സ്വന്തം ലേഖകൻ

ലണ്ടൻ : വ്യക്തമായ കാലാവസ്ഥ നിരീക്ഷണങ്ങൾ ലഭിക്കുക എന്നത് എക്കാലത്തെയും ഒരു വെല്ലുവിളിയാണ്. മെറ്റ് ഓഫീസിന്റെ 140 വർഷത്തെ ചരിത്രത്തിൽ ഒരു സൂപ്പർ കമ്പ്യൂട്ടർ കൂടി നിർമിക്കുന്നു. യുകെ സർക്കാർ ഇതിനായി 1.2 ബില്യൺ പൗണ്ട് നൽകാൻ തീരുമാനമായി . ലോകത്തെ ഏറ്റവും നൂതന കാലാവസ്ഥാ കമ്പ്യൂട്ടർ വികസിപ്പിക്കുന്നത് കൃത്യമായ കാലാവസ്ഥ നിരീക്ഷണം നടത്താൻ വേണ്ടിയാണ്. ശരാശരി 200 ബില്യൺ നിരീക്ഷണങ്ങളാണ് മെറ്റ് ഓഫീസ് ഇപ്പോൾ നടത്തുന്നത്. ഇനി ഇത് വർധിച്ചേക്കും. വിമാനത്താവളത്തിലെയും ഓരോ ഗ്രാമത്തിലെയും കാലാവസ്ഥ പ്രവചനങ്ങൾ കൂടുതൽ കൃത്യതപ്പെടുത്താൻ ഈ സൂപ്പർ കമ്പ്യൂട്ടറിലൂടെ സാധിക്കും. കൊടുങ്കാറ്റ് പ്രവചനം കൃത്യമാക്കാനും വെള്ളപ്പൊക്ക പ്രതിരോധത്തിന് ഏറ്റവും അനുയോജ്യമായ സ്ഥലങ്ങൾ തിരഞ്ഞെടുക്കാനും ആഗോള കാലാവസ്ഥയിലെ മാറ്റങ്ങൾ പ്രവചിക്കാനും ഈ സൂപ്പർ കമ്പ്യൂട്ടർ ഉപയോഗിക്കും. നിലവിലുള്ള സൂപ്പർ കമ്പ്യൂട്ടറിനെക്കാളും ആറ് ഇരട്ടി പ്രവർത്തനശേഷിയുള്ള സൂപ്പർ കമ്പ്യൂട്ടർ ആണ് ഒരുങ്ങുന്നത്.

മെറ്റ് ഓഫീസിലെ നിലവിലെ സൂപ്പർ കമ്പ്യൂട്ടർ 2022 അവസാനത്തോടെ പ്രവർത്തനരഹിതമാകും. ഇത് ലോകത്തിലെ ഏറ്റവും ശക്തമായ 50 കമ്പ്യൂട്ടറുകളിൽ ഒന്നാണ്. മെറ്റ് ഓഫീസിലെ ചീഫ് എക്സിക്യൂട്ടീവ് പ്രൊഫ. പെന്നി എൻ‌ഡേഴ്സ്ബി പറഞ്ഞു ; ഞങ്ങൾ മറ്റെല്ലവരേക്കാളും മുൻപിലാകും. എല്ലാ വ്യക്തികൾക്കും സർക്കാരിനും സമൂഹത്തിനും ഇതൊരു മാറ്റം ഉണ്ടാക്കും. ജനങ്ങൾ ഇതിന് സാക്ഷികൾ ആവാൻ പോകുന്നു.” ഈ ഭീമന്റെ വരവോടെ ഒരു നല്ല മാറ്റം ഉണ്ടാകുമെന്ന് മെറ്റ് ഓഫീസ് അടിയുറച്ചു വിശ്വസിക്കുന്നു. ആഗോളതാപനം മൂലം കാലാവസ്ഥയിൽ വൻ വ്യതിയാനം സംഭവിക്കുന്നതിനാൽ ഇത് വളരെ പ്രധാനമായ ഒരു നടപടിയാണെന്ന് മെറ്റ് ഓഫീസ് പറയുന്നു.

 

സൂപ്പർ കമ്പ്യൂട്ടറിന് തന്നെ 854 മില്യൺ പൗണ്ട് ചിലവ് പ്രതീക്ഷിക്കുന്നു, ബാക്കി ഫണ്ടുകൾ 2022 മുതൽ 2032 വരെയുള്ള 10 വർഷത്തെ കാലയളവിൽ മെറ്റ് ഓഫീസിലെ നിരീക്ഷണ ശൃംഖലയിലും പ്രോഗ്രാം ഓഫീസുകളിലും പ്രവർത്തനങ്ങൾക്കായി ഉപയോഗിക്കും. “കഴിഞ്ഞ 30 വർഷത്തിനിടയിൽ, പുതിയ സാങ്കേതികവിദ്യകൾ കൂടുതൽ കൃത്യമായ കാലാവസ്ഥാ പ്രവചനത്തെ സഹായിക്കുന്നു. തുടർന്ന് ഇത് കൂടുതൽ മെച്ചപ്പെട്ടെക്കാം. കൊടുങ്കാറ്റുകൾ അഞ്ച് ദിവസം വരെ മുൻ‌കൂട്ടി പ്രവചിക്കപ്പെടും” ബിസിനസ്, ഊർജ്ജ സെക്രട്ടറിയും കോപ്പ് 26 പ്രസിഡന്റുമായ അലോക് ശർമ പറഞ്ഞു.