അഴുക്കുചാലുകൾ വൃത്തിയാക്കുന്നതിനിടെ തൊഴിലാളികൾ കണ്ടെടുത്തത് ഒരാൾ പൊക്കത്തിലധികം വലുപ്പമുള്ള രാക്ഷസ എലിയെ. മെക്സിക്കോ നഗരത്തിലാണ് സംഭവം. അഴുക്കു ചാലിൽ നിന്നും പുറത്തെടുത്തുവച്ച എലിയെ കണ്ടപാടെ ചുറ്റും കൂടി നിന്നവരെല്ലാം അമ്പരന്നുപോയി. എന്നാൽ പിന്നീടാണ് കാര്യം മനസ്സിലായത്. ജീവനുള്ളതെന്ന് തോന്നിപ്പിക്കുന്ന തരത്തിലുള്ള എലിയുടെ ഒരു വമ്പൻ പാവയെയാണ് അഴുക്കുചാലിൽ നിന്നും കിട്ടിയത്.
ഹാലോവീൻ പരിപാടികൾക്ക് വേണ്ടി തയാറാക്കിയ കൂറ്റൻ എലി പാവ അഴുക്കു ചാലിൽ വന്നടിയുകയായിരുന്നു. വിചിത്രമായ ഈ പാവയുടെ ദൃശ്യങ്ങളും സമീപം നിന്നവർ പകർത്തി. സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചതോടെ ഇപ്പോൾ രാക്ഷസ എലിയുടെ ദൃശ്യം വ്യാപകമായി പ്രചരിക്കുകയാണ്. ഓട വൃത്തിയാക്കുന്നതിനിടെ ഇത്രയും കൗതുകകരമായ ഒരു വസ്തു കണ്ടെത്തുമെന്ന് തൊഴിലാളികളും പ്രതീക്ഷിച്ചിരുന്നില്ല. പാവ പുറത്തെടുത്തു കഴിഞ്ഞ ഉടനെ തന്നെ അവർ വെള്ളമൊഴിച്ചു കഴുകി വൃത്തിയാക്കുകയും ചെയ്തു.
ദൃശ്യം സമൂഹമാധ്യമങ്ങളിൽ എത്തിയതോടെ ഉടമസ്ഥത അവകാശപ്പെട്ടുകൊണ്ട് എവിലിൻ ലോപ്പസ് എന്ന വ്യക്തി രംഗത്തെത്തി. ഹാലോവീനുമായി ബന്ധപ്പെട്ട അലങ്കാരങ്ങൾക്ക് വേണ്ടി ഏതാനും വർഷങ്ങൾക്കു മുൻപ് താൻ കുമ്മായം ഉപയോഗിച്ച് നിർമിച്ച പാവയാണിതെന്ന് എവിലിൻ പറയുന്നു. മഴവെള്ളത്തിൽ പാവ ഒലിച്ചു പോയിരുന്നതായും അഴുക്കുചാലിൽ തിരയുന്നതിനായി ആരുംതന്നെ സഹായിച്ചില്ലെന്നും അവർ പറഞ്ഞു. എന്നാൽ ഇത്രയും കാലം അഴുക്കുചാലിൽ കിടന്ന പാവയെ ഇനി തിരികെ എവിലിൻ ഏറ്റെടുക്കുമോ എന്ന കാര്യം വ്യക്തമല്ല.
Leave a Reply