ബിനോയ് എം. ജെ.

തൊഴിൽ എന്നാൽ കർമ്മം എന്നാണ് എപ്പോഴും അർത്ഥം വരുന്നത്. എല്ലാവരും തന്നെ ഏതെങ്കിലും വിധത്തിലുള്ള കർമ്മം ചെയ്യുന്നുണ്ടെന്നും അഥവാ ആരെങ്കിലും എല്ലാ കർമ്മങ്ങളിൽ നിന്നും വിരമിച്ചാൽ അയാൾ ധ്യാനം അഥവാ തപസ്സ് എന്ന അവസ്ഥയിലാണെന്നും സാമാന്യമായി പറയാം. ഇപ്രകാരമുള്ള ധ്യാനമാവട്ടെ മറ്റെല്ലാ കർമ്മങ്ങളേക്കാൾ ശ്രേഷ്ഠവുമാണ്. അപ്പോൾ പിന്നെ തൊഴിലില്ലായ്മ എന്ന സങ്കൽപം വ്യർത്ഥവും ‘അലസത’ ഒരു നുണയുമാകുവാനേ വഴിയുള്ളൂ. നിലവിലുള്ള സാഹചര്യങ്ങളിൽ അടിമപ്പണി മാത്രമേ തൊഴിലായി എണ്ണപ്പെടുന്നുള്ളൂ.

തൂമ്പ എടുത്തു പണിയുകയും മറ്റു ശാരീരികജോലികൾ ചെയ്യുകയും ചെയ്യുന്നവർ കരുതുന്നു തങ്ങൾ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്ന്. ഓഫീസിൽ കംപ്യൂട്ടറിന്റെ മുന്നിലിരുന്ന് ജോലിചെയ്യുന്നവർ പറയുന്നു തങ്ങൾ ചെയ്യുന്ന ജോലി എല്ലാവർക്കും ചെയ്യുവാനാവില്ല, അതിനാൽ തങ്ങൾ മാത്രമേ ജോലി ചെയ്യുന്നുള്ളൂ എന്ന്. ഇനി പഠന ഗവേഷണങ്ങളിൽ ഏർപ്പടുന്നവർ പറയുന്നു തങ്ങൾ മാത്രമേ അറിവ് വർദ്ധിപ്പിക്കുന്നുള്ളൂ , മറ്റുള്ളവരെല്ലാം സമയം പാഴാക്കുകയാണ്. അതുപോലെ തന്നെ ജോലി ചെയ്യുന്നവർ പഠിതാക്കളെ നോക്കി അവർ സമയം പാഴാക്കുകയാണ് എന്ന് ആരോപിക്കുന്നു. ഇനി തപസ്സിലും ധ്യാനത്തിലും വ്യാപരിക്കുന്നവരെ നോക്കി മറ്റുള്ളവർ പറയുന്നു- അവർ ജീവിതം തന്നെ പാഴാക്കുകയാണ്. ഇത്തരം വാദങ്ങൾ അപക്വതയുടെയും അജ്ഞാനത്തിന്റെയും ദൃഷ്ടാന്തങ്ങൾ മാത്രമാണ്.

