൾ, തറ, ബാത്റൂം എല്ലാം തുടച്ചു വൃത്തിയാക്കണം. ഒരു ക്ലോക്ക് കറങ്ങുന്നതുപോലെ നിലക്കാതെ പണിയെടുത്തു കൊണ്ടേയിരിക്കണം.

52 കാരനായ രോഗി, കാഴ്ചയിൽ ആരോഗ്യ ദൃഢഗാത്രനാണ്. “താൻ അങ്ങേയറ്റം ക്ഷീണിതനാണ്. കണ്ണു തുറക്കാൻ പോലും ആവുന്നില്ല. എപ്പോഴും ഉറങ്ങാൻ തോന്നും. ” എപ്പോഴാണ് ഇനി പഴയതുപോലെ എന്നറിയില്ല, അദ്ദേഹം വിതുമ്പുന്നു.

63 വയസ്സുള്ള മറ്റൊരു രോഗി ശ്വസന സഹായികളുടെ സഹായം കൊണ്ടു മാത്രം ജീവിക്കുന്നു. തൊണ്ടയിലൂടെയും മറ്റും കുത്തിയിറക്കിയ ട്യൂബുകൾ അനങ്ങിയാൽ വേദന ഉണ്ടാക്കുന്നവയാണ്. നിശ്ചലമായി കിടന്നു ജീവൻ പിടിച്ചു നിർത്തുക മാത്രമാണ് ഇപ്പോൾ ഏക പോംവഴി. അദ്ദേഹത്തിൻെറ 40 വയസ്സുകാരനായ മകൻ മുകൾനിലയിൽ വെന്റിലേറ്ററിൽ ഉണ്ട്. കുടുംബത്തിലെ മറ്റ് പലരും ചികിത്സ നേടി മടങ്ങിയിരിക്കുന്നു. കോവിഡ് ഇങ്ങനെയാണ് കുടുംബങ്ങളെ പിച്ചിച്ചീന്തുന്നത്. അവരെ ചികിത്സിക്കുന്ന രണ്ട് നഴ്സുമാരും രോഗം ഭേദമായി എത്തിയതേയുള്ളൂ.

നേഴ്സ് മക്കാർത്തി പറയുന്നു, ഞങ്ങൾ അങ്ങേയറ്റം ക്ഷീണിതരാണ്. എപ്പോഴാണ് തളർന്നു വീഴുന്നത് എന്ന് പറയാനാവില്ല. പക്ഷേ കോവിഡ് ആദ്യ ആക്രമണത്തിൽ മരിച്ചുവീണത് വയോധികരായിരുന്നു. അന്ന് എന്റെ അമ്മയ്ക്കോ ആന്റിക്കോ രോഗം വരുമോ എന്നായിരുന്നു ഭയം. എന്നാൽ ഇന്നോ, മുപ്പതും നാൽപ്പതും വയസ്സുള്ളവർ ചുറ്റും മരണം കാത്തു കിടക്കുമ്പോൾ, അടുത്തത് ഞാൻ ആണോ എന്റെ സഹോദരൻ ആണോ, എന്റെ പങ്കാളി ആണോ രോഗഗ്രസ്തരാവുക എന്ന ചിന്തയാണ് സമാധാനം കളയുന്നത്. കാര്യങ്ങൾ അത്രമാത്രം കൈവിട്ടുപോയി കഴിഞ്ഞു.

നിങ്ങൾ സൂക്ഷിക്കണം. രോഗം വന്നു പൊയ്ക്കോളും എന്ന് ഒരിക്കലും ചിന്തിക്കരുത്. നിങ്ങളുടെ ആരോഗ്യത്തിന്റെ നല്ലൊരുഭാഗം എന്നെന്നേക്കുമായി കവർന്നെടുത്തു കൊണ്ടാവും കോവിഡ് പോവുക. ഒരുപക്ഷേ നിങ്ങളുടെ ജീവനും.