പിറവം വലിയപള്ളി ജില്ലാഭരണകൂടം ഏറ്റെടുത്തതോടെ യാക്കോബാ വിശ്വാസികള്‍ ഇന്നലെ കുര്‍ബാന അര്‍പ്പിച്ചത് തെരുവില്‍.. കുരിശു പള്ളിക്ക് സമീപം താത്ക്കാലിക ബലിപീഠമൊരുക്കിയായിരുന്നു കുര്‍ബാന. വലിയ പള്ളിയില്‍ കന്യാമറിയത്തിന്റെയും പത്രോസ്-പൗലോസ് ശ്ലീഹന്മാരുടെയും ഗീവര്‍ഗീസ് സഹദായുടെയും നാമത്തിലുള്ള ബലിപീഠത്തില്‍ കുര്‍ബാനകണ്ടു ശീലിച്ച വിശ്വാസികളുള്‍പ്പെടെ പ്രായമായ സ്ത്രീകളിലധികം പേരും നിറകണ്ണുകളോടെയാണ് പൊതു നിരത്തില്‍ ബലിയര്‍പ്പിച്ചത്.

യാക്കോബായ വിഭാഗത്തിന്റെ പൂര്‍ണ അധീനതയിലായിരുന്നു വലിയ പള്ളി. കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൈക്കോടതി ഉത്തരവിനെത്തുടര്‍ന്ന് അവരെ ഒഴിപ്പിച്ച് ജില്ലാഭരണകൂടം പള്ളി ഏറ്റെടുത്തത്. ഇന്നലെ കുര്‍ബാനയ്ക്ക് വികാരിയുടെ ചുമതലയുള്ള ഫാ. വര്‍ഗീസ് പനിച്ചിയില്‍ കാര്‍മികത്വം നല്‍കി. കുര്‍ബാന കഴിഞ്ഞശേഷം വിശ്വാസികള്‍ ടൗണില്‍ പ്രകടനം നടത്തി. ‘ഇല്ല, ഇല്ല വിട്ടുതരില്ല, പിറവം പള്ളി വിട്ടുതരില്ല’ എന്ന മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രകടനം. കോടതി വിധിയനുസരിച്ച് ഓര്‍ത്തഡോക്‌സ് വിഭാഗം പിറവം വലിയ പള്ളിയില്‍ കുര്‍ബാനയര്‍പ്പിച്ചു. കാതോലിക്കേറ്റ് സെന്ററില്‍ ഒത്തുകൂടിയശേഷം രാവിലെ ഏഴുമണിയോടെയാണ് വിശ്വാസികള്‍ വലിയ പള്ളിയിലേക്ക് നീങ്ങിയത്.