തൊഴിലില്ലായ്മയെക്കുറിച്ച് വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഈ കാലത്ത്, ആ പദത്തിന്റെ അർത്ഥം എന്താണെന്നും അതിന്റെ പരിഹാരം എന്താണെന്നും കൂലങ്കഷമായി ചിന്തിക്കേണ്ടിയിരിക്കുന്നു. മുമ്പ് സൂചിപ്പിച്ച മാതിരി മുതലാളിമാർക്കുവേണ്ടി അടിമപ്പണി ചെയ്യുന്നവർക്ക് മാത്രമേ എന്തെങ്കിലും പ്രതിഫലം കിട്ടുന്നുള്ളുവെന്നും സ്വയം പ്രേരിതമായി കർമ്മം ചെയ്യുന്നവർക്ക് അംഗീകാരമോ ശമ്പളമോ കിട്ടുന്നില്ലെന്നും ഉള്ളത് ഒരു വലിയ സാമ്പത്തിക- സാമൂഹിക പ്രതിസന്ധിയിലേക്ക് വിരൽ ചൂണ്ടുന്നു. പ്രതിഫലമില്ലാതെ ജോലിചെയ്യുക എന്നത് മനുഷ്യമനസ്സുകളിൽ അസംതൃപ്തിയുടെയും അസ്വസ്ഥതയുടെയും വിത്തുകൾ പാകുന്നു. ഇപ്രകാരം സ്വന്തം സർഗ്ഗശേഷിയും, ക്രിയാത്മകതയും ഭാവാത്മകതയും ഉപയോഗിച്ച് വെറും അടിമപ്പണിയേക്കാൾ എത്രയോ ശ്രേഷ്ഠവും ഉന്നതവുമായ കർമ്മങ്ങൾ ചെയ്യുന്നവർ കാലക്രമത്തിൽ സമൂഹത്തിൽ സാമ്പത്തിക വിപ്ലവത്തിന്റെ വിത്തുകൾ പാകും എന്നതിൽ സംശയം വേണ്ട. ഇത് അപ്രതീക്ഷിതമായ വലിയ പൊട്ടിത്തെറികളിലേക്ക് നയിച്ചേക്കാം.

ഭാരതത്തെ പോലെയുള്ള ഒരു മുതലാളിത്ത- വികസ്വര സമ്പത്ത് വ്യവസ്ഥയിൽ പുരോഗതി ഉണ്ടാവണമെങ്കിൽ ധാരാളം സംരംഭകർ മുന്നോട്ട് വരേണ്ടിയിരിക്കുന്നു. സമ്പദ് വ്യവസ്ഥയുടെ മുഴുവൻ പ്രതീക്ഷ അവരിലാണ്. പുതിയ തൊഴിൽ സംരംഭങ്ങൾ സൃഷ്ടിക്കുവാനും നിശ്ശബ്ദരായി ജോലി ചെയ്യുന്നവർക്ക് പുതിയ ദിശാബോധം കൊടുക്കുവാനും അവർക്ക് മാത്രമേ കഴിയൂ. നമ്മുടേതുപോലെയുള്ള ഒരു സമ്പദ് വ്യവസ്ഥയിൽ ഗവൺമെന്റിനെ അധികം ആശ്രയിക്കുന്നത് മഠയത്തരമാണ്. സാമ്പത്തിക പുരോഗതിയുടെ ചുക്കാൻ പിടിക്കേണ്ടത് നാമോരോരുത്തരുമാണ്. അടിമപ്പണി മാത്രമല്ല തൊഴിലെന്നും സ്വയം തൊഴിൽ കണ്ടെത്തുന്നത് അടിമപ്പണിയേക്കാൾ അത്യധികം ശ്രേഷ്ഠമാണെന്നും നാമിനിയും മനസ്സിലാക്കേണ്ടിയിരിക്കുന്നു. ഒരു വികസിത സമ്പദ്ഘടനയും വികസ്വര സമ്പദ് ഘടനയും തമ്മിലുള്ള ഏക വ്യത്യാസം വികസിത സമ്പദ് ഘടനയിൽ എല്ലാവർക്കും പ്രതിഫലം കിട്ടുമ്പോൾ വികസ്വര സമ്പദ് ഘടനയിൽ ഏതാനും ചിലർക്ക് മാത്രമേ അത് കിട്ടുന്നുള്ളൂ എന്നതാണ്. അല്ലെങ്കിൽ വികസിത സമ്പദ് ഘടന സുസംഘടിതമായിരിക്കുമ്പോൾ വികസ്വര സമ്പദ് ഘടന അസംഘടിതമാണ്.

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.

ഫോൺ നമ്പർ: 917034106120