ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : ബ്ലാക്ക്പൂളിനെ അപേക്ഷിച്ച് ബെനിഡോമിലെ അവധിക്കാലം സുരക്ഷിതമാണെന്ന് പുതിയ പഠനം. ഗ്രീൻ ലിസ്റ്റിലുള്ള രാജ്യങ്ങളിൽ നിന്ന് മടങ്ങുന്നവരേക്കാൾ ഇംഗ്ലണ്ടിലെ ചില പ്രദേശങ്ങളിൽ താമസിക്കുന്ന ആളുകൾക്ക് കോവിഡ് പിടിപെടാനുള്ള സാധ്യത കൂടുതലാണെന്നാണ് എൻഎച്ച്എസ് വിശകലനത്തിൽ പറയുന്നത്. സിഗ്‌നോപോസ്റ്റിന്റെ ഗവേഷണ പ്രകാരം ബ്ലാക്ക്‌പൂൾ ഉൾപ്പെടുന്ന വടക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ആളുകൾ 1.56 ശതമാനം നിരക്കിൽ രോഗബാധിതരാവുന്നുണ്ട്. സ്പെയിനിൽ നിന്ന് മടങ്ങിയെത്തുന്ന യാത്രക്കാർക്ക് റിപ്പോർട്ട് ചെയ്ത 0.7 ശതമാനത്തിന്റെ ഇരട്ടിയാണിത്. സ്പെയിൻ നിലവിൽ ആമ്പർ ട്രാവൽ ലിസ്റ്റിലാണ്. അതായത് രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർക്ക് സ്പെയിനിലേക്ക് ക്വാറന്റീൻ രഹിത യാത്ര ആസ്വദിക്കാം. ഓഗസ്റ്റ് 11 വരെയുള്ള മൂന്ന് ആഴ്ചകളിൽ ഇംഗ്ലണ്ടിന്റെ മൊത്തത്തിലുള്ള ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 1.36 ശതമാനമായിരുന്നു. ആമ്പർ ലിസ്റ്റിൽ ഉൾപ്പെട്ട രാജ്യങ്ങളിൽ നിന്ന് തിരികെയെത്തിയ 500,000 യാത്രക്കാരിൽ ഈ നിരക്ക് 1.3 ആയിരുന്നു. ടെസ്റ്റിംഗിൽ യുകെയുടെ കർശനമായ നിയമങ്ങളാണ് ഇതിന് കാരണമെന്ന് പലരും ചൂണ്ടിക്കാട്ടി.

ബ്ലാക്ക്പൂൾ അല്ലെങ്കിൽ കോൺ‌വാൾ സന്ദർശിക്കുന്ന ആളുകളോട് ഞങ്ങൾ ചെലവേറിയ പിസിആർ ടെസ്റ്റുകൾ എടുക്കാൻ ആവശ്യപ്പെടുന്നില്ലെന്ന് എയർലൈൻസ് യുകെ ചീഫ് എക്സിക്യൂട്ടീവ് ടിം ആൽഡർസ്‌ലേഡ് പറഞ്ഞു. “നിലവിലെ യാത്രാ നിയന്ത്രണങ്ങൾ യൂറോപ്പിന്റെ മറ്റ് രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ യുകെ അവരിൽ നിന്നൊക്കെ വേറിട്ടു നിൽക്കുന്നു. യുകെയ്ക്ക് കോടിക്കണക്കിന് വ്യാപാര നഷ്ടം സംഭവിച്ചു.” അദ്ദേഹം കൂട്ടിച്ചേർത്തു. “യുകെയേക്കാൾ കുറഞ്ഞ കോവിഡ് അപകടസാധ്യതയാണ് മറ്റു പല രാജ്യങ്ങളിലും. ഈ വസ്തുത അർത്ഥമാക്കുന്നത് നമുക്ക് കൂടുതൽ പ്രായോഗിക സമീപനം ആവശ്യമാണെന്നതാണ്.” ടോറി എംപി ഹെൻറി സ്മിത്ത് വ്യക്തമാക്കി. ബെനിഡോർമിലേക്കുള്ള ഒരു യാത്ര യുകെയിലെ താമസസ്ഥലത്തേക്കാൾ സുരക്ഷിതമാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.