റ്റിജി തോമസ്
നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിലെ സന്ദർശനം രണ്ട് ദിവസങ്ങളായാണ് പൂർത്തിയായത് . ആദ്യദിനത്തിലെ സന്ദർശനം പാതിവഴിയിൽ അവസാനിക്കാൻ ഒരു കാരണമുണ്ടായിരുന്നു. അത് ഒരു ഫോൺകോളായിരുന്നു.
യുകെ മലയാളികളുടെഇടയിൽ കേരളത്തിൽ നിന്നുള്ള നിത്യോപയോഗ സാധനങ്ങൾ എത്തിച്ചു കൊടുക്കുന്ന ജെ ജെ സ്പൈസസ് ആൻഡ് ഗ്രോസറീസ് എന്ന സ്ഥാപനത്തിന്റെ ഉടമയാണ് ജിജോ ജേക്കബ് .
ജിജോയ്ക്ക് അന്ന് യോർക്ക് ഷെയറിൽ ഹോം ഡെലിവറി ഉള്ള ദിവസമായിരുന്നു. എന്നാൽ ജിജോയുടെ ഡെലിവറി വാനിൽ അനുവദിച്ചതിൽ കൂടുതൽ ഭാരമുണ്ടെന്ന കാരണം ചൂണ്ടിക്കാട്ടി പോലീസ് തടഞ്ഞുവെച്ച വിവരവുമായിട്ടാണ് ജിജോയുടെ ഭാര്യ വിളിച്ചത്. 20 മിനിറ്റിനുള്ളിൽ സാധനങ്ങൾ വാഹനത്തിൽ നിന്ന് മാറ്റിയില്ലെങ്കിൽ പിഴയുടെ ഒപ്പം കൂടുതൽ നടപടികളിലേയ്ക്ക് പോകുമെന്നായിരുന്നു പോലീസിന്റെ നിലപാട്. ഈ സന്ദേശത്തെ തുടർന്ന് ഞങ്ങൾ അതിവേഗം കോൾ മൈനിങ് മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങി. അയച്ചു കിട്ടിയ ലൊക്കേഷനിലേയ്ക്ക് പരമാവധി വേഗത്തിൽ ഗൂഗിൾ മാപ്പിൻ്റെ സഹായത്തോടെ എത്തിച്ചേർന്നത് ഒരു കാടിൻറെ നടുവിലായിരുന്നു .
ഗൂഗിൾ മാപ്പ് ചതിച്ചതാണോ? സമയം അതിക്രമിച്ചു കൊണ്ടേയിരിക്കുന്നു. ഗൂഗിൾ മാപ്പ് ഒന്നുകൂടി പരിശോധിച്ചപ്പോഴാണ് തിരക്കിനിടയിൽ നടന്ന് യാത്ര ചെയ്യാനുള്ള ഓപ്ഷനാണ് സെറ്റ് ചെയ്തിരുന്നത് എന്ന് മനസ്സിലായത്. പിന്നെയും ഗൂഗിൾ തന്നെ ശരണം. വഴിയിലുള്ള സിഗ്നലുകൾ വഴി മുടക്കരുതെന്ന പ്രാർത്ഥനയോടെ ഞങ്ങൾ ലക്ഷ്യത്തിലേക്ക് കുതിച്ചു. അധികം വൈകാതെ തന്നെ ജിജോയുടെ അടുത്ത് എത്തിച്ചേർന്നു. ജിജോയുടെ വാഹനത്തിന് തൊട്ടടുത്തുതന്നെ പോലീസ് വാഹനവും പാർക്ക് ചെയ്തിരുന്നു. അധികം താമസിയാതെ തന്നെ യുക്മാ യോർക്ക്ഷെയർ ആന്റ് ഹംബർ റീജൻ വൈസ് പ്രസിഡൻറ് സിബി മാത്യുവും അവിടെ എത്തിച്ചേർന്നു.
ഞങ്ങളുടെ രണ്ടു കൂട്ടരുടെയും വാഹനത്തിലേയ്ക്ക് സാധനങ്ങൾ മാറ്റിവച്ചത് കൊണ്ട് തുടർ നടപടികളിൽ നിന്ന് പോലീസ് പിന്മാറി .
പിഴ ഒഴിവാക്കുന്നതിന് ഒന്ന് അഭ്യർത്ഥിച്ചു നോക്കിയാലോ എന്ന് എൻറെ കേരള ബുദ്ധിയിൽ തോന്നി. പക്ഷേ നിയമം നടപ്പാക്കുന്നതിൽ തങ്ങളുടെ ഭാഗത്തുനിന്ന് യാതൊരു വിട്ടുവീഴ്ചയ്ക്കും തയ്യാറല്ലെന്ന് വളരെ സൗമ്യമായാണ് പോലീസ് വ്യക്തമാക്കിയത്. 300 പൗണ്ട് ഞാൻ ഇന്ത്യൻ രൂപയിലേക്ക് മാറ്റിയപ്പോൾ ഒന്ന് ഞെട്ടി. മുപ്പതിനായിരം രൂപയോളം . ഒരുപക്ഷേ ജിജോയുടെ ഒന്നിലേറെ ദിവസങ്ങളിലെ കഷ്ടപ്പാട് ആവിയായി പോകുന്ന അവസ്ഥ.
അന്ന് തന്റെ സ്ഥിരം കസ്റ്റമേഴ്സിന് സാധനങ്ങൾ കൊടുത്തശേഷം ജോജിയുടെ വാഹനത്തിലേയ്ക്ക് മാറ്റിയ സാധനങ്ങൾ എടുക്കാൻ ജിജോ എത്തിച്ചേർന്നു. നന്ദി സൂചകമായി 10 കിലോയുടെ ഒരു ചാക്ക് അരി സമ്മാനമായി തരാൻ ജിജോ ശ്രമിച്ചെങ്കിലും ജോജി അത് നിരസിച്ചു . ഒന്നിലേറെ തവണ ചെയ്തു തന്ന ഉപകാരത്തിന് നന്ദി പറയുമ്പോൾ എന്റെ മനസ്സിൽ പ്രവാസ ലോകത്ത് ജീവിതം കരിപിടിപ്പിക്കാൻ കഷ്ടപ്പെടുന്ന ഒട്ടേറെ ചെറുപ്പക്കാരുടെ മുഖമാണ് തെളിഞ്ഞുവന്നത്. അതോടൊപ്പം ഒരു ആവശ്യസമയത്ത് കൈത്താങ്ങാകാൻ ഓടിയെത്താനായി മലയാളി കാണിക്കുന്ന കൂട്ടായ്മയും മനസ്സിന് കുളിർമ നൽകുന്നതായിരുന്നു .
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
ഓരോ ലക്കവും കൂടുതൽ മെച്ചപ്പെട്ടു വരുന്നു. യുകെയിൽ താമസിക്കുന്നയാളെന്ന നിലയിൽ പല സംഭവങ്ങളും എൻ്റെ ജീവിതവുമായി സാദൃശ്യം തോന്നുന്നതുകൊണ്ടാവാം ഓരോ ലക്കവും ആകാംഷയോടെ കാത്തിരിക്കുന്നു. അഭിനന്ദനങ്ങൾ മാത്രം നേരുന്നു.