ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
പണപ്പെരുപ്പവും ജീവിത ചിലവിലെ അനിയന്ത്രിതമായ വാർദ്ധനവും മൂലം രാജ്യമൊട്ടാകെയുള്ള ജീവനക്കാർ സമരമുഖത്തേയ്ക്ക് . നിലവിൽ നേഴ്സുമാർക്കും റെയിൽവേ ജീവനക്കാർക്കും പുറമേ യൂണിവേഴ്സിറ്റി ജീവനക്കാരും സമരം പ്രഖ്യാപിച്ചു കഴിഞ്ഞു. ശമ്പളം, പെൻഷൻ, തൊഴിൽ സാഹചര്യങ്ങൾ എന്നിവയിലുള്ള കാര്യമായ പരിഷ്കരണം ആവശ്യപ്പെട്ടുകൊണ്ട് യുകെയിൽ ഉടനീളം അധ്യാപകർ ഉൾപ്പെടെയുള്ള യൂണിവേഴ്സിറ്റി ജീവനക്കാർ ഈ മാസം പണിമുടക്കുമെന്ന് യൂണിവേഴ്സിറ്റി ആൻഡ് കോളേജ് യൂണിയൻ (യുസിസി ) ആണ് അറിയിച്ചിരിക്കുന്നത്.
അധ്യാപകരുടെയും മറ്റു സർവകലാശാല ജീവനക്കാരുടെയും മുൻകാല സമരങ്ങളെ വിദ്യാർത്ഥികൾ പിന്തുണച്ചിരുന്നു. നിലവിൽ പ്രഖ്യാപിച്ചിരിക്കുന്ന സമരങ്ങൾക്കും വിദ്യാർത്ഥി പിന്തുണയുണ്ടാവുകയാണെങ്കിൽ സമര ദിവസങ്ങളിൽ സർവ്വകലാശാലകളും കോളേജുകളും സമ്പൂർണ്ണമായി പ്രവർത്തനരഹിതമാകുന്ന അവസ്ഥയായിരിക്കും രാജ്യം അഭിമുഖീകരിക്കുന്നത്. രാജ്യത്തെ 150 സർവകലാശാലകളിൽ നവംബർ 24, 25, 30 തീയതികളിലാണ് പണിമുടക്കിന് ആഹ്വാനം ചെയ്യപ്പെട്ടിരിക്കുന്നത്. 70000 ജീവനക്കാർ പങ്കെടുക്കുമെന്നാണ് യു സി സി അവകാശപ്പെട്ടിരിക്കുന്നത്.
കഴിഞ്ഞ ശമ്പള വർദ്ധനവിൽ യൂണിവേഴ്സിറ്റി ജീവനക്കാർക്ക് ശമ്പളത്തിൽ മൂന്ന് ശതമാനം കൂടുതലാണ് ലഭിച്ചത് . ഏറ്റവും കുറഞ്ഞ ശമ്പള സ്കെയിൽ ഉള്ളവർക്ക് ഒൻപത് ശതമാനവും ലഭിച്ചു. എന്നാൽ വർദ്ധിച്ചുവരുന്ന പണപ്പെരുപ്പവും ജീവിത ചിലവുകളും പരിഗണിക്കുമ്പോൾ തങ്ങൾക്ക് കൂടുതൽ ശമ്പള വർദ്ധനവ് വേണമെന്ന നിലപാടിലാണ് അധ്യാപകർ ഉൾപ്പെടെയുള്ള സർവ്വകലാശാല ജീവനക്കാർ .
കേരളത്തിൽനിന്ന് ദിനംപ്രതി ഒട്ടേറെ വിദ്യാർഥികളാണ് ഉന്നത വിദ്യാഭ്യാസത്തിനായി യുകെയിൽ എത്തിച്ചേർന്നുകൊണ്ടിരിക്കുന്നത് . രാജ്യത്തെ സമരപരമ്പരകളുടെ വാർത്തകൾ കണ്ട് അന്ധാളിച്ചിരിക്കുകയാണ് മിക്ക മലയാളി വിദ്യാർത്ഥികളും . പട പേടിച്ച് പന്തളത്തു ചെന്നപ്പോൾ പന്തം കൊളുത്തി പട എന്നാണ് ഒരു മലയാളി വിദ്യാർഥി മലയാളം യുകെ ന്യൂസിനോട് പറഞ്ഞത്. അധ്യാപകരുൾപ്പെടെയുള്ള ജീവനക്കാരുടെ സമരം നീളുകയാണെങ്കിൽ സമയബന്ധിതമായി തീർക്കേണ്ട തങ്ങളുടെ പഠനത്തിന് തടസ്സം നേരിടുമോ എന്ന ആശങ്കയിലാണ് മലയാളി വിദ്യാർഥികൾ .
Leave a Reply