ഷാനിൽ മുഹമ്മദ് സംവിധാനം ചെയ്ത അവിയൽ തിയേറ്ററുകളിൽ വിജയം കണ്ട് പ്രദർശനം തുടരുകയാണ്. ചിത്രത്തിലെ നായികമാരിൽ ഒരാൾ ഗോവ സ്വദേശിനി കേതകി നാരായണനാണ്. പൂനെയിൽ ബീഫ് കിട്ടില്ലെന്നും അത് കേരളത്തിൽ കിട്ടുന്നതുകൊണ്ടുതന്നെ ഇവിടുത്തെ ഭക്ഷണം വലിയ ഇഷ്ടമാണെന്നും കേതകി പറയുന്നു. പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് നടി തന്റെ ഇഷ്ട ഭക്ഷണത്തെ കുറിച്ച് വെളിപ്പെടുത്തിയത്.

കേതകി പറയുന്നു;

ഞാൻ നേരത്തേയും കേരളത്തിൽ വന്നിട്ടുണ്ട്. കേരളം എനിക്ക് ഇഷ്ടമാണ്. കേരളത്തെ കുറിച്ച് പറയുകയാണെങ്കിൽ ഇവിടെ എനിക്ക് ഇഷ്ടമുള്ള ഒരുപാട് കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഇവിടുത്തെ ഭക്ഷണം. ഞങ്ങൾക്ക് പൂനെയിൽ കിട്ടാത്തതും ഇവിടെ കിട്ടുന്നതുമായ ഭക്ഷണമാണ് പൊറോട്ടയും ബീഫും. കേരളത്തിൽ എത്തിയ സമയം മുതൽ ഞാൻ തട്ടുകട അന്വേഷിക്കുകയായിരുന്നു.

മലയാളത്തിൽ വീരം എന്ന ചിത്രം നേരത്തെ ചെയ്തിട്ടുണ്ട്. മറാഠിയിലും ഹിന്ദിയിലും ചില സിനിമകളും വെബ് സീരീസും ചെയ്തിട്ടുണ്ട്. ‘അവിയലി’ലേക്ക് എന്നെ വിളിക്കുന്നത് ചിത്രത്തിന്റെ പ്രൊഡ്യൂസർ മേഘയാണ്. അവിയൽ എന്നാണ് സിനിമയുടെ പേര് എന്ന് പറഞ്ഞപ്പോൾ ഫുഡ് മൂവി ആണോ എന്നാണ് ആദ്യം ചോദിച്ചത്. ഇവിടെ എത്തിയ ശേഷമാണ് കഥ മുഴുവനായി പറഞ്ഞത്. എന്നെ സംബന്ധിച്ച് കഥ എക്സൈറ്റിങ് ആയിരുന്നു.

സിനിമയിൽ എത്തണമെന്ന് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നു. ആക്ടിങ് കോഴ്സ് ചെയ്യാൻ ആഗ്രഹിച്ചെങ്കിലും ആ സമയത്ത് സാധിച്ചിരുന്നില്ല. ജീവിതത്തിൽ സിനിമ എന്നൊരു ലക്ഷ്യം ഉണ്ടായിരുന്നു. അവിടെ എത്തുന്നതുവരെ കാത്തിരിക്കാനുള്ള ക്ഷമയും ഉണ്ടായിരുന്നു. കഥാപാത്രം ആവശ്യപ്പെടുകയാണെങ്കിൽ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കുന്നതിൽ എനിക്ക് ഒരു കുഴപ്പവുമില്ല, സ്‌ക്രിപ്റ്റ് വായിക്കുമ്പോൾ തന്നെ നമുക്ക് അത് മനസിലാകും.