ബാബുരാജ് കളമ്പൂർ
കളമ്പൂരിന്റെ ഓണസ്മരണകൾക്ക് കവിതകളുടെ മധുരവും കഥകളുടെ ലഹരിയുമുണ്ട്. ഗ്രാമത്തെ ചുറ്റിയൊഴുകിയെത്തുന്ന പുഴയുടെ സംഗീതവും പുഴയിൽ കുളിച്ചു കയറിവരുന്ന കാറ്റിന്റെ സുഗന്ധവുമുണ്ട്.
എഴുപതുകളുടെ ശാന്തസുന്ദരമായ ഗ്രാമജീവിതത്തിന്റെ കറുപ്പു – വെള്ളക്കാഴ്ചകളിലേയ്ക്കു പടർന്നിറങ്ങുന്ന വർണ്ണവിസ്മയമായിരുന്നു ബാല്യത്തിൽ എന്റെ ഓണം. ലക്ഷോപലക്ഷം പൂവുകൾ ഒരുമിച്ചു വിടർത്തി ഗ്രാമഭൂമിയെ ഒന്നടങ്കം വലിയൊരു പൂക്കളമാക്കി മാറ്റുന്ന പ്രകൃതിയുടെ കരവിരുത് അത്ഭുതത്തോടെ കണ്ടുനിന്ന കാലം.
ആഘോഷങ്ങൾ അതിരുകൾക്കപ്പുറം നിന്ന കൗമാരത്തിന്റെ നിരാശകളിൽ ഞാനഭയം തേടിയത് അക്ഷരങ്ങളുടെ തുരുത്തിലും പ്രകൃതിയുടെ വിസ്മയങ്ങളിലുമായിരുന്നു. കാണെക്കാണെ രൂപം മാറുന്ന പ്രകൃതി. കർക്കിടകത്തിന്റെ കറുത്ത ആവരണങ്ങളഴിച്ചു മാറ്റി, ഏഴല്ലെഴുന്നൂറു വർണ്ണങ്ങൾ ചാർത്തി അണിഞ്ഞൊരുങ്ങുന്ന ചിങ്ങത്തിന്റെ സൗന്ദര്യം. പാടവരമ്പത്തും കുന്നിന്മുകളിലും പുഴയോരത്തും സ്വയംമറന്നുനിന്ന കാലം. കണ്ണുകൊണ്ടും മനസ്സുകൊണ്ടും ഓണമുണ്ട കാലം.
വാക്കുകൾ ഇതളിട്ടു വിടർന്ന് ആശയങ്ങളുടെ സുന്ദരവസന്തമായി മാറുന്ന അതിശയാനുഭൂതിതകൾ തിരിച്ചറിഞ്ഞത് ഈ കൗമാരകാലത്തായിരുന്നു. അക്കാലം മുതൽ ഇന്നുവരെ എന്റെ ഓണം അക്ഷരലോകത്തായിരുന്നു.
പി യും ജിയും വയലാറും വൈലോപ്പിള്ളിയുമൊക്കെ എനിക്ക് കവിതകളാൽ ഊഞ്ഞാലു കെട്ടിത്തരും.. എം.ടിയും തകഴിയും പൊറ്റക്കാടും വാക്കുകളാൽ പൂക്കളമിട്ടു തരും.. പിറവം പുഴയിൽ വഞ്ചിപ്പാട്ടിന്റെ ആരവമുയരുമ്പോൾ നതോന്നതയിൽ വാസവദത്തയുടെ കാവ്യം പാടി ആശാൻ മനസ്സിലെത്തും..
ഓണം എനിക്ക്, ആഘോഷങ്ങൾക്കപ്പുറം ചില തിരിച്ചറിവുകളായിരുന്നു പകർന്നുതന്നത്. ആഘോഷിക്കാൻ ഒന്നുമില്ലാത്തവന്റെ അപകർഷതാബോധമായിരിക്കാം ഇത്തരം വേറിട്ട ചിന്തകളുടെ തുരുത്തുകളിൽ അലഞ്ഞുതിരിയാൻ എന്നെ പ്രേരിപ്പിച്ചത്.
കാർഷിക സമൃദ്ധിയുടെ ആഘോഷങ്ങളിൽ കുടവയറനായ മഹാബലിയെ കുടിയിരുത്തിയതെന്തിന് എന്ന് ഞാൻ പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. എന്റെ വീക്ഷണത്തിൽ, നഷ്ടപ്പെട്ട പലതിന്റെയും വീണ്ടെടുപ്പാണ് ഓണം. അതിന്റെ ഐതീഹ്യം തന്നെ അങ്ങനെയാണല്ലോ. നന്മയുടെ പ്രതീകമായ ഒരു ഭരണാധികാരിയെ ചതിയിലൂടെ പുറത്താക്കിയ കഥ. ആ രാജാവിന്റെ താല്ക്കാലികമായ തിരിച്ചുവരവിന്റെ ആഘോഷങ്ങൾ.
മൂന്നടി മണ്ണു ചോദിച്ചു വന്ന് ആകാശംമുട്ടെ വളർന്ന് എല്ലാം കവർന്നെടുത്ത വാമനനെ ഇംഗ്ലീഷ് ഈസ്റ്റിൻഡ്യാ കമ്പനിയുടെ അധിനിവേശത്തോടുപമിക്കാനാണ് എനിക്കിഷ്ടം. മാവേലിനാടെന്ന സങ്കല്പം, ഒരിക്കലും നടക്കാതെപോയ ഒരു സോഷ്യലിസ്റ്റ് സ്വപ്നമായും ഞാൻ കാണുന്നു. നമുക്കു നഷ്ടമായ നാട്ടുനന്മകളെ തിരിച്ചെടുക്കാൻ നാം നടത്തുന്ന പ്രതീകാത്മകമായ ശ്രമമാണ് ഓണം എന്നു ഞാൻ വിശ്വസിക്കുന്നു. എന്നാൽ കാലവും ലോകവും അസുരവേഗത്തിൽ മാറിക്കൊണ്ടിരിക്കുകയാണ്. കൃഷിയും കാർഷിക സംസ്കൃതിയും അന്യംനിന്നുപോയ പുതിയ കാലത്ത്.. സ്വപ്നങ്ങൾ പോലും പണയത്തിലായ ഒരു തലമുറ പ്രതീക്ഷകളുടെ വ്യോമമേഖലകൾ താണ്ടി വിദൂരദേശങ്ങളിൽ അന്നവും അഭയവും തേടുന്ന വർത്തമാന കാലത്ത്.. ആഘോഷങ്ങൾ വെറും അഭിനയങ്ങൾ മാത്രമായിത്തീരുന്നു.
ജീവിതമെന്ന മഹായാത്രയിൽ നാം സഞ്ചരിക്കുന്ന പാതയ്ക്കിരുവശത്തും എത്രയെത്ര ദൃശ്യങ്ങൾ…! ചിലയിടത്ത്,കണ്ണീർ വീണു നിറഞ്ഞ ഉപ്പുതടാകങ്ങൾ.. കരിഞ്ഞുണങ്ങിയ വൃക്ഷങ്ങൾ.. അപ്രാപ്യമായ മലനിരകൾ.. മറ്റു ചിലയിടത്ത്,പൂത്തുലയുന്ന വസന്തവാടികൾ.. പ്രതീക്ഷയുടെ കുളിരരുവികൾ …വേദനകളുടെ വേനൽവഴികളിലൂടെ നടന്നു തളരുമ്പോൾ ഇത്തിരി തണലേറ്റിരിക്കാനും മനസ്സിന്റെ ആകുലതകളിൽ ആശ്വാസത്തിന്റെ ഔഷധം പുരട്ടാനുമുള്ള ശീതളച്ഛായകളാണ് ഇത്തരം ആഘോഷങ്ങൾ.. എല്ലാം മറന്ന് നാം നാമല്ലാതാവുന്ന ചില ദിവസങ്ങൾ. ഓണവും ഇങ്ങനെ നമ്മെ സാന്ത്വനിപ്പിക്കുന്ന മയിൽപ്പീലിത്തലോടലാണ്.
ഓടിത്തീർത്ത കാലത്തിന്റെ നടവരമ്പുകൾക്കിപ്പുറം തളർന്നിരിക്കുമ്പോൾ മുന്നോട്ടുള്ള യാത്രയ്ക്ക് ഈ സ്മരണകൾ മാത്രമാണു കൂട്ട്. കൊഴിഞ്ഞു പോയ ഓർമ്മകളുടെ ഇതളുകൾ പെറുക്കിയെടുത്ത് മനസ്സിൽ ഞാനുമൊരു പൂക്കളം തീർക്കുമ്പോൾ, പുറത്ത് പുതിയ തലമുറയുടെ ആഘോഷാരവങ്ങൾ ഉയരുന്നുണ്ട്. കാതടപ്പിക്കുന്ന ദ്രുതതാളങ്ങൾ ചുറ്റും മുഴങ്ങുന്നുണ്ട്.
വയൽ വരമ്പിലൂടെ പാറിവരുന്ന ചിങ്ങക്കാറ്റിനിപ്പോൾ പുഷ്പപരാഗങ്ങളുടെ സുഗന്ധമില്ല.. സിരകളിൽ അഗ്നിപടർത്തുന്ന മദ്യത്തിന്റെ ലഹരിപിടിപ്പിക്കുന്ന ഗന്ധമാണതിന്…പുഴയിപ്പോഴും ഒഴുകി നീങ്ങുന്നുണ്ട്. പെയ്യാതെ പോയ കാലവർഷക്കാറുകൾ മനസ്സിൽ നിറച്ച്, സ്വാർത്ഥ മനസ്സുകളുടെ മാലിന്യങ്ങളും പേറി.. പതിയെപ്പതിയെ.. ഇനി എത്രനാളൊഴുകും എന്നറിയാതെ. എങ്കിലും… പ്രതീക്ഷയുടെ ഓരോ തുളസിക്കതിരുകൾ ഈ ഓണക്കാലത്തും നമുക്ക് പരസ്പരം കൈമാറാം. ആർത്തിയും ആസക്തിയും വേതാളനൃത്തം ചവിട്ടുന്ന ഈ കലുഷകാലത്ത്, വരണ്ടുണങ്ങിയ മനസ്സിന്റെ മുറ്റത്ത് നന്മയുടെ നന്ത്യാവർട്ടങ്ങൾ നമുക്കും നട്ടുപിടിപ്പിക്കാം. അടുത്ത തലമുറകൾക്കു വേണ്ടി. അവരുടെ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി.
എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ..!
ബാബുരാജ് കളമ്പൂർ.
കവി, കഥാകാരൻ,വിവർത്തകൻ -മഹാഭാരതം, വാല്മീകി രാമായണം എന്നിവയുടെ പുനരാഖ്യാനവും തീമഴക്കാലം, വാരണാവതം, പശ്ചിമായനം എന്നീ നോവലുകളും ഉൾപ്പടെ അമ്പതിലേറെ പുസ്തകങ്ങളുടെ രചയിതാവ്. മലയാളം – തമിഴ് ഭാഷകളിൽ കഥകൾ എഴുതുന്നു. എറണാകുളം ജില്ലയിലെ പിറവത്തിനടുത്ത് കളമ്പൂർ സ്വദേശി .
Mob: 8075245980/E – Mail: [email protected]
Leave a Reply