സ്വത്ത് കൈക്കലാക്കാനായി സൂരജ് പാമ്പിനെ കൊണ്ട് കടിപ്പിച്ച കൊന്ന ഉത്രയുടെ മകൻ ഇനി ധ്രുവ് അല്ല ആർജവ്. അച്ഛൻ സൂരജും അച്ഛന്റെ വീട്ടുകാരും ഇട്ട ധ്രുവ് എന്നപേര് ഉത്രയുടെ വീട്ടുകാർ മാറ്റുകയായിരുന്നു. ആർജവത്തോടെ ലോകത്ത് ജീവിക്കേണ്ട കുട്ടിയായതുകൊണ്ടാണ് ആർജവ് എന്നപേര് നൽകിയതെന്ന് ഉത്രയുടെ അച്ഛൻ വിജയസേനൻ പറയുന്നു. അമ്മ മരിക്കുമ്പോൾ കുഞ്ഞിന് ഒരുവയസായിരുന്നു. ആർജവിന് ഇപ്പോൾ രണ്ടുവയസ്സും മൂന്നുമാസവുമായിരിക്കുകയാണ്. ഉത്രയുടെ വീട്ടിൽ മുത്തശ്ശനും മുത്തശ്ശിക്കും മാമൻ വിഷ്ണുവിനുമൊപ്പമാണ് ആർജവ് ഇപ്പോൾ കഴിയുന്നത്. ഈ കുടുംബത്തിന്റെ എല്ലാ പ്രതീക്ഷകളും ഈ കുഞ്ഞാണ്.
ഉത്രയുടെ മരണത്തിനുപിന്നാലെ സൂരജിന്റെ വീട്ടുകാർ ഉത്രയുടെ സ്വത്തിന് അവകാശം ഉന്നയിക്കാനായി കുട്ടിയെ ഒളിപ്പിച്ചുവെയ്ക്കുക പോലും ചെയ്തിരുന്നു. പിന്നീട് ശിശുക്ഷേമസമിതി ഇടപെട്ട് കുട്ടിയെ ഉത്രയുടെ വീട്ടുകാരെ ഏൽപ്പിച്ചത്. പിന്നീട് അമ്മയില്ലാത്തതിന്റെ കുറവുവരുത്താതെ ഉത്രയുടെ മാതാപിതാക്കൾ പേരക്കുട്ടിയെ സ്നേഹത്തോടെ വളർത്തുകയാണ്. ദിവസവും അമ്മയെ കണ്ടും അറിഞ്ഞുമാണ് ആർജവ് വളരുന്നത്. എന്നും രാവിലെ എഴുന്നേറ്റാൽ അമ്മയുടെ ചിത്രത്തിനുമുന്നിൽ പോയി തൊഴുത് ഉമ്മകൊടുക്കും. പിന്നീടാണ് മറ്റുകാര്യങ്ങൾ ചെയ്യുന്നത്.
2020 മേയ് ഏഴിനാണ് കൊല്ലം ഏറം വെള്ളാശേരി വീട്ടിൽ വിജയസേനൻ-മണിമേഖല ദമ്പതിമാരുടെ മകൾ ഉത്ര(25)യാണ് സ്വന്തം വീട്ടിനുള്ളിൽ പാമ്പുകടിയേറ്റ് മരിച്ചത്. ഉറങ്ങാൻ കിടന്ന ഉത്തരയെ പാമ്പുകടിയേറ്റ് മരിച്ചനിലയിലാണ് കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആദ്യം സ്വാഭാവിക മരണമായി കണ്ടെങ്കിലും വീട്ടുകാരുടെ പരാതിയെത്തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഉത്രയുടെ ഭർത്താവ് സൂരജ് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നെന്ന് കണ്ടെത്തിയത്. ഉത്ര കേസ് ഇപ്പോൾ വിചാരണ നടക്കുകയാണ്. ജൂലായ് 10നുമുൻപായി വിചാരണ പൂർത്തിയാകും.
Leave a Reply