ലിസ മാത്യു, മലയാളം യു കെ ന്യൂസ്‌ ടീം

ബ്രിട്ടൻ :- 93 വയസ്സുള്ള ബ്രിട്ടീഷ് രാജ്ഞിയുടെ പബ്ലിക് ട്രാൻസ്പോർട്ടിലുള്ള യാത്രയാണ് ഇപ്പോൾ മാധ്യമങ്ങളിൽ ചർച്ചാവിഷയം ആയിരിക്കുന്നത്. മുൻകൂട്ടി റിസർവ് ചെയ്യാതെ ആയിരുന്നു രാജ്ഞിയുടെ ഈ യാത്ര. പാർലമെന്റിൽ ഉള്ള തന്റെ പ്രസംഗത്തിന് ശേഷം 10: 42 ന് ലണ്ടനിലെ കിങ്‌സ് ക്രോസ്സ് സ്റ്റേഷനിൽ നിന്നും ആണ് രാജ്ഞി യാത്രതിരിച്ചത്. കൃത്യം 12 : 31ന് നോർഫോകിലെ കിങ്‌സ് ലിൻ സ്റ്റേഷനിൽ രാജ്ഞി എത്തിച്ചേർന്നു. തൊണ്ണൂറ്റിമൂന്നുകാരിയായ രാജ്ഞി, ഒരു കറുത്ത ഹാൻഡ്ബാഗും, പിങ്ക് നിറത്തിലുള്ള ഉടുപ്പും ധരിച്ച് പ്ലാറ്റ്ഫോമിലൂടെ നടന്നു നീങ്ങുന്ന കാഴ്ച ജനങ്ങൾക്ക് അത്ഭുതമായിരുന്നു. സഹയാത്രികരോട് രാജ്ഞി കുശലം പറയുകയും സഹൃദം പങ്കിടുകയും ചെയ്തു.

 

സാന്ദ്രിഗം എന്ന രാജ്ഞിയുടെ നോർഫോകിലുള്ള പ്രൈവറ്റ് എസ്റ്റേറ്റിലേക്കു സ്റ്റേഷനിൽ നിന്നും മുപ്പതു മിനിറ്റ് യാത്ര മാത്രമാണ് ഉള്ളത്. സമൂഹത്തോടുള്ള തന്റെ പ്രതിബദ്ധതയുടെ ഭാഗമായി രാജ്ഞിയുടെ ഈ യാത്രയെ നമുക്ക് വിലയിരുത്താം.

1952 മുതൽ ഏറ്റവും കൂടുതൽ കാലം ഒരു രാജ്യത്തിന്റെ നേതൃസ്ഥാനം വഹിക്കുന്ന വ്യക്തിയാണ് രാജ്ഞി. ട്രെയിനിൽ മറ്റേത് യാത്രക്കാരെയും പോലെതന്നെയാണ് രാജ്ഞിയും യാത്ര ചെയ്തതെന്ന് സഹയാത്രികർ പറയുന്നു. പ്ലാറ്റ്ഫോമിൽ ഇറങ്ങിയപ്പോൾ മാത്രമാണ് രാജ്ഞി ആ ട്രെയിനിൽ ഉണ്ടായിരുന്ന വിവരം താൻ അറിഞ്ഞതെന്ന് സഹയാത്രികയായ മോണിക്ക മാധ്യമങ്ങളോട് പറഞ്ഞു. തന്റെ പ്രൈവറ്റ് എസ്റ്റേറ്റിലെ ക്രിസ്മസ് ആഘോഷങ്ങൾക്കായാണ് രാജ്ഞി എത്തിച്ചേർന്നത്. രാജ കുടുംബത്തിലെ മറ്റ് അംഗങ്ങളും രാജ്ഞിയെ അനുഗമിക്കും.