‘ദൃശ്യം 2’ ഓടിടിയിൽ റിലീസ് ചെയ്യാനിരിക്കെ സിനിമാസംഘടനകളിൽ നിന്നും ആരാധകരിൽ നിന്നും നേരിടുന്ന വിമർശനകൾക്കും വിവാദങ്ങൾക്കും മറുപടി പറയുകയാണ് നിർമ്മാതാവ് ആന്റണി പെരുമ്പാവൂർ. സൂപ്പർ ഹിറ്റ് ചിത്രമായ ദൃശ്യത്തിന്റെ രണ്ടാം ഭാഗമായ ‘ദൃശ്യം2’ ഓടിടി പ്ലാറ്റ്‌ഫോമായ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യുമെന്ന് ജനുവരി ഒന്നിനാണ് അണിയറപ്രവർത്തകർ അറിയിച്ചത്. അതിനെ തുടർന്ന് സിനിമാസംഘടനകൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു.
തിയേറ്ററുകളിലേക്ക് വലിയ രീതിയിൽ ആളുകളെ എത്തിക്കാൻ കെൽപ്പുള്ള മോഹൻലാലിന്റെ ‘ദൃശ്യം’ പോലുള്ളൊരു ചിത്രം ഓടിടിയിൽ റിലീസ് ചെയ്യുകവഴി തിയേറ്റർ ഉടമകൾക്കും വിതരണക്കാർക്കും വലിയ നഷ്ടമാണ് സംഭവിക്കാൻ സാധ്യതയുള്ളതെന്നും തിയേറ്റർ ഉടമകളുടെ അസോസിയേഷനായ ഫിയോക്കിന്റെ തലവനും കൂടിയായ ആന്റണി പെരുമ്പാവൂരിന്റെ ഭാഗത്തു നിന്ന് ഇങ്ങനെ ഒരു ചുവടുവെപ്പ് ഉണ്ടായത് നിർഭാഗ്യകരമായി പോയെന്നുമാണ് പ്രധാനമായും ഈ വിഷയത്തിൽ ഉയർന്നുവന്ന വിമർശനങ്ങൾ.
“നൂറുകോടി മുടക്കി നിർമ്മിച്ച മരക്കാർ: അറബിക്കടലിന്റെ സിംഹം എന്ന സിനിമ റിലീസിന് ഒരുങ്ങുമ്പോഴാണ് കോവിഡ് മഹാമാരി മൂലം തിയേറ്ററുകൾ അടയ്ക്കുന്നത്. ഒമ്പത് മാസമായി തിയേറ്ററുകൾ അടയ്ക്കുകയും വൻ മുതൽമുടക്കുള്ള ഒരു ചിത്രം നിർമ്മാണജോലികൾ പൂർത്തിയായി കയ്യിലിരിക്കുകയും ചെയ്യുന്നത് ഏറെ വിഷമകരമായ ഒരു അവസ്ഥയാണ്,” ആന്റണി പെരുമ്പാവൂർ അഭിമുഖത്തിൽ പറഞ്ഞു.
പ്രതിസന്ധിഘട്ടത്തിൽ മോഹൻലാലാണ് തനിക്ക് ധൈര്യം പകർന്നതെന്നും ആന്റണി പെരുമ്പാവൂർ പറയുന്നു. “നൂറു കോടി രൂപ മുടക്കിയ സിനിമയുടെ റിലീസ് അനന്തമായി നീണ്ടുപോകുന്നത് ഉണ്ടാക്കുന്ന ബാധ്യത ചെറുതല്ല. എന്നു റിലീസ് ചെയ്യാനാവും എന്നു പോലും അറിയാതെയാണ് ഒമ്പത് മാസം കാത്തിരുന്നത്. ആദ്യം കുറച്ചുനാളുകൾ പിരിമുറുക്കം മൂലം ഞാൻ തളർന്നു പോയിരുന്നു. “ആന്റണി വരുന്നിടത്തുവച്ചു കാണാം, എല്ലാം മറക്കുക,” മോഹൻലാൽ എന്ന മനുഷ്യൻ പറഞ്ഞ വാക്കുകൾ മാത്രമാണ് എന്നെ പിടിച്ച് നിർത്തിയത്.”
‘മരക്കാർ’ എന്ന വലിയ സ്കെയിലിലുള്ള, തിയേറ്ററുകളിൽ ആസ്വദിക്കേണ്ട ഒരു ചിത്രം തിയേറ്ററിൽ എത്തിക്കാനുള്ളതിന്റെ ഭാഗമായി കൂടിയാണ് ‘ദൃശ്യം2’ ഓടിടിയ്ക്ക് വിിൽക്കുന്നതെന്നും അതിൽ തനിക്ക് വലിയ വേദനയുണ്ടെന്നും ആന്റണി പെരുമ്പാവൂർ കൂട്ടിച്ചേർത്തു. താനെന്ന നിർമ്മാതാവിന്റെ അതിജീവനത്തിന്റെ പ്രശ്നമാണിതെന്നും താനൊരു വലിയ കോർപ്പറേറ്റ് കമ്പനിയാന്നുമല്ല, ഒരു സാധാരണ മനുഷ്യനാണെന്ന് വിമർശിക്കുന്നവർ മനസ്സിലാക്കണമെന്നും ആന്റണി പെരുമ്പാവൂർ പറഞ്ഞു.
വലിയ തുകയ്ക്കാണ് ആമസോണിന് ചിത്രം കരാർ ആയിരിക്കുന്നത് എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. എന്നാൽ ഇതുമായി സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ചിത്രം ഓടിടി പ്ലാറ്റ്ഫോമിൽ എന്നത്തേക്ക് റിലീസ് ആവുമെന്നതിനെ കുറിച്ചും വ്യക്തയില്ല.
കോവിഡ് കാരണമുള്ള അനിശ്ചിതത്വം തന്നെയാണ് ഒടിടി പ്രദർശനത്തിനുള്ള പ്രധാന കാരണമെന്ന് ചിത്രത്തിന്റെ സംവിധായകനായ ജീത്തു ജോസഫും പ്രതികരിച്ചു. ” ജനുവരി 26ന് തീയറ്ററിൽ റിലീസ് ചെയ്യാമെന്ന് തന്നെയാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ ഡിസംബറിലാണ് ഓടിടി എന്ന ഈ തീരുമാനം എടുക്കുന്നത്. കോവിഡ് പ്രതിസന്ധി കുറയുന്നുമില്ല, ബ്രിട്ടണിലൊക്കെ വൈറസിന്റെ വകഭേദം കണ്ടെത്തുകയും ചെയ്തു. റിലീസ് ചെയ്താലും തീയറ്ററിൽ അധികം ആളുകൾ വരണമെന്നില്ല. നാലഞ്ച് ദിവസം കഴിയുമ്പോൾ പലരും ഇതിന്റെ പൈറേറ്റഡ് കോപ്പി എടുത്ത് പുറത്തിറക്കുകയും ചെയ്യും. അതിലും നല്ലത് ആമസോണിലൂടെ ഒടിടി റിലീസ് തന്നെയാണെന്ന് ഞങ്ങൾ തീരുമാനിക്കുകയായിരുന്നു.”
Leave a Reply