ന്യൂസ് ഡെസ്ക് മലയാളം യുകെ
ലണ്ടനിൽ ശക്തമായി പാലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ. തുടർച്ചയായ രണ്ടാം വാരാന്ത്യത്തിലും ലണ്ടനിൽ നടന്ന പലസ്തീൻ അനുകൂല പ്രതിഷേധത്തിൽ പങ്കെടുത്തത് ആയിരക്കണക്കിന് ജനങ്ങൾ. കഴിഞ്ഞ ദിവസം ഡൗണിംഗ് സ്ട്രീറ്റിന് സമീപം നടന്ന മാർച്ചിൽ ഏകദേശം 100,000 പേർ വരെ പങ്കെടുത്തതായി മെറ്റ് പോലീസ് പറയുന്നു. ബർമിംഗ്ഹാം, ബെൽഫാസ്റ്റ്, കാർഡിഫ്, സാൽഫോർഡ് എന്നിവിടങ്ങളിലും പാലസ്തീനെ അനുകൂലിച്ചുകൊണ്ടുള്ള ചെറിയ പ്രകടനങ്ങൾ നടന്നു.
ഇസ്രായേലിൽ 1,400 പേരുടെ മരണത്തിനിടയാക്കിയ ഹമാസ് ആക്രമണത്തിന് പിന്നാലെ ഇസ്രായേൽ ഉപരോധം ഏർപ്പെടുത്തിയിരുന്നു. ഇതിന് ശേഷം ആദ്യമായാണ് ഗാസയിൽ സഹായം ലഭിക്കുന്നത്. ഇസ്രായേൽ ബോംബാക്രമണത്തിൽ ഇതുവരെ 4,000-ത്തിലധികം ആളുകൾ കൊല്ലപ്പെട്ടതായി പാലസ്തീൻ അധികൃതർ പറഞ്ഞു. പാലസ്തീനുമായി ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട് ലണ്ടനിൽ നടന്ന പരിപാടിയിൽ 1000-ത്തിലധികം ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ഉണ്ടായിരുന്നതായി മെറ്റ് പോലീസ് അറിയിച്ചു.
ലണ്ടനിൽ നടന്ന പ്രതിഷേധത്തിൽ പൊതു ക്രമസമാധാനം തകർക്കുക, എമർജൻസി സർവീസ് പ്രവർത്തകനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങൾക്ക് 10 പേരെ അറസ്റ്റ് ചെയ്തതായി പോലീസ് സേന അറിയിച്ചു. കാർഡിഫിൽ, പാലസ്തീൻ പതാകകളും പിന്തുണാ പ്ലക്കാർഡുകളുമായി ആയിരത്തോളം പ്രതിഷേധക്കാർ വെൽഷ് പാർലമെന്റിലേക്ക് മാർച്ച് നടത്തിയിരുന്നു. ഗാസയിൽ ഉടനടി വെടിനിർത്തൽ പ്രഖ്യാപിക്കാനും ഗാസയ്ക്ക് സഹായം നൽകാനും ബ്രിട്ടീഷ്, വെൽഷ് സർക്കാരുകളോട് ആവശ്യപ്പെട്ടുകൊണ്ടായിരുന്നു ഈ പ്രകടനം
Leave a Reply