സ്വന്തം ലേഖകൻ
ബ്രിട്ടൻ :- ജനറൽ ഇലക്ഷന് ശേഷമുള്ള ബ്രിട്ടണിലെ ആദ്യ ബഡ്ജറ്റ് മാർച്ച് 11ന് ഉണ്ടാകുമെന്ന് ചാൻസലർ സാജിദ് ജാവിദ് വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോടികളോളം പൗണ്ട് രാജ്യത്താകമാനം നിക്ഷേപിക്കപ്പെടുമെന്ന ഉറപ്പും അദ്ദേഹം നൽകി. രാജ്യത്താകമാനം അടിസ്ഥാന സൗകര്യങ്ങളിൽ ഒരു വൻ വ്യതിയാനം ഉണ്ടാകും. അടിസ്ഥാനസൗകര്യങ്ങളുടെ ഉന്നമനത്തിനായി 100 ബില്യൻ പൗണ്ട് അധികമായി സർക്കാർ ചെലവഴിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബ്രെക്സിറ്റ് പ്രദാനം ചെയ്യുന്ന എല്ലാവിധമായ സൗകര്യങ്ങളെയും പൂർണ്ണമായി ഉപയോഗിക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി. എന്നാൽ ഗവൺമെന്റ് പ്രഖ്യാപനങ്ങൾ വാക്കുകളിൽ മാത്രം ഒതുങ്ങി പോകുമെന്ന കുറ്റപ്പെടുത്തലുമായി ലേബർ പാർട്ടിയുടെ ഷാഡോ ചാൻസലർ ജോൺ മക്ഡൊനാൽ രംഗത്തെത്തി.
2019 നവംബർ ആറിന് നടത്തേണ്ട ബഡ്ജറ്റ്, ജനറൽ ഇലക്ഷനെ തുടർന്നാണ് മാർച്ചിലേയ്ക്ക് മാറ്റിയത്. ഏപ്രിലിൽ ആരംഭിക്കുന്ന അടുത്ത സാമ്പത്തിക വർഷത്തേയ്ക്കുള്ള പദ്ധതികളും മറ്റും ഈ ബഡ്ജറ്റിലൂടെ പ്രഖ്യാപിക്കപ്പെടും. എന്നാൽ ഗവൺമെന്റിലുള്ള തങ്ങളുടെ വിശ്വാസം നഷ്ടപ്പെട്ടു എന്ന് ജോൺ മക്ഡൊനാൽ അഭിപ്രായപ്പെട്ടു. പ്രകൃതി ദുരന്തങ്ങളിൽ ഈ ഗവൺമെന്റ് ഒട്ടും തന്നെ ജാഗരൂകരല്ല. ഓസ്ട്രേലിയയിലെ കാട്ടുതീയിൽ നിന്നും, ഇന്തോനേഷ്യയിലെ വെള്ളപ്പൊക്കത്തിൽ നിന്നും ബ്രിട്ടീഷ് ഗവൺമെന്റ് ഒന്നുംതന്നെ പഠിച്ചിട്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മുൻ വർഷങ്ങളിൽ നിന്ന് വ്യത്യസ്തമായി ആദ്യമായാണ് മാർച്ചിൽ ബഡ്ജറ്റ് അവതരിപ്പിക്കപ്പെടുന്നത്. ഇലക്ഷനിൽ ടോറി പാർട്ടിക്ക് ലഭിച്ച ഭൂരിപക്ഷം അവരെ ആത്മവിശ്വാസത്തോടെ മുന്നേറാൻ സഹായിക്കുന്നു.
Leave a Reply