ബിനോയ് എം. ജെ.

ജീവിതത്തിന്റെ അന്തിമമായ ലക്ഷ്യം ആത്മസാക്ഷാത്കാരം(Self- Actualization) ആകുന്നു. മന:ശ്ശാസ്ത്രജ്ഞൻമാരുടെ അഭിപ്രായത്തിൽ ഇത് അവസാനത്തെ ആവശ്യവും ആകുന്നു. ആത്മസാക്ഷാത്കാരത്തോടെ മനുഷ്യജീവിതം അതിന്റെ പരിസമാപ്തിയിലേക്ക് വരുന്നു. ഈ ജഗത്ത് ഉത്ഭവിച്ചത് ഈശ്വരനിൽ നിന്നും ആണെങ്കിൽ അത് പരിണാമത്തിലൂടെ ഈശ്വരനിൽ തന്നെ ലയിക്കേണ്ടിയിരിക്കുന്നു. ദ്രവ്യം പരിണമിച്ച് ജീവൻ ഉണ്ടാകുന്നു ; ഈ ജീവൻ ആദ്യം സസ്യമായും പിന്നീട് സസ്യം പരിണമിച്ച് ജന്തുവായും മാറുന്നു. ജന്തുക്കൾ പരിണമിച്ച് മനുഷ്യൻ ഉണ്ടാകുന്നു. മനുഷ്യനിൽ എത്തുന്നതോടെ പരിണാമം ഏറെക്കുറെ അവസാനിക്കുകയും പിന്നീടവൻ പരിശ്രമത്തിലൂടെ ഈശ്വരൻ ആവുകയും ചെയ്യുന്നു.

മനുഷ്യനിൽ എത്തുന്നതോടെ പരിണാമം അവസാനിക്കുന്നുവെന്നും പിന്നീടുള്ള പുരോഗതിക്ക് പരിശ്രമമാണ് വേണ്ടതെന്നും പ്രസ്താവിച്ചുകഴിഞ്ഞു. എന്താണീ പരിശ്രമം? തന്നിൽ തന്നെ ഈശ്വരനെ കണ്ടെത്തുക! സ്വയം ഈശ്വരൻ ആവുക. താൻ ഇന്നും എന്നും ഈശ്വരൻ ആയിരുന്നുവെന്നും മറ്റുള്ളതെല്ലാം മതിഭ്രമങ്ങൾ മാത്രം ആയിരുന്നു എന്നും അറിയുക. ഇത്തരമൊരു അറിവിലേയ്ക്കും ബോധ്യത്തിലേയ്ക്കും എത്തുന്നയാൾക്ക് പിന്നീട് നേടിയെടുക്കുവാൻ യാതൊന്നുമില്ല. അയാളുടെ ജീവിത ലക്ഷ്യം തിരോഭവിക്കുന്നു. മറ്റൊരു രീതിയിൽ പറഞ്ഞാൽ ജീവിതലക്ഷ്യം ആരിൽ തിരോഭവിക്കുന്നുവോ അയാൾ ഈശ്വരൻ ആയി മാറുന്നു. അയാളിലെ ഈശ്വരൻ സാക്ഷാത്കരിക്കപ്പെടുന്നു. അതിനാൽ തന്നെ ലക്ഷ്യങ്ങളെ ഉപേക്ഷിക്കുക അഥവാ ആഗ്രഹങ്ങളെ ഉപേക്ഷിക്കുക എന്നതാണ് അന്തിമമായ ജീവിതലക്ഷ്യം. ശ്രീബുദ്ധൻ പറയുന്നു- “നദിയിൽ ഒഴുകി നടക്കുന്ന തടിക്കഷണം പോലെ ആകുക”. ഓഷോ പറയുന്നു- “കാറ്റിൽ സഞ്ചരിക്കുന്ന മേഘം പോലെ ആകുക.” നദിയിൽ ഒഴുകുന്ന തടി കഷണത്തിനോ കാറ്റിൽ സഞ്ചരിക്കുന്ന മേഘത്തിനോ തനതായ ലക്ഷ്യങ്ങൾ ഒന്നുമില്ല .എങ്കിലും അവ ലക്ഷ്യത്തിലെത്തുന്നു.

ഇവിടെ ലക്ഷ്യത്തിലെത്തണമെങ്കിൽ എല്ലാ ലക്ഷ്യങ്ങളും ഉപേക്ഷിക്കണമെന്ന് സിദ്ധിക്കുന്നു . ആഗ്രഹങ്ങൾ പരിമിതിയെ സൂചിപ്പിക്കുന്നു. നിങ്ങൾ യാതൊരു പരിമിതിയും ഇല്ലാത്ത അന്തസത്തയായ ഈശ്വരനാകുന്നു .നിങ്ങൾ ആഗ്രഹങ്ങളുടെ പുറകെ പോവുകയാണെങ്കിൽ നിങ്ങളുടെ ഉള്ളിൽ ഒരു ആശയക്കുഴപ്പം ജനിക്കുന്നു -ഞാൻ പരിമിതനോ അതോ അപരിമിതനോ ? ഈ ആശയക്കുഴപ്പം നിങ്ങളുടെ മനസ്സിന്റെ ശാന്തി തകർക്കുന്നു. ആശയക്കുഴപ്പത്തിൽ നിങ്ങൾ വട്ടം ചുറ്റുന്നു. നിങ്ങൾ ലക്ഷ്യത്തിലെത്താതെ പോകുന്നു.

അതിനാൽ എല്ലാ ആഗ്രഹങ്ങളെയും ഉപേക്ഷിക്കുവിൻ. അപ്പോൾ നിങ്ങൾ പരിപൂർണ്ണൻ ആകുന്നു .നിങ്ങൾ അപൂർണ്ണനാണെന്ന തോന്നലാണ് നിങ്ങളുടെ അപൂർണ്ണതയുടെ കാരണം. നിങ്ങൾ എന്ത് ചിന്തിക്കുന്നുവോ അതുപോലെ ആയിത്തീരുകയും ചെയ്യുന്നു . ഇതാണ് മനുഷ്യന്റെ മന:ശ്ശാസ്ത്രം . ആഗ്രഹങ്ങളുടെ പുറകെ പോകുന്നയാൾ സ്വയം അപൂർണ്ണനാണെന്ന് കരുതുന്നു. ആഗ്രഹങ്ങളെ ഉപേക്ഷിക്കുന്നയാൾ സ്വയം പൂർണ്ണനാണെന്ന് കണ്ടെത്തുകയും ചെയ്യുന്നു. മനുഷ്യൻ സ്വയം പൂർണ്ണനാണ് . അതുകൊണ്ടാണ് അവന് പരിണാമം സംഭവിക്കുന്നില്ല എന്ന് തുടക്കത്തിൽതന്നെ പറഞ്ഞത് . ഈ പൂർണ്ണത ഒരു ബോധ്യം ആക്കി മാറ്റുന്നതാകുന്നു മനുഷ്യന്റെ ജീവിതലക്ഷ്യം.

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്ദമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.