സ്വന്തം ലേഖകൻ

യു കെ :- ഗ്രെയ്റ്റർ മാഞ്ചസ്റ്ററിലെ ആൻകോർട്സിൽ നിന്നുള്ള സെയിൽസ് മാനേജർ ആയ 29 കാരൻ കൊറോണ രോഗബാധയുടെ തുടക്കത്തിൽ രോഗത്തെ പുച്ഛിച്ച് തള്ളുകയായിരുന്നു. തനിക്ക് രോഗം വരത്തില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ വെല്ലുവിളി. എന്നാൽ ഇപ്പോൾ ഇദ്ദേഹം രോഗം ബാധിച്ച്‌ ആശുപത്രികിടക്കയിൽ അത്യാസന്നനിലയിൽ ആണ്. ഓക്സിജൻ മാസ്ക് ഉപയോഗിച്ച് മാത്രമാണ് ക്രിസ് ഗെയ്‌ലി എന്ന ഈ ഇരുപത്തൊമ്പതുകാരൻ ഇപ്പോൾ ശ്വസിക്കുന്നത്. മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും തന്നെ ഇദ്ദേഹത്തിന് ഉണ്ടായിരുന്നില്ല. യുവാക്കൾക്ക് മുന്നറിയിപ്പു നൽകുന്ന ഒരു വീഡിയോയും അദ്ദേഹം പുറത്തിറക്കിയിരിക്കുകയാണ്. രോഗത്തിന്റെ അപകടഭീഷണികളെ സംബന്ധിച്ചും, എടുക്കേണ്ട മുൻകരുതലുകളെ സംബന്ധിച്ചുമാണ് വീഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മാഞ്ചസ്റ്റർ ഈവനിംഗ് ന്യൂസിന് നൽകിയ വീഡിയോയിൽ, തനിക്ക് രോഗം വരത്തില്ല എന്ന ആത്മവിശ്വാസം ആയിരുന്നു ഉണ്ടായിരുന്നത് എന്ന് അദ്ദേഹം പറഞ്ഞു. മാസ്കോ മറ്റു സുരക്ഷാ ഉപകരണങ്ങളോ ഒന്നുംതന്നെ ഉപയോഗിച്ചിരുന്നില്ല. തനിക്ക് രോഗം ബാധിച്ചപ്പോഴാണ് രോഗത്തിൻെറ ഗുരുതര അവസ്ഥകൾ മനസ്സിലായത് എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഇപ്പോൾ ഇന്റെൻസീവ് കെയർ യൂണിറ്റിൽ കഴിയുന്ന ഇദ്ദേഹം രക്ഷപ്പെടുമോ എന്ന ആശങ്ക ഡോക്ടർമാർക്ക് ഉണ്ട്.

കാനറി അയ് ലൻഡിൽ അവധി ആഘോഷിക്കാൻ പോയ സമയത്താണ് അദ്ദേഹത്തിന് രോഗലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്. ടെസ്റ്റിന് വിധേയമാക്കിയ ഇദ്ദേഹത്തിന് കൊറോണ സ്ഥിരീകരിക്കുകയായിരുന്നു. തനിക്ക് മറ്റ് രോഗാവസ്ഥകൾ ഒന്നും തന്നെ ഇല്ലാതിരിക്കെ, ഏറ്റവും മോശമായ അവസ്ഥയിലേക്ക് ആണ് തന്റെ ആരോഗ്യസ്ഥിതി പോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. യുവാക്കൾ എല്ലാവരും തന്നെ ജാഗ്രതപാലിക്കണമെന്ന നിർദ്ദേശം ആണ് ഈ വീഡിയോയിലൂടെ അദ്ദേഹം നൽകുന്നത്.