തമിഴ്നാട്ടില്‍ ദലിത് എംഎൽഎ ബ്രാഹ്മണ പെണ്‍കുട്ടിയെ വിവാഹം കഴിച്ചതിനചൊല്ലി വിവാദം. മകളെ കാണാനില്ലെന്ന് ആരോപിച്ച് പെണ്‍കുട്ടിയുടെ കുടുംബം ഹൈക്കോടതിയില്‍ ഹെബിയസ് കോര്‍പ്പസ് ഹര്‍ജി ഫയല്‍ ചെയ്തു. എന്നാല്‍ നാലുമാസമായി പ്രണയത്തിലാണെന്നും സ്വന്തം തീരുമാനപ്രകാരമാണ് വിവാഹമെന്നും കള്ളക്കുറിച്ചി എംഎൽഎ എ.പ്രഭു പറഞ്ഞു.

കള്ളക്കുറിച്ചി എം.എല്‍.എ എ.പ്രഭുവും സ്വന്തം നാട്ടുകാരിയായ സൗന്ദര്യയെന്ന 19 കാരിയും തമ്മിലുള്ള വിവാഹം കഴിഞ്ഞ ഞായറാഴ്ചയാണു നടന്നത്. ദിവസങ്ങള്‍ക്കു മുമ്പ് വീട്ടില്‍ നിന്നറങ്ങിപോയ സൗന്ദര്യയുടെ വിവാഹം നടക്കുന്നതറിഞ്ഞു അച്ഛന്‍ സ്വാമിനാഥന്‍ സ്ഥലത്തെത്തി ആത്മഹത്യ ഭീഷണി മുഴക്കി. തലയില്‍കൂടി മണ്ണണ്ണയൊഴിച്ചു തീകൊളുത്താന്‍ ശ്രമിച്ച സ്വാമിനാഥനെ അറസ്റ്റു ചെയ്തതിനുശേഷമായിരുന്നു വിവാഹം.

എം.എല്‍.എ അധികാരം ഉപയോഗിച്ചു മകളെ തട്ടികൊണ്ടുപോയെന്നാണ് സ്വാമിനാഥനും കുടുംബവും ആരോപിക്കുന്നത്.എന്നാല്‍ എം.എല്‍.എ. ഇതു നിഷേധിച്ചു.

ദളിതന്‍ ബ്രാഹ്മണ യുവതിയെ കല്ല്യാണം കഴിച്ചതാണു പ്രശ്നമെന്ന വ്യാഖ്യാനവും ഇതിനിടക്കുണ്ടായി. എന്നാല്‍ മകളും എം.എല്‍.എയും തമ്മില്‍ 17 വയസിന്റെ അന്തരമുണ്ടെന്നും ഇതാണ് എതിര്‍പ്പിനു കാരണമന്നുമാണ് സൗന്ദര്യയുടെ കുടുംബം പറയുന്നത്.

കല്യാണം കഴിഞ്ഞതിനു തൊട്ടുപിറകെ സൗന്ദര്യയുടെ കുടുംബം ഹൈക്കോടതിയെ സമീപിച്ചു.മകളെ തട്ടികൊണ്ടുപോയെന്നു കാണിച്ച് ഹെബിയസ് കോര്‍പ്പസ് ഹര്‍ജി നല്‍കി. കേസ് അടുത്ത ദിവസം ഹൈക്കോടതി പരിഗണിക്കും.