ക്രിപ്റ്റോ കറന്‍സി ഇടപാടുകള്‍ ലോകവ്യാപകമായി തുടങ്ങിയതോടെ ഇതുവരെയുള്ള അവഗണന മാറ്റി വച്ച് പ്രമുഖ ധനകാര്യ സ്ഥാപനങ്ങളും ബാങ്കിംഗ് വിദഗ്ദരും ക്രിപ്റ്റോ കറന്‍സിയെ ഗൗരവമായി സമീപിച്ച് ഈ രംഗത്തെ സാധ്യതകളും പോരായ്മകളും ചര്‍ച്ച ചെയ്തു തുടങ്ങി. പ്രാരംഭ ഘട്ടത്തില്‍ മുഖം തിരിച്ച് നിന്ന ബാങ്കിംഗ് മേഖല ഇന്ന് ക്രിപ്റ്റോ കറന്‍സിയെ കുറിച്ച് പഠനങ്ങള്‍ നടത്തുകയാണ്. ഇങ്ങനെ ലഭ്യമാകുന്ന വിവരങ്ങള്‍ ഉപഭോക്താക്കളുമായി പങ്ക് വയ്ക്കുവാനും ഇവര്‍ തയ്യാറായി കഴിഞ്ഞു.

ന്യൂസിലന്‍ഡ്‌ , ബ്രസീല്‍ , ക്യാനഡ തുടങ്ങിയ രാജ്യങ്ങളിലെ സെന്‍ട്രല്‍ ബാങ്കുകളാണ് ക്രിപ്റ്റോ കറന്‍സിയെ കുറിച്ച് പഠിക്കുകയും ഔദ്യോഗിക പ്രതികരണങ്ങള്‍ പുറത്ത് വിടുകയും ചെയ്തിരിക്കുന്നത്. ക്രിപ്റ്റോ കറന്‍സിയെ കുറിച്ച് ബാങ്ക് ഓഫ് ന്യൂസിലന്‍ഡ് പുറത്തിറക്കിയ റിപ്പോര്‍ട്ട് ഇതില്‍ ശ്രദ്ധേയമായ ഒന്നാണ്. ക്രിപ്റ്റോ കറന്‍സികള്‍ മെയിന്‍ സ്ട്രീം ഫിനാന്‍ഷ്യല്‍ സംവിധാനങ്ങള്‍ക്ക് ഭീഷണിയല്ല എന്ന് റിസര്‍വ്വ് ബാങ്ക് ഓഫ് ന്യൂസിലന്‍ഡ്‌ ഈ റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രവുമല്ല നിലവിലെ പെയ്മെന്‍റ്  സംവിധാനങ്ങള്‍ക്ക് പകരം വരാവുന്ന രീതിയില്‍ ക്രിപ്റ്റോ കറന്‍സികള്‍ ഇനിയും വളര്‍ന്നിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇപ്പോഴുള്ള കറന്‍സികള്‍ക്ക് പകരം വയ്ക്കാവുന്ന രീതിയിലുള്ള സംവിധാനമായി അടുത്തൊന്നും ക്രിപ്റ്റോ കറന്‍സികള്‍ മാറില്ലെന്നും 44 പേജുള്ള ഈ റിപ്പോര്‍ട്ടില്‍ പറയുന്നു.

എന്നാല്‍ ബാങ്ക് ഓഫ് ക്യാനഡയുടെ സീനിയര്‍ ഡപ്യൂട്ടി ഗവര്‍ണര്‍ കരോളിന്‍ വില്‍ക്കിന്‍സിന്റെ അഭിപ്രായത്തില്‍ ക്രിപ്റ്റോ കറന്‍സികളെ പണമെന്ന രീതിയില്‍ കാണുന്നതിലുപരി സമ്പാദ്യമെന്ന രീതിയിലോ , നിക്ഷേപമെന്ന രീതിയിലോ വേണം കാണുവാന്‍ എന്ന് പറയുന്നു. അതിനാല്‍ തന്നെ സെക്യൂരിറ്റികള്‍ക്കും മറ്റും ഉള്ള രീതിയിലുള്ള നിയന്ത്രണങ്ങളും മറ്റും ഈ രംഗത്ത് കൊണ്ട് വരണമെന്നും കരോളിന്‍ നിര്‍ദ്ദേശിക്കുന്നു.

അതെ സമയം സെന്‍ട്രല്‍ ബാങ്ക് ഓഫ് ബ്രസീല്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത് ക്രിപ്റ്റോ കറന്‍സികള്‍ പോലെയുള്ള വെര്‍ച്വല്‍ കറന്‍സികള്‍ നിക്ഷേപമായോ വിനിമയോപാധി ആയോ ഉപയോഗിക്കുമ്പോള്‍ ഉണ്ടായേക്കാവുന്ന റിസ്കുകളെ കുറിച്ചാണ്. ഏതെങ്കിലും ഗവണ്മെന്റുകളോ ധനകാര്യ സ്ഥാപനങ്ങളോ ഈ കറന്‍സിയുടെ മൂല്യത്തിന് ഗ്യാരണ്ടി നല്‍കുന്നില്ല എന്നത് കൊണ്ട് തന്നെ ക്രിപ്റ്റോ കറന്‍സിയില്‍ നിക്ഷേപമോ സമ്പാദ്യമോ ഉണ്ടാക്കുന്നവര്‍ക്ക് പൂര്‍ണ്ണമായ നഷ്ടം വരെ ഉണ്ടാകാനുള്ള സാധ്യതയും ബ്രസീലിയന്‍ സെന്‍ട്രല്‍ ബാങ്കിന്‍റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

മേല്‍പ്പറഞ്ഞ മൂന്ന് സ്ഥാപനങ്ങളും വിരല്‍ ചൂണ്ടുന്നത് ക്രിപ്റ്റോ കറന്‍സി പോലുള്ള സംവിധാനങ്ങള്‍ ഷെയര്‍ മാര്‍ക്കറ്റിലെപ്പോലെ ഓണ്‍ലൈന്‍ ട്രേഡിംഗിനുപരിയായി ദൈനംദിനാവശ്യങ്ങള്‍ക്കുള്ള കറന്‍സിക്ക് പകരം നില്‍ക്കാന്‍ പറ്റുന്നില്ല എന്ന ന്യൂനതയിലേക്കാണ്. എന്നാല്‍ ഇത്തരം കറന്‍സികള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ ഷോപ്പിംഗിനും മറ്റും ഉപയോഗിക്കാവുന്ന സാഹചര്യം സംജാതമാവുകയും ചെയ്‌താല്‍ സ്ഥിതി മാറും എന്ന് തന്നെയാണ് ഈ റിപ്പോര്‍ട്ടുകളില്‍ നിന്ന് മനസ്സിലാക്കാവുന്നത്. ലോകത്തിലെ ഏറ്റവും പ്രമുഖ ധനകാര്യ സ്ഥാപനങ്ങള്‍ തന്നെ ക്രിപ്റ്റോ കറന്‍സികളെ കുറിച്ച് പഠിക്കുവാനും ഈ രംഗത്ത് ഗൗരവതരമായി ഇടപെടുവാനും തുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ അത്തരത്തിലൊരു സാധ്യത തള്ളിക്കളയാനുമാവില്ല.