ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : കൊറോണ വ്യാപനം മൂലമുള്ള രോഗപ്രതിസന്ധി നിലനിൽക്കുമ്പോഴും ക്രിസ്മസ് കാലത്ത് കുടുംബാംഗങ്ങൾക്ക് വീടിനുള്ളിൽ കണ്ടുമുട്ടാൻ അവസരമൊരുങ്ങുന്നു. ഈ കോവിഡ് നിയന്ത്രണ ഇളവ് ഏതാനും ദിവസങ്ങൾ മാത്രമേ പ്രാബല്യത്തിൽ ഉണ്ടാവുകയുള്ളൂ. പരിമിതമായ സാഹചര്യങ്ങളിൽ, ബബിളുകളിൽ നാല് കുടുംബങ്ങൾക്ക് വരെ കണ്ടുമുട്ടാം. അഞ്ചു ദിവസത്തേക്കാണ് ഈ ഇളവെന്ന് ദി സൺ റിപ്പോർട്ട് ചെയ്തു. ക്യാബിനറ്റ് ഓഫീസ് മന്ത്രി മൈക്കൽ ഗോവ് ശനിയാഴ്ച സ്‌കോട്ട്‌ലൻഡ്, വെയിൽസ്, വടക്കൻ അയർലൻഡ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ തീരുമാനം ഉണ്ടാവുന്നത്. നാലിടത്തും സമാനമായ ഇളവുകൾ ക്രിസ്മസിന് ഉണ്ടാവും. കൊറോണ വൈറസ് നിയന്ത്രണങ്ങളിൽ സമീപ മാസങ്ങളിൽ വ്യത്യസ്ത പാത പിന്തുടർന്ന രാജ്യങ്ങൾ ഇപ്പോൾ ഒരു തീരുമാനത്തിലേക്ക് എത്തിയിരിക്കുകയാണ്. കണ്ടുമുട്ടാൻ അനുവാദം ഉണ്ടെങ്കിലും ജാഗ്രത പാലിക്കാൻ പൊതുജനങ്ങളോട് ആവശ്യപ്പെടുകയും ആളുകൾ യാത്ര ഒഴിവാക്കുകയും സാമൂഹിക സമ്പർക്കം കുറയ്ക്കുകയും ചെയ്യണമെന്നും മന്ത്രിമാർ നിർദേശിച്ചു.
അതേസമയം അടുത്ത മാസം ലോക്ക്ഡൗൺ അവസാനിക്കുമ്പോൾ ഇംഗ്ലണ്ടിന്റെ എല്ലാ ഭാഗങ്ങളിലും ജിമ്മുകളും അനിവാര്യമല്ലാത്ത കടകളും വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചു. ത്രീ ടയർ സിസ്റ്റം ഡിസംബർ 2 മുതൽ തിരിച്ചെത്തുമെന്ന് ബോറിസ് ജോൺസൺ കോമൺസിൽ പറഞ്ഞു. വിവാഹങ്ങളും കൂട്ടായ ആരാധനയും പുനരാരംഭിക്കും. ഒപ്പം ചില കായിക ഇനങ്ങളിലേക്ക് കാണികളെ അനുവദിക്കാനും സർക്കാർ ഒരുങ്ങുകയാണ്. ഏറ്റവും കുറഞ്ഞ അപകടസാധ്യതയുള്ള പ്രദേശങ്ങളിൽ, ഒരു സ്റ്റേഡിയത്തിന്റെ പരമാവധി 50% അല്ലെങ്കിൽ 4,000 ആരാധകർക്ക് വരെ പ്രവേശിക്കാം. ടയർ സംവിധാനം പ്രദേശത്തിലെ കേസുകൾ, ആർ റേറ്റ് എന്നിവയുമായി ബന്ധപ്പെട്ടിരിക്കും. ഓരോ 14 ദിവസത്തിലും ടയർ അലോക്കേഷൻ അവലോകനം ചെയ്യും. ഇത് മാർച്ച് വരെ നീണ്ടുനിൽക്കുമെന്നും ജോൺസൻ അറിയിച്ചു.
ടയർ ഒന്നിൽ, ആളുകൾ വീട്ടിൽ നിന്ന് ജോലി തുടരണം. ടയർ രണ്ടിൽ ഭക്ഷണം വിളമ്പുന്ന പബ്ബുകൾക്ക് മാത്രമേ തുറന്ന് പ്രവർത്തിക്കാൻ സാധിക്കുകയുള്ളൂ. ഡെലിവറിയും ടേക്ക്‌അവേയും ഒഴികെ ബാക്കിയെല്ലാം ടയർ മൂന്നിൽ അടയ്ക്കും. കൂടാതെ ഇൻഡോർ വേദികളും അടച്ചിടും. ഡിസംബർ 2 മുതൽ, ഒരു വയസ്സിന് താഴെയുള്ള കുഞ്ഞുങ്ങളുള്ള മാതാപിതാക്കൾക്ക് മറ്റൊരു വീടുമായി ഒരു സപ്പോർട്ട് ബബിൾ ഉണ്ടാക്കാൻ കഴിയും. പ്രാദേശിക സംവിധാനത്തിലേക്ക് സർക്കാർ മടങ്ങിയെത്തുന്നത് അപകടകരമാണെന്ന് ലേബർ നേതാവ് കെയർ സ്റ്റാർമർ അഭിപ്രായപ്പെട്ടു. കഴിഞ്ഞ ടയർ സിസ്റ്റം വിജയകരമായില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Leave a Reply