ന്യൂസ് ഡെസ്ക് മലയാളം യുകെ
ലോകത്തിലെ തന്നെ ഏറ്റവും വലിയ കോവിഡ് വാക്സിൻ നിർമാതാക്കളായ ഇന്ത്യയ്ക്ക് കയറ്റുമതിക്ക് ആവശ്യമായ അളവിൽ നിർമ്മാണം വിപുലീകരിക്കാൻ കഴിയുന്നില്ല എന്നത് ലോകം മുഴുവൻ പ്രതിസന്ധിയോടെയാണ് കാണുന്നത്. എസ് ഐ ഐ, ( സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ) നൊവാ വാക്സ്, ആസ്ട്രാസെനെക വാക്സിനുകളാണ് വ്യാപകമായി നിർമ്മിക്കുന്നത്. എന്നാൽ ഇപ്പോൾ വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ അസംസ് കൃത വസ്തുക്കൾ ലഭിക്കാത്ത സാഹചര്യത്തിൽ യുകെ, നേപ്പാൾ പോലെയുള്ള രാജ്യങ്ങളിലേക്ക് ആവശ്യപ്പെട്ടതനുസരിച്ചുള്ള അളവിൽ വാക്സിനുകൾ നിർമ്മിച്ചു നൽകാൻ കഴിയാത്ത അവസ്ഥയാണുള്ളത്. വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ ഫിൽറ്ററുകൾ, പ്രത്യേക ബാഗുകൾ തുടങ്ങിയവ കയറ്റുമതി ചെയ്യുന്നത് യുഎസ് നിർത്തലാക്കിയതോടെയാണ് പ്രതിസന്ധി രൂക്ഷമായതെന്ന് ചീഫ് എക്സിക്യൂട്ടീവ് അദർ പൂനവല്ല പറഞ്ഞു. സെൽ കൾച്ചർ മീഡിയ, ഒറ്റത്തവണ ഉപയോഗിക്കാവുന്ന ട്യൂബുകൾ, വാക്സിൻ നിർമ്മാണത്തിനുള്ള കെമിക്കലുകൾ എന്നിവയും യുഎസിൽ നിന്ന് ഇറക്കുമതി ചെയ്യാൻ ബുദ്ധിമുട്ട് നേരിടുന്നുണ്ട് .
രാജ്യത്തിന് പറഞ്ഞ അളവിലുള്ള വാക്സിനുകൾ കയറ്റുമതി ചെയ്ത് വാക്കു പാലിക്കാൻ കഴിയുന്നില്ല എന്നുള്ളത് നേരാണ്, എന്നാൽ അസംസ്കൃതവസ്തുക്കളുടെ പരിമിതി മൂലമാണ് ഇത് സംഭവിക്കുന്നത് എന്നതിനെപ്പറ്റി ആരും ചർച്ച ചെയ്യുന്നില്ല. ആവശ്യാനുസരണമുള്ള അസംസ്കൃതവസ്തുക്കൾ ലഭ്യമാക്കാൻ എസ് ഐ ഐ ഇന്ത്യൻ ഗവൺമെന്റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
വാക്സിൻ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ അധികമായി രാജ്യത്തിന് പുറത്തു പോകാതിരിക്കാൻ ശ്രദ്ധിക്കണം എന്ന് ജോ ബൈഡൻ രാജ്യത്തോട് ആവശ്യപ്പെട്ടിരുന്നു.രാജ്യത്തിനുള്ളിൽ നിർമ്മാണത്തിന് ആവശ്യമായ വസ്തുക്കൾ അധികമായി കയറ്റുമതി ചെയ്യാതിരിക്കാനുള്ള ഡി പി എ നിയമം ഉപയോഗിച്ചാണ് ബൈഡൻ അസംസ് കൃതവസ്തുക്കൾ തടഞ്ഞു വെക്കുന്നത്.
ലോക വ്യാപകമായി ഒരു പ്രത്യേക വിഭാഗത്തിലുള്ള അസംസ്കൃത വസ്തുക്കൾക്ക് ആവശ്യം കൂടുമ്പോൾ സ്വാഭാവികമായും ക്ഷാമം നേരിടേണ്ടിവരുമെന്ന് ലിവർപൂളിലെ ജോൺ മൂർ യൂണിവേഴ്സിറ്റിയിലെ വാക്സിൻ സപ്ലൈ ചെയിൻ എക്സ്പെർട്ടായ സാറ ഷിഫ്ളിങ് അഭിപ്രായപ്പെട്ടു.
കഴിഞ്ഞ സെപ്റ്റംബറിൽ 130 മില്യൺ കോവി ഷീൽഡ് നിർമ്മിക്കാമെന്ന് എസ് ഐ ഐ ഉറപ്പു നൽകിയിരുന്നതാണ്. എന്നാൽ ഇപ്പോൾ പ്രതിമാസം 60 മുതൽ 70 മില്യൺ വരെ വാക്സിനുകൾ മാത്രമാണ് നിർമ്മിക്കാൻ കഴിയുന്നത്. രാജ്യത്തിനുള്ളിൽ 39 മില്യണോളം പൗരന്മാർക്ക് വാക്സിനേഷൻ നൽകാൻ ഇന്ത്യയ്ക്ക് കഴിഞ്ഞിട്ടുണ്ട് ഒപ്പം തന്നെ സൗത്ത് ഏഷ്യയിലെ അയൽ രാജ്യങ്ങൾക്ക് സംഭാവനയായി വാക്സിൻ നല്കാനും രാജ്യം മുൻകൈ എടുത്തു എന്നതും ശ്രദ്ധേയമാണ്.
Leave a Reply