വനത്തിന്റെ ഓരോ സ്പന്ദനവും അറിയുന്ന അച്ഛനെ അതേവനത്തിനുള്ളിൽ വെച്ച് കാണാതായിട്ട് ഒരു മാസം പിന്നിടുമ്പോൾ വഴിക്കണ്ണുമായി കാത്തിരുന്ന മകൾക്ക് നിരാശ. സൈലന്റ് വാലി വനമേഖലയിൽ നിന്നും കാണാതായ വനംവകുപ്പ് വാച്ചർ രാജന്റെ മകൾ രേഖയാണ് വിവാഹദിനത്തിലും അച്ഛനെ കാത്തിരുന്നത്.
വിവാഹദിനത്തിലെങ്കിലും അച്ഛൻ കൈപിടിച്ച് നൽകാനെത്തുമെന്ന് പ്രതീക്ഷിച്ചായിരുന്നു മകൾ രേഖ ഓരോദിവസവും തള്ളി നീക്കിയിരുന്നത്. എന്നാൽ എല്ലാപ്രതീക്ഷകളും തകിടം മറിഞ്ഞു. ശനിയാഴ്ച രാവിലെ നടന്ന വിവാഹത്തിലേക്ക് അപ്രതീക്ഷിതമായി അച്ഛനെത്തുമെന്ന് തന്നെ രേഖ കൊതിച്ചെങ്കിലും ഒന്നുമുണ്ടായില്ല.
അച്ഛന് എന്തുപറ്റി എന്നെങ്കിലും അറിഞ്ഞാൽ കുറച്ചെങ്കിലും ആശ്വാസമാകുമെന്ന് രേഖ പറയുന്നു. രാജന് വഴിതെറ്റാനോ അപകടത്തിൽപ്പെടാനോ ഒരു സാധ്യതയുമില്ലെന്നാണ് രേഖയും ബന്ധുക്കളും പറയുന്നത്. രാജനെ വനത്തിനുള്ളിൽ വെച്ച് കാണാതായിട്ട് 38 ദിവസമായി.
കാണാതായെന്ന് അറിഞ്ഞ ദിവസം തൊട്ട് സർക്കാറിന്റെ മുഴുവൻ സംവിധാനങ്ങളും ഉണർന്ന് പ്രവർത്തിച്ച് തിരച്ചിൽ നടത്തിയെങ്കിലും ഇതുവരെ ഒരു തുമ്പും ലഭിച്ചില്ല. സൈലന്റ് വാലി ദേശീയ ഉദ്യാനത്തിൽ സൈരന്ധ്രി വാച്ച് ടവറിന് സമീപത്തുള്ള മെസിൽ നിന്നും ഭക്ഷണം കഴിച്ച് സമീപത്തെ ക്യാമ്പിലേക്ക് പോയ രാജനെ പിന്നെയാരും കണ്ടിട്ടില്ല.
രാജനെ കണ്ടെത്താനായി പോലീസ്, ഫോറസ്റ്റ്, കമാൻഡോ സംഘങ്ങളടക്കം ദിവസങ്ങൾ തിരച്ചിൽ നടത്തിയെങ്കിലും ഒരു സൂചന പോലും ലഭിച്ചില്ല. പതിറ്റാണ്ടുകളായി സൈലന്റ് വാലി കാടുകളെ അറിയുന്ന ആളാണ് രാജൻ. അതുകൊണ്ടു തന്നെ ഗതിമാറി സഞ്ചരിക്കുകയോ വഴിതെറ്റുകയോ ഉണ്ടാകില്ല. മകളുടെ വിവാഹം ഉറപ്പിച്ചതിന്റെ സന്തോഷത്തിലായിരുന്നു എന്നത് കൊണ്ട് തന്നെ സ്വയം അപായപ്പെടുത്തിയതാണെന്ന സംശയവും ആർക്കുമില്ല.
Leave a Reply