ബിനോയ് എം. ജെ.

ഞാൻ ജീവിതത്തിൽ ആദ്യമായി പഠിക്കുന്ന തത്വങ്ങളിൽ ഒന്ന് സമത്വവാദമാണ്. അതിൽനിന്ന് ഞാനിന്നും പുതിയ പാഠങ്ങൾ പഠിക്കുന്നു. സമത്വം ഒരു യാഥാർഥ്യവും അസമത്വം ഒരു തോന്നലുമാണ്. സമൂഹത്തിൽ എവിടെ നോക്കിയാലും നാം കാണുന്നത് അസമത്വമാണ്. ഈ അസമത്വത്തിലും സമത കണ്ടെത്തുന്നവൻ ആണ് ഉത്തമനായ യോഗി. അസമത, മായയും സമത്വം സത്യവുമാണ്.

ഉത്കർഷതയും അപകർഷതയും തോന്നൽ മാത്രമാണ്. ഒന്ന് മറ്റൊന്നിലേക്ക് നയിക്കുന്നു. ഇന്ന് നിങ്ങൾക്ക് ഉത്കർഷത തോന്നുന്നുണ്ടെങ്കിൽ നാളെ അപകർഷത ആകും തോന്നുക. സുഖ, ദുഃഖങ്ങൾ ജീവിതത്തിൽ മാറിമാറി വരുന്നു. എല്ലാം അസമതയുടെ പരിണതഫലങ്ങൾ ആണ്. എന്നാൽ നിങ്ങൾക്ക് നല്ല ഒരു തലച്ചോർ ഉണ്ടെങ്കിൽ ഈ അസമതയിലും ഒരു സമത്വം കണ്ടെത്താനാകും. അതാണ് പ്രകൃതി നിങ്ങളിൽനിന്ന് ആവശ്യപ്പെടുന്നതും. അത്തരം വ്യക്തികളെ പരമഹംസർ എന്നാണ് ഭാരതീയ തത്ത്വചിന്തയിൽ വിളിക്കുക. പരമഹംസർ ആയവൻ ജീവിതത്തിൽ വിജയിച്ചു കഴിഞ്ഞു. അയാൾ ഈശ്വരനെ ദർശിച്ചിരിക്കുന്നു. പൂച്ചയുടെയും പട്ടിയുടെയും മുന്നിൽ വീണു കിടന്നാരാധിക്കുവാനും അയാൾക്ക് മടിയുണ്ടാകില്ല.

കാര്യങ്ങൾ ഇങ്ങനെയൊക്കെ ആണെങ്കിലും ഒരിക്കൽ അസമത്വം സമൂഹത്തിൽ നിലനിന്നിരുന്നെങ്കിൽ പിന്നീട് ഒരു കാലത്തും അവിടെ സമത്വം വരാൻ പോകുന്നില്ല . ഉദാഹരണത്തിന് സ്ത്രീകൾ വളരെ കാലങ്ങളായി അടിച്ചമർത്തപ്പെട്ടു വരികയാണെങ്കിൽ വരുംകാലങ്ങളിൽ അവർ അധികാരവും മേൽക്കോയ്മയും കൈവരിക്കും. തൊഴിലാളികൾ വളരെ കാലങ്ങളായി അടിച്ചമർത്തപ്പെട്ടു വരുന്നു. അതിനാൽ സോഷ്യലിസ്റ്റ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥ വരുമ്പോൾ അവരായിരിക്കും ഭരണാധികാരികൾ. നോക്കൂ ഒരിക്കലും അസമത്വത്തിൽ നിന്നും സമത്വം ഉണ്ടാകുന്നില്ല. അസമത കൂടുതൽ അസമതയെ ജനിപ്പിക്കുന്നു. അതാകുന്നു പ്രകൃതിയുടെ സ്വരൂപം. അസമതയുടെ പ്രകൃതത്തെ മാറ്റുവാനേ നമുക്ക് കഴിയൂ അസമത്വത്തെ മാറ്റുവാൻ കഴിയില്ല. സാമ്പത്തിക അസമത്വം പരിഹരിക്കുമ്പോൾ രാഷ്ട്രീയ അസമത്വം വരുന്നു. രാഷ്ട്രീയ അസമത്വം പരിഹരിക്കുമ്പോൾ വൈജ്ഞാനിക അസമത്വം വരുന്നു.

ആയതിനാൽ അസമത്വത്തിൽ സമതയെ ദർശിക്കുവാൻ ശ്രമിക്കുവിൻ. ആഗ്രഹങ്ങൾ നിലനിൽക്കുന്നത് അസമത്വ ബോധം ഉള്ളിടത്താണ്. സമത്വബോധം ഉള്ളയാൾ ആഗ്രഹങ്ങളുടെ പുറകെ പോവുകയില്ല. അയാൾ എന്തെങ്കിലും ചെയ്യുന്നുണ്ടെങ്കിൽ അത് സ്വാർഥമോഹത്തിനുവേണ്ടി ആയിരിക്കുകയില്ല. മറിച്ച് അത് നിഷ്കാമകർമ്മം ആയിരിക്കും. അസംതൃപ്തി നിങ്ങളുടെ മനസ്സിൽ പ്രവേശിക്കാതെ ഇരിക്കട്ടെ. പകരം എല്ലാ സാഹചര്യങ്ങളിലും തുല്യതയും സമതയും ദർശിക്കുവിൻ. ഇക്കരെ നിൽക്കുമ്പോൾ അക്കരപ്പച്ച എന്ന് തോന്നാം. അത് മായയാണെന്ന് അറിഞ്ഞു കൊള്ളുവിൻ

 

ബിനോയ് എം.ജെ.
30 വർഷങ്ങളായി തത്വചിന്ത പഠിക്കുകയും 20 വർഷങ്ങളായി സാധന ചെയ്യുകയും ചെയ്യുന്നു .
28-മത്തെ വയസ്സിൽ ഔപചാരിക വിദ്യാഭ്യാസം ഉപേക്ഷിച്ചു. മാതാ അമൃതാനന്തമയിയുടെയും സദ്ഗുരു ജഗ്ഗി വാസുദേവൻെറയും ശിഷ്യനാണ്.