ന്യൂസ് ഡെസ്ക് മലയാളം യുകെ

ലോകത്തിനാകെ മാതൃകയും ബ്രിട്ടീഷുകാരുടെ സ്വകാര്യ അഹങ്കാരവുമാണ് എൻഎച്ച്എസ് . എന്നാൽ രാജ്യത്തെ 5 -ൽ ഒരാൾ എൻഎച്ച്എസിനെ ഒഴിവാക്കി സ്വകാര്യ ചികത്സയ്ക്ക് പോകാൻ നിർബന്ധിതമായിരിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വർഷം ഒക്ടോബറിലാണ് 12 വയസ്സുകാരനായ ഹെയ്ഡൻ കിൽഡിയയ്ക്ക് സ്കോളിയോസിസ് ഉണ്ടെന്ന് കണ്ടെത്തിയത് . നട്ടെല്ല് വളഞ്ഞ് ജീവൻ തന്നെ അപകടത്തിലാകുന്ന അവസ്ഥയിൽ ഉടനെതന്നെ അടിയന്തര ചികിത്സ ആവശ്യമായിരുന്നു . പകർച്ചവ്യാധി മൂലമുള്ള പ്രതിസന്ധി മൂലം വടക്കൻ അയർലൻഡിലെ സ്ട്രാബെയ്ൻ സ്വദേശിയായ ഹെയ്ന് എൻഎച്ച്എസിൽ ചികിത്സയ്ക്കായി രണ്ടുവർഷത്തോളം കാത്തിരിക്കേണ്ടിവരും. അവൻെറ അമ്മ ഷോന തുർക്കിയിലെ ഒരു ആശുപത്രി കണ്ടെത്തിയെങ്കിലും ചികിത്സയ്ക്കായി ചെലവാകുന്നത് 50000 പൗണ്ടാണ്. പണം സ്വരൂപിക്കാൻ ക്രൗഡ് ഫണ്ടിംഗ് ഉൾപ്പെടെയുള്ള മാർഗങ്ങളിലൂടെ അവർ കിണഞ്ഞ് പരിശ്രമിക്കുകയാണ്. ശസ്ത്രക്രിയ ഉൾപ്പെടെയുള്ള അടിയന്തര ചികിത്സ സഹായം വേണ്ടിവരുന്ന ഒരു ശരാശരി ബ്രിട്ടീഷുകാരൻെറ അവസ്ഥയാണിത്. യുകെയിൽ ഉടനീളം ദശലക്ഷക്കണക്കിനാളുകളാണ് ചികിത്സ ലഭിക്കാതെ കഷ്ടപ്പെടുന്നത്.


ലോകത്തിലെ തന്നെ മികച്ച ചികിത്സയും രോഗി പരിചരണങ്ങളും നൽകുന്നതിൽ ഏറ്റവും മുൻപന്തിയിലാണ് എൻഎച്ച്എസ്. എന്നാൽ അടുത്തവർഷത്തോടെ എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ചികിത്സയ്ക്കായി കാത്തിരിക്കുന്നവരുടെ എണ്ണം 14 ദശലക്ഷം ആയേക്കാം എന്ന ഞെട്ടിക്കുന്ന കണക്കുകൾ പുറത്തുവന്നിരുന്നു. നിലവിൽ അഞ്ച് ദശലക്ഷം രോഗികളാണ് സാധാരണ ചികിത്സയ്ക്കായി കാത്തിരിപ്പ് പട്ടികയിലുള്ളത്. പ്രതിസന്ധി തരണം ചെയ്യാൻ ഒരു ബില്യൻ പൗണ്ടാണ് ഗവൺമെൻറ് സഹായധനമായി നൽകിയിരിക്കുന്നത്. ബ്രിട്ടനിൽ കോവിഡിൻെറ അതിവ്യാപനമാണ് രോഗികളുടെ കാത്തിരിപ്പു പട്ടിക വളരെയധികം കൂടാനുള്ള കാരണം. രോഗവ്യാപനം കൂടുകയും ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടവരുടെ എണ്ണം ക്രമാതീതമായി വർധിക്കുകയും ചെയ്യുന്നത് എൻഎച്ച്എസിനെ സമ്മർദ്ദത്തിലാക്കുമെന്ന ആവർത്തിച്ചുള്ള മുന്നറിയിപ്പുകൾ നേരത്തെ തന്നെ വന്നിരുന്നു. നിലവിൽ 385,000 -ത്തിൽ അധികം രോഗികളാണ് ശസ്ത്രക്രിയകൾക്കായി ഹോസ്പിറ്റലുകളിൽ കാത്തിരിക്കുന്നത്. മഹാമാരി പൊട്ടി പുറപ്പെടുന്നതിനു മുമ്പ് ഇത് വെറും 1600 മാത്രമായിരുന്നു. കൂടുതൽ ശമ്പളവർദ്ധനവിലൂടെ പരിചയസമ്പന്നരായ നേഴ്സുമാരെയും ഡോക്ടർമാരെയും ആകർഷിച്ച് പ്രതിസന്ധി മറികടക്കണമെന്ന അഭിപ്രായമാണ് എൻഎച്ച്എസിലെ നേഴ്‌സിംഗ് യൂണിയനുകൾക്കുള്ളത്.

ഏറ്റവും മികച്ച രീതിയിൽ ആരോഗ്യസംരക്ഷണം നൽകുന്ന രാജ്യങ്ങളുടെ പട്ടികയിൽ ബ്രിട്ടൻ നാലാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടിരുന്നു. ഏഴു വർഷമായി എൻഎച്ച്എസ് നിലനിർത്തി വന്ന ഒന്നാം സ്ഥാനമാണ് നഷ്ടമായത്. അകാല മരണങ്ങളും ക്യാൻസർ അതിജീവനവും ജനനസമയത്തെ ശിശുമരണങ്ങളും ഉൾപ്പെടുന്ന ആരോഗ്യ പരിപാലന ഫലങ്ങളുടെ താരതമ്യത്തിൽ രാജ്യം ഒൻപതാം സ്ഥാനത്താണ്. അമേരിക്കൻ തിങ്ക് ടാങ്ക് കോമൺവെൽത്ത് ഫണ്ട് നടത്തിയ സർവ്വേയിൽ നോർവേ, നെതർലൻഡ്സ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളാണ് ആദ്യ മൂന്നു സ്ഥാനങ്ങളിൽ. പകർച്ചവ്യാധി സമയത്ത് കോവിഡ് രോഗികളുടെ ചികിത്സയ്ക്ക് മുൻഗണന നൽകിയതോടെയാണ് പതിവ് ആശുപത്രി ചികിത്സകൾക്കായി കാത്തിരിക്കുന്നവരുടെ എണ്ണം ക്രമാതീതമായി ഉയർന്നത്.