ലിസ മാത്യു, മലയാളം യു കെ ന്യൂസ് ടീം
യു കെ :- സ്വന്തം പിതാവിനെ കൊലപ്പെടുത്തുകയും, മാതാവിനെ കുത്തിപരുക്കേൽപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്ത മാനസിക അസ്വാസ്ഥ്യമുള്ള മകനെ മെന്റൽ ഹെൽത്ത് ആക്ട് പ്രകാരം മാനസിക ആരോഗ്യ ക്ലിനിക്കൽ പൂർണമായും തടവിൽ ആക്കുവാൻ നിർദ്ദേശിച്ചിരിക്കുകയാണ് കോടതി. ഇരുപത്തിമൂന്നുകാരനായ ഗാർവേ ഗെയിൽ ആണ് പിതാവ് മൈക്കിൾ ഗെയിലിനെ കൊലപ്പെടുത്തുകയും , മാതാവ് അമാൻഡ ബ്രൂക്സിനെ കുത്തിപ്പരുക്കേൽപ്പിക്കുവാൻ ശ്രമിക്കുകയും ചെയ്തത്. 2020 ഒക്ടോബറിലാണ് കാർഡിഫിലെ വീട്ടിൽ വെച്ച് പിതാവിനെ ഇയാൾ കൊലപ്പെടുത്തിയത്. മെന്റൽ ഹെൽത്ത് ആക്ടിലെ 37,41 എന്നീ സെക്ഷനുകൾ പ്രകാരം സൗത്ത് വെയിൽസിലെ കാസ്വെൽ ക്ലിനിക്കിൽ പൂർണ്ണമായും ഇയാളെ തടവിലാക്കാനാണ് കോടതി നിർദേശിച്ചിരിക്കുന്നത്. തിങ്കളാഴ്ച കാർഡിഫ് ക്രൗൺ കോടതിയാണ് ഈ വിധി പുറപ്പെടുവിച്ചത്. സ്കീസോഫ്രീനിയ എന്ന രോഗം മൂലമുള്ള മാനസിക ആസ്വാസ്ഥ്യമാണ് ഗാർവേയെ ഇത്തരം കുറ്റകൃത്യങ്ങളിലേക്ക് നയിക്കുന്നതെന്ന് കോടതി വിലയിരുത്തി.
പിന്നിട്ട മൂന്ന് വർഷങ്ങൾ ഒരു ഹൊറർ സിനിമയെക്കാൾ ഭീകരമായിരുന്നു എന്ന് ഗാർവേയുടെ സഹോദരിമാർ കോടതിയിൽ വ്യക്തമാക്കി. സ്വന്തം സഹോദരന് ഇത്തരം ഒരു വിധി ഉണ്ടായതിൽ സങ്കടം ഉണ്ടെന്നും, എന്നാൽ വർഷങ്ങളായി ലഭിക്കേണ്ടിയിരുന്ന കൃത്യമായ ചികിത്സാരീതികൾ ഇനി മുതൽ ലഭ്യമാകുമെന്ന് പ്രതീക്ഷയുണ്ടെന്നും സഹോദരി മരിസിയ ഗെയിൽ വ്യക്തമാക്കി. തങ്ങൾക്ക് പിതാവിനെ നഷ്ടമായതും, അമ്മയ്ക്ക് സ്വന്തം ഭർത്താവിനെ നഷ്ടമായതും ഒരിക്കലും നികത്താൻ ആവാത്തതാണെന്നും അവർ പറഞ്ഞു. കോടതിയുടെ വിധി അംഗീകരിക്കുന്നതായും കുടുംബാംഗങ്ങൾ വ്യക്തമാക്കി.
Leave a Reply