ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

ദുരൂഹ സാഹചര്യത്തിൽ കാണാതായി മരണമടഞ്ഞ നിക്കോള ബുള്ളിയുടെ തിരോധാനം രാജ്യത്ത് ഉടനീളം വൻ മാധ്യമ ശ്രദ്ധ നേടിയിരുന്നു. പലകാര്യങ്ങളിലും മാധ്യമ വിചാരണ അതിരു കടന്നതായുള്ള ആക്ഷേപം നിക്കോളയുടെ കുടുംബം തന്നെ ഉന്നയിച്ചിരുന്നു. നിക്കോള ബുള്ളിക്കെതിരെയുള്ള മാധ്യമ വിചാരണ അതിരുകടന്നതായും നടപടിയുമായി മുന്നോട്ടു പോകുകയാണെന്നും ബ്രോഡ്കാസ്റ്റിംഗ് റെഗുലേറ്റർ അറിയിച്ചു. ഐടിവിയെക്കുറിച്ചും സ്കൈ ന്യൂസിനെക്കുറിച്ചുമാണ് നിക്കോളയുടെ കുടുംബം പരാതി ഉന്നയിച്ചത്. നിക്കോളയെ കുറിച്ച് നൽകിയ വാർത്തകളുടെ ഉള്ളടക്കത്തെ കുറിച്ച് വിശദീകരണം നൽകാൻ ഈ രണ്ടു മാധ്യമങ്ങൾക്കുമാണ് ഓഫ് കോം കത്തെഴുതിയിരിക്കുന്നത്.

ഓഫ് കോമുമായി പൂർണമായി സഹകരിക്കുമെന്ന് ഐ ടി വി അറിയിച്ചുണ്ട്. എന്നാൽ സ്കൈ ന്യൂസ് ഇതുവരെ അഭിപ്രായം പറഞ്ഞിട്ടില്ല. മാധ്യമങ്ങളിൽ വന്ന വാർത്തകളുടെ അനുകരണമായി സമൂഹമാധ്യമങ്ങളിലും നിക്കോള ബുള്ളിയുടെ തിരോധാനം വൻചർച്ചയായിരുന്നു. നിക്കോളയെ കാണാതായ സ്ഥലത്തേയ്ക്ക് സ്വകാര്യ യൂട്യൂബർമാരുടെ വൻ പട തന്നെയാണ് തള്ളിക്കയറിയത്. നിക്കോളയെ കാണാതായ സ്ഥലത്ത് നിന്ന് സെൽഫി എടുത്ത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്യാൻ ആളുകളുടെ മത്സമായിരുന്നു സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിന്നത് . രണ്ട് കുട്ടികളുടെ അമ്മയായ നിക്കോളയെ കുറിച്ചുള്ള സ്വകാര്യ വിവരങ്ങൾ പരസ്യമാക്കിയതിൽ പ്രധാനമന്ത്രി റിഷി സുനക് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു.


45 വയസ്സുകാരിയായ നിക്കോള ബുള്ളിയെ ജനുവരി 27-ാം തീയതി വെള്ളിയാഴ്ചയാണ് കാണാതായത്. തൻറെ ആറും ഒൻപതും വയസ്സ് പ്രായമുള്ള രണ്ടു കുട്ടികളെ സ്കൂളിൽ വിട്ടയച്ചതിനുശേഷമാണ് നിക്കോളയെ കാണാതാകുന്നത്. മൂന്നാഴ്ചകൾക്ക് ശേഷം നിക്കോളയെ അവസാനമായി കണ്ട സ്ഥലത്ത് നിന്നും ഒരു മൈലിനുള്ളിൽ റോക്ലിഫ് റോഡിന് സമീപമുള്ള വയർ നദിയിൽ നിന്നാണ് അവളുടെ മൃതദേഹം കണ്ടെത്തിയത്.