ലണ്ടന്‍: ബ്രെക്‌സിറ്റിനോട് അനുബന്ധിച്ച് യുകെയിലുള്ള യൂറോപ്യന്‍ യൂണിയന്‍ പൗരന്‍മാര്‍ക്ക് പ്രത്യേക രജിസ്റ്റര്‍ ഏര്‍പ്പെടുത്തും. യുകെയില്‍ തമാസിക്കുന്നു എന്ന സ്റ്റാറ്റസ് രജിസ്റ്റര്‍ ചെയ്യുന്നതിനാണ് ഇത്. ഇവര്‍ക് തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കാനും ഹോം ഓഫീസ് ആലോചിക്കുന്നുണ്ടെന്നാണ് വിവരം. 30 ലക്ഷത്തോളം യൂറോപ്യന്‍ പൗരന്‍മാരാണ് യുകെയില്‍ ജീവിക്കുന്നത്. ഇവര്‍ക്ക് കഴിഞ്ഞ 5 വര്‍ഷമായി യുകെയില്‍ കഴിയുന്ന മറ്റുള്ളവര്‍ക്ക് ലഭിക്കുന്ന സൗകര്യങ്ങള്‍ അതേവിധത്തില്‍ ലഭ്യമാകുമെന്ന് ഉറപ്പ് വരുത്തുന്ന പോളിസി പേപ്പറിലാണ് ഈ പ്രഖ്യാപനങ്ങള്‍ ഉള്ളത്.

ഇതിനായി ഒരു ഓണ്‍ലൈന്‍ ആപ്ലിക്കേഷന്‍ ഫോം പൂരിപ്പിച്ച് നല്‍കണം. എന്നാല്‍ സെറ്റില്‍ഡ് സ്റ്റാറ്റസ് അപേക്ഷയില്‍ ഇവര്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുമോ എന്ന കാര്യത്തില്‍ ഇതേവരെ വ്യക്തത വന്നിട്ടില്ല. വിവരങ്ങള്‍ ഹോം ഓഫീസ് ഡേറ്റബേസില്‍ സൂക്ഷിക്കുക മാത്രമാണോ ഉദ്ദേശിക്കുന്നതെന്നും വ്യക്തമല്ല. ഈ പദ്ധതികള്‍ അനുസരിച്ച് യൂറോപ്യന്‍ പൗരന്‍മാര്‍ ആരും യുകെ വിട്ടുപോകാന്‍ ആവശ്യപ്പെടില്ലെന്ന് പ്രധാനമന്ത്രി തെരേസ മേയ് പറഞ്ഞു.

ഇക്കാര്യത്തില്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത വരുത്തണമെന്ന് യൂറോപ്യന്‍ യൂണിയന്‍ ബ്രെക്‌സിറ്റ് നെഗോഷ്യേറ്റര്‍ മൈക്കിള്‍ ബാര്‍നിയര്‍ പറഞ്ഞു. ബ്രെക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം പെര്‍മനന്റ് റെസിഡന്റ് സ്റ്റാറ്റസിനു വേണ്ടി അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കേണ്ടി വരും. എന്നാല്‍ സിക്കനസ് ഇന്‍ഷുറന്‍സിന്റേതുള്‍പ്പെടെയുള്ള രേഖകള്‍ നല്‍കേണ്ടി വരില്ല